ADVERTISEMENT

മുറ്റത്തേക്ക് ഇറങ്ങി 

നിൽക്കുന്നു പാടെ കെട്ടിവെച്ച 

ഒതുക്കു കല്ലിന്റെ

നേർത്ത മിണ്ടിപ്പറച്ചിലുകൾ,
 

ഒരിക്കൽ ചേർന്ന്  

നിന്നതിന്റെ പാടുകൾ

മേൽപ്പാളിയിലാകെ മഴ

വിരൽ കൈയ്യാൽ പരസ്പരം

തൊട്ടതിന്റെ ആഴ്ന്നടയാളം,
 

ഒതുക്കു കല്ലുകളുടെ സംഗീതം

പണ്ടെങ്ങോ അച്ഛൻ 

വാങ്ങിക്കൊണ്ടു വന്ന

ട്രാൻസിസ്റ്റർ റേഡിയോ ബാന്റിന്റെ

സിലോൺ മലയാളം പാട്ടുകൾ,
 

വൈകുന്നേരമാണത്

അന്നത്തെ പണി കഴിയാൻ 

പോകുന്നതിന്റെ ഒച്ചയനക്കങ്ങളെ

കല്ലുകൊത്തു കുഴികളിൽ 

ഇരുമ്പനക്കങ്ങളെ 

ചേർത്തു കെട്ടിയത്,
 

നമ്മൾ കുട്ടികളതിനെ

താളത്തിൽ ഒതുക്കു കല്ലിനടിച്ച്

ഒച്ചയനക്കങ്ങളെ 

പകർത്താൽ ശ്രമിക്കുന്നു,
 

മാറ്റിമാറ്റിപാട്ടു മാറ്റാൻ ശ്രമിക്കുന്ന

ട്രാൻസിസ്റ്റർ റേഡിയോ അതിന്റെ ചിലപ്പ്

നേർത്ത ശബ്ദങ്ങളിൽ നമ്മൾ

'അനുരാഗിണി ' കേൾക്കുന്നു

ഒതുക്കു കല്ലുകളുടെ സംഗീതം

ചില ദിവസങ്ങളിൽ ജോൺസണിൽ നിന്ന്

രവീന്ദ്രനിലേക്ക് ശ്വസനാത്മകമാവുന്നു
 

ഒറ്റ ശ്വാസത്തിൽ കൊത്തിവെച്ച

ശിൽപം പോലെ അതിന്റെ

ഇളകിപ്പോയ തെക്കെ മുനമ്പ്

ഞങ്ങൾ കുട്ടികൾ 

ചവിട്ടിയിറങ്ങുമ്പോൾ

സൂക്ഷിക്കണേയെന്ന 

ബോർഡിൽ തട്ടി വീഴാറുണ്ട്
 

ഒതുക്കു കല്ലുകൾ,

ഒതുക്കു കല്ലുകൾ,

വാമൊഴി പഴക്കങ്ങളെ,

അതിജീവിച്ച പകലുകളുടെ

ഹൃദയമിടിപ്പുകളെ,

വീണ്ടും വീണ്ടും തുന്നി വെക്കാറുണ്ട്

English Summary:

Malayalam Poem ' Othukku Kallukal ' Written by Sujesh P. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com