ADVERTISEMENT

മീനങ്ങാടി ∙ വർഷങ്ങളായി ഉപയോഗപ്രദമാവാതെ അട്ടക്കെ‍ാല്ലി ചിറ. ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും കാടുകയറി ആർക്കും ഉപയോഗപ്രദമാവാതെ കിടക്കുകയാണ് ചിറ. മീനങ്ങാടി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് അട്ടക്കൊല്ലി ചിറ എന്ന വലിയ കുളമുള്ളത്. നിലവിലുള്ള ഭരണസമിതി ഒഴികെ മുൻപുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതികൾ ഈ ചിറയുടെ വികസനത്തിനായി കുറെ തുക ചെലവഴിച്ചു. എന്നാൽ അതിനനുസരിച്ചുള്ള മാറ്റം ഒരിക്കൽ പോലും കുളത്തിലും ചേർന്നുള്ള പാർക്കിലും ഉണ്ടായില്ല.

കുളത്തോടനുബന്ധിച്ച് ജൈവവൈവിധ്യ പാർക്ക് ആയിരുന്നു ഇവിടെ ഏറ്റവും ആകർഷണമായിരുന്നത്. 7 വർഷം മുൻപു കുളത്തിന് ചുറ്റും സംരക്ഷണവേലി, നടപ്പാത എന്നിവയൊക്കെ നിർമിച്ചു. ലക്ഷങ്ങൾ ചെലവഴിച്ച പ്രവൃത്തി നടക്കുന്നതിനിടയിൽ നടപ്പാതയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. ഇതോടെയാണ് പ്രവൃത്തികളെല്ലാം നിർത്തിവച്ചത്.

ചിറയിലെ എക്കൽ മണ്ണ് പൂർണമായും നീക്കം ചെയ്താൽ‌ മാത്രമേ നവീകരണം ഫലപ്രദമാകുവെന്നാണ് വിലയിരുത്തൽ.  ഇതിനു വലിയ തുക ചെലവഴിക്കേണ്ടി വരും. പഞ്ചായത്തിന്റെ ഫണ്ട് ഇതിന് തികയാത്തതിനാൽ മറ്റു വലിയ ഫണ്ടുകൾ ലഭിച്ചാൽ മാത്രമേ ചിറയും പാർക്കും ഇനി നവീകരിച്ച് ഉപയോഗപ്രദമാക്കാൻ സാധിക്കുകയുള്ളു.

സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക കൗണ്ടർ പോലും ഇവിടെ നിർമിച്ചിരുന്നു. കൗണ്ടറും ഗേറ്റും വെറുതേ കിടന്നു നശിക്കുന്ന അവസ്ഥയിലാണ്.മീനങ്ങാടി ബസ് സ്റ്റാൻഡിൽ എത്തുന്നവർക്ക് സമയം ചെലവഴിക്കാൻ പറ്റിയയിടമായിരുന്നു അട്ടക്കൊല്ലി ചിറയും പരിസരവും. അതാണ് ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നത്. അര നൂറ്റാണ്ടു മുൻപു മീനങ്ങാടി ടൗണിലെ പ്രധാന കുടിവെള്ള സ്രോതസ്സായിരുന്നു അട്ടക്കൊല്ലി ചിറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com