ADVERTISEMENT

പുൽപള്ളി ∙ അതിർത്തി ഗ്രാമങ്ങളിൽ വരൾച്ച മൂലമുണ്ടായ കൃഷിനാശത്തിനു കർഷകർക്കു നഷ്ടപരിഹാരം നൽകാൻ നടപടി വൈകുന്നു. ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി, രാജ്യസഭാ എംപി, എംഎൽഎമാർ, മത്സരരംഗത്തുള്ള സ്ഥാനാർഥികൾ, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ എന്നിവരെല്ലാം തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കൃഷിമേഖലയിലെ തകർച്ച കാണാൻ സമയം കണ്ടെത്തിയിരുന്നു. വയനാടിനെ വരൾച്ച ബാധിത മേഖലയായി പ്രഖ്യാപിക്കുമെന്നും മന്ത്രിസഭാ ഉപസമിതി സ്ഥലത്തെത്തുമെന്നും വേഗത്തിൽ നഷ്ടപരിഹാരം നൽകുമെന്നും ഉറപ്പുനൽകിയെങ്കിലും നടപടിയുണ്ടായില്ല.

മുള്ളൻകൊല്ലി പ‍ഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളിലാണു വരൾച്ച വൻനാശം വിതച്ചത്. കുരുമുളക്, കാപ്പി, വാഴ, കമുക് തുടങ്ങിയവയും മരങ്ങളും ഉണങ്ങി നശിച്ചു. അതിർത്തി പ്രദേശങ്ങളിൽ മഴ പെയ്തതോടെ വരൾച്ച ദുരിതാശ്വാസം അധികൃതർ മറന്ന മട്ടാണെന്ന് കർഷകർ പറയുന്നു. വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാത്തതിനാൽ നഷ്ടപരിഹാരത്തിന് അപേക്ഷ സ്വീകരിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വേനലിലെ കൃഷിനാശം പരിശോധിക്കാൻ മഴക്കാലം വരെ കാത്തുനിന്നാൽ ഒന്നും ലഭിക്കില്ലെന്നും കർഷകർ പറയുന്നു.

വിദഗ്ധസംഘം പരിശോധിക്കും
മുള്ളൻകൊല്ലി ∙ കൃഷിനാശം പരിശോധിച്ച് നഷ്ടം വിലയിരുത്താനുള്ള സംഘം അടുത്ത ദിവസം ജില്ലയിലെത്തും. കൃഷി ഉദ്യോഗസ്ഥർക്കു പുറമേ കാർഷിക സർവകലാശാലയിൽ നിന്നുള്ള വിദഗ്ധരും സംഘത്തിലുണ്ടാകും. കൂടുതൽ കൃഷിനാശമുണ്ടായ സ്ഥലങ്ങളിലെ പ്രാഥമിക നഷ്ടം വിലയിരുത്തും. ചെടികൾ കരിഞ്ഞുണങ്ങിയതിനു പുറമേ വിളവിലും ഗുണമേന്മയിലും സംഭവിച്ച നഷ്ടവും വിലയിരുത്തും. വരൾച്ച രൂക്ഷമായ സമയത്ത് കൃഷിവകുപ്പ് ശേഖരിച്ച റിപ്പോർട്ടുകളും പരിശോധിക്കും. ജില്ലയിൽ മുള്ളൻകൊല്ലിയിലാണ് ഏറ്റവും കൂടുതൽ കാർഷിക നഷ്ടമുണ്ടായത്. കർഷകർക്ക് നഷ്ടം നൽകണമെന്നും വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും കൃഷി വകുപ്പ് നേരത്തെ ശുപാർശ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com