ADVERTISEMENT

തൃശൂർ ∙ അര നൂറ്റാണ്ടോളം തൃശൂരിന്റെ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്ന കോൺഗ്രസ് നേതാവായിരുന്നു ഇന്നലെ അന്തരിച്ച ജോസ് കാട്ടൂക്കാരൻ. നേതൃ മികവിലൂടെയും തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം പാർട്ടിയിലും തൃശൂരിലും സ്വയം അടയാളപ്പെടുത്തി. കാട്ടൂക്കാരൻ അന്തോണിയുടെയും റോസയുടെയും മകനായ ജോസ്, ലീഡർ കെ.കരുണാകരനൊപ്പം പ്രവർത്തിച്ച നേതാവായിരുന്നു.  ഐഎൻടിയുസിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷോപ്പ് എംപ്ലോയീസ് കോൺഗ്രസ് നേതാവായിരുന്ന കാട്ടൂക്കാരൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറിയായിരുന്നു. മുഴുവൻ സമയം സംഘടനാ പ്രവർത്തകനായുന്ന ജോസ്, ‌ കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗമായും ആർടിഎ അംഗമായും പ്രവർത്തിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കോൺഗ്രസ് തൃശൂർ ബ്ലോക്ക് പ്രസിഡന്റ് (1965), ജില്ലാ ആശുപത്രി ഉപദേശകസമിതി അംഗം, തൃശൂർ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2000–ൽ തൃശൂർ കോർപറേഷൻ രൂപീകരിച്ചപ്പോൾ പ്രഥമ മേയറായി കോൺഗ്രസ് നേതൃത്വം നിയോഗിച്ചത് ഇദ്ദേഹത്തെയായിരുന്നു. ദീർഘകാലം (1968–2000) ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു. ഇന്നലെ അരണാട്ടുകര വലിയങ്ങാടിയിലെ വസതിയിൽ നടന്ന പൊതുദർശനത്തിൽ ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്നു പാർട്ടി പതാക പുതപ്പിച്ചു.

∙ പൊതുദർശനം ഇന്നും
ജോസ് കാട്ടൂക്കാരന്റെ ഭൗതികശരീരം ഇന്നു രാവിലെ 9 മുതൽ 10.30 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു കോർപറേഷൻ അങ്കണത്തിലും പൊതുദർശനമുണ്ട്. മേയർ എം.കെ.വർഗീസും കൗൺസിലർമാരും അന്ത്യോപചാരമർപ്പിക്കും. തുടർന്നു അരണാട്ടുകര വലിയങ്ങാടിയിലെ വസതിയിലും പൊതുദർശനമുണ്ടാകും. വൈകിട്ടു 4ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

അനുശോചിച്ചു 
നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ഇന്നു വൈകിട്ട് 5ന് കോർപറേഷൻ ഓഫിസിനു മുന്നിൽ സർവകക്ഷി അനുശോചന യോഗം ചേരുമെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. പ്രഥമ മേയറുടെ നിര്യാണത്തിൽ കോർപറേഷൻ കൗൺസിലിനു വേണ്ടി മേയർ എം.കെ.വർഗീസും അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com