ADVERTISEMENT

കൊരട്ടി ∙  ‍ ചിറങ്ങരയിലെ റെയിൽവേ മേൽപാല നിർമാണത്തിന്റെ പൂർത്തീകരണം വൈകും. കാരണം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി. കരാറുകാർക്കു നൽകാനുള്ള തുക നൽകാത്തതിനെത്തുടർന്ന് നിർമാണം ഇഴയുകയാണ്. റെയിൽ പാളത്തിനു മുകളിലുള്ള ഭാഗം കോൺക്രീറ്റിങ്ങിനായി തയാറാക്കിയെങ്കിലും തുക ലഭിക്കാത്തതിനാൽ നീണ്ടുപോകുകയാണ്. നവകേരള സദസ്സിൽ പ്രസംഗിച്ച മന്ത്രി മുഹമ്മദ് റിയാസ് പുതുവത്സര സമ്മാനമായി ചിറങ്ങര മേൽപാലം നാടിനു സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. പുതുവത്സരം കടന്നുപോയിട്ടും റെയിൽപാളത്തിനു മുകളിലുള്ള ഭാഗത്ത് കോൺക്രീറ്റിങ് പോലും നടത്താനായിട്ടില്ല.  

മാർച്ചിൽ റെയിൽപാളത്തിനു മുകളിലുള്ള ഭാഗത്ത് ഗർഡറുകൾ സ്ഥാപിച്ചിരുന്നു.  ഇതിനായി  പവർ ബ്ലോക്കും ട്രെയിനുകൾക്ക് വേഗനിയന്ത്രണവും നടത്തിയിരുന്നു. കൂറ്റൻ ക്രെയിനുകൾ എത്തിച്ചാണ് ഗർഡറുകൾ തൂണുകളിൽ ഉറപ്പിച്ചത്. ഇവ പരസ്പരം വെൽഡ് ചെയ്തുറപ്പിക്കുകയും ചെയ്തു. ഇതോടെ ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പാലം നിർമാണം അവസാനഘട്ടത്തിലേക്കു നീങ്ങുന്നതിന്റെ ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ.  നേരത്തെ ട്രാക്കുകളുടെ മുകളിലുള്ള നിർമാണത്തിനു കാലതാമസമുണ്ടായത് പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. റെയിൽവേ നേരിട്ടാണ് ഈ ജോലികൾ നടപ്പാക്കുന്നത്. റെക്കോർഡ് വേഗതയിലാണ് മേൽപാല നിർമാണം നടന്നതെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങൾ നിമിത്തം കാലതാമസമുണ്ടായി.  

പൂർത്തിയാക്കിയ ജോലികളുടെ തുക ലഭിക്കാത്തതു നിർമാണത്തെ ബാധിക്കുന്നതിനാൽ സംസ്ഥാന സർക്കാർ ഇതിനായി അടിയന്തരമായി തുക ലഭ്യമാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ നടത്തിയാൽ മാത്രമേ ഓണത്തിനു മുൻപെങ്കിലും നിർമാണം പൂർത്തീകരിക്കാനാകൂ. ട്രാക്കിനു മുകളിലുള്ള ഭാഗവും ഇരുവശത്തെയും അപ്രോച്ച് റോഡും തമ്മിൽ യോജിപ്പിക്കുന്ന ഭാഗവും സജ്ജമാക്കണം. അതിനും കൂറ്റൻ ക്രെയിനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വേണം. 

ഈ മേൽപാലത്തോടൊപ്പം നിർമാണമാരംഭിച്ച ഗുരുവായൂർ പാലത്തിന്റെ നിർമാണം അടുത്തിടെ പൂർത്തീകരിച്ചിരുന്നു. പൂർത്തീകരണം വൈകുന്നതു കാരണം പ്രദേശവാസികൾ 5 കിലോമീറ്ററോളം ചുറ്റിവളഞ്ഞാണ് റെയിൽവേ ഗേറ്റിനപ്പുറം എത്തുന്നത്.  298 മീറ്റർ നീളത്തിൽ 2 വരി റോഡും നടപ്പാതയും അഴുക്കുചാലോടു കൂടിയ സർവീസ് റോഡും ഒരുക്കുകയും വേണം. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 22.61 കോടി രൂപയിലാണ് പാലം നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com