ADVERTISEMENT

കർഷകരുടെ കൃഷിവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം അവരിൽനിന്ന് പലപ്പോഴും രസകരമായ പല കഥകളും വാർത്തകളും സൗഹൃദ സംഭാഷണത്തിനിടെ അറിയാറുണ്ട്. കൃഷിയിടത്തിൽ നേരിട്ട് പോയി കർഷകരെ കണ്ടാണ് ഓരോ റിപ്പോർട്ടും തയാറാക്കുന്നതുകൊണ്ടുതന്നെയാണ് സംസാരത്തിനിടെ കർഷകർ തങ്ങളുടെ കഥകൾ ഞങ്ങളോടു പങ്കുവയ്ക്കാറുള്ളത്. അത്തരത്തിൽ അടുത്തിടെ ഒരു കൃഷിയിടം സന്ദർശിച്ചതിനൊപ്പം അറിഞ്ഞ, ആ തോട്ടത്തിന്റെ ഉടമയ്ക്ക് തൊഴിലാളികളിൽനിന്നുണ്ടായ ഒരു അനുഭവം ഇവിടെ എഴുതണമെന്നു തോന്നി.

കോട്ടയം ജില്ലയിലെ ഒരു വിദേശപ്പഴത്തോട്ടത്തിലേക്കായിരുന്നു കഴിഞ്ഞ ദിവസം പോയത്. ആളെക്കുറിച്ച് പറയേണ്ട എന്നു കർഷകൻ പറഞ്ഞതിനാൽ സംഭവം മാത്രം സൂചിപ്പിക്കാം. ഫലവൃക്ഷങ്ങളുടെ വൻ ശേഖരത്തിനൊപ്പം അൽപം നായക്കമ്പവുമുള്ള ആളായിരുന്നു ഈ കർഷകൻ. അതുകൊണ്ടുതന്നെ ഡോഗോ അർജന്റീനോ, ഫില ബ്രസീലീറോ പോലുള്ള മുന്തിയ വിദേശയിനം നായ്ക്കളുടെ വലിയൊരു ശേഖരവും അദ്ദേഹത്തിനുണ്ടായിരുന്നു. ഏതാനും നാളുകൾക്കു മുൻപ് അദ്ദേഹത്തിന്റെ നായ്ക്കളിൽ ചിലത് പെട്ടെന്ന് ചാകുന്നു. തലേദിവസം വരെ ഒരു കുഴപ്പവും ഇല്ലാതെ ഓടിച്ചാടി നടന്നിരുന്ന നായയൊക്കെ പിറ്റേന്ന് കൂട്ടിൽ ചത്തു കിടക്കുന്നു. രണ്ടാഴ്ചയ്ക്കിടെ നാലു നായ്ക്കൾ സമാന രീതിയിൽ നഷ്ടപ്പെട്ടതോടെയാണ് സംഭവം അത്ര പന്തിയല്ലെന്ന് കർഷകനു തോന്നിയത്.

നായ്ക്കളെ പരിപാലിക്കുന്ന പയ്യനെത്തന്നെയായിരുന്നു ആദ്യം സംശയിച്ചത്. അതുകൊണ്ടുതന്നെ ആരോടും പറയാതെ പട്ടികളെ പാർപ്പിച്ചിരുന്നിടത്ത് കാമറ വച്ചു കാത്തിരുന്നു. ഒരുപാട് ദിവസമൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഒരു ദിവസം പുലർച്ചെ അഞ്ചു മണിയോടെ നായ്ക്കളെ പരിപാലിക്കുന്നവൻ കെന്നലിലെത്തി ഒരു നായുടെ കഴുത്തിൽ കയറിട്ടു. എന്നും നോക്കുന്ന ആളായതുകൊണ്ടുതന്നെ നായ എതിർപ്പൊന്നും കാണിച്ചില്ല. അപ്പോഴാണ് പുറത്തുനിന്ന് മറ്റൊരുത്തൻ അവിടേക്ക് വന്നത്. രണ്ടു പേരുംകൂടി നായയെ വലിച്ച് ശ്വാസംമുട്ടിച്ചു കൊന്നു. കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഫാമിന്റെ ഉടമ പറഞ്ഞു. എതായാലും അവർ എന്തിനാണ് ഇത് ചെയ്തതെന്ന് അറിയാൻ തോന്നി. കാരണം, അദ്ദേഹത്തിന്റെ തോട്ടത്തിലുള്ള ആൾ മാത്രമല്ല ഇതിൽ പങ്കാളിയായിരിക്കുന്നത്. അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ തരമില്ലല്ലോ.

7 മണി ആയപ്പോഴേക്കും കെന്നലിലെ ചാർജുള്ള പയ്യൻ വന്ന് നായ ചത്തുപോയകാര്യം ഉടമയുടെ അടുക്കൽ റിപ്പോർട്ട് ചെയ്തു. രാവിലെ 7നാണ് ഇവരുടെ ജോലി ആരംഭിക്കുക. അതുകൊണ്ടുതന്നെ നായ്ക്കളുടെ അടുത്തെത്തിയപ്പോൾ ചത്തു കിടക്കുന്നതാണ് കണ്ടതെന്നായിരുന്നു അവൻ പറഞ്ഞത്. മുൻപ് പറയാറുള്ളതുപോലെ കുഴിച്ചിട്ടേക്കാൻ അദ്ദേഹം നിർദേശിക്കുകയും ചെയ്തു..

ഇനിയാണ് ട്വിസ്റ്റ്

കൃഷിയിടത്തിന്റെ അതിർത്തിയോടു ചേർന്ന് ഒരു കുഴിയൊക്കെ എടുത്തിട്ടുണ്ടായിരുന്നു. അവിടേക്ക് നായയെ അവനും മറ്റൊരു പയ്യനുംകൂടി ചേർന്ന് എടുത്തുകൊണ്ടു പോയി. കുഴിയുടെ അടുത്തെത്തിയപ്പോൾ ഒരു സ്കൂട്ടർ പെട്ടെന്ന് വരികയും നായയെ അതിലേക്കു വച്ച് പാഞ്ഞുപോവുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹത്തിന് കാര്യങ്ങളെക്കുറിച്ച് ഏകദേശം ധാരണ ലഭിച്ചത്.

ആ പ്രദേശത്ത് ജോലിക്കായി എത്തിയവരിൽ നാഗാലാൻഡ് സ്വദേശികളുമുണ്ട്. അവർക്ക് വിൽക്കുന്നതിനുവേണ്ടിയായിരുന്നു ഈ നീക്കം. പട്ടിയിറച്ചിക്ക് അവരുടെ ഇടയിൽ കിലോയ്ക്ക് 500 രൂപ വിലയുണ്ട്. 

‘ജർമനിയിൽനിന്ന് കൊണ്ടുവന്ന എന്റെ രണ്ടു ലക്ഷം രൂപ വിലയുള്ള ഡോഗോ അർജന്റീനോയെയാണ് അവന്മാർ അന്ന് കൊണ്ടുപോയത്...’ അത് പറയുമ്പോൾ അരുമയെ നഷ്ടപ്പെട്ട വേദന അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

കാര്യങ്ങൾ മനസിലായതോടെ നായയെ നോക്കിയിരുന്ന പയ്യനെ പറഞ്ഞുവിട്ടു. ഒപ്പം വലിയ നായ്ക്കളെയെല്ലാം ഒഴിവാക്കുകയും ചെയ്തു. ഇപ്പോൾ കൈവശമുള്ളത് ജാക്ക് റസൽ ടെറിയർ പോലുള്ള ഏതാനും നായ്ക്കൾ മാത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com