ADVERTISEMENT

പാടിയ പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരികൾ മൂളാമോ എന്നു ചോദിച്ചിട്ടുണ്ട് ഗായകൻ കെ.പി.ഉദയഭാനുവിനോട്. അനുരാഗനാടകവും കാനനച്ഛായയും വെള്ളിനക്ഷത്രവും പോലുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഭാനുച്ചേട്ടൻ മൂളിക്കേൾപ്പിച്ചത് അവയൊന്നുമല്ല;  മറ്റൊരു പാട്ടിന്റെ ഈരടികൾ:

"അള്ളാഹു വെച്ചതാം അല്ലലൊന്നില്ലെങ്കിൽ 

അള്ളാഹുവെത്തന്നെ മറക്കില്ലേ 

നമ്മൾ അള്ളാഹുവെത്തന്നെ മറക്കില്ലേ, 

എല്ലാർക്കുമെപ്പോഴും എല്ലാം തികഞ്ഞാൽ 

സ്വർലോകത്തിനെ വെറുക്കില്ലേ നമ്മൾ 

സ്വർലോകത്തിനെ വെറുക്കില്ലേ..."

ആറു പതിറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ "കുട്ടിക്കുപ്പായ"ത്തിൽ പി.ഭാസ്കരൻ എഴുതി എം.എസ്.ബാബുരാജിന്റെ ഈണത്തിൽ ഉദയഭാനു പാടിയ "പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും" എന്ന പാട്ടിന്റെ ചരണം. "എനിക്കു മാത്രമല്ല ഭാസ്കരൻ മാഷിനും ബാബുവിനും ഇഷ്ടപ്പെട്ട വരികളായിരുന്നു", ഉദയഭാനു പറഞ്ഞു. "മലബാർ ഭാഗത്ത് അക്കാലത്ത്  ഒരുമിച്ചു പങ്കെടുത്തിട്ടുള്ള മെഹ്ഫിലുകളിലെല്ലാം എന്നെക്കൊണ്ട് ആവർത്തിച്ച് ഈ വരികൾ പാടിക്കും ബാബു. എത്ര മഹത്തായ ജീവിതപാഠമാണ് ആ വരികളിൽ  ഭാസ്കരൻ മാഷ് ലളിതമായി ഒതുക്കിവച്ചിട്ടുള്ളത്. എല്ലാ മതക്കാരുമുണ്ട്ആ പാട്ടിന്റെ ആരാധകരിൽ."

മുസ്‌ലിം പശ്ചാത്തലമുള്ള ഗാനങ്ങൾ ആയിരക്കണക്കിനു പിറന്നിട്ടുണ്ടാകും മലയാള സിനിമയിൽ. നല്ലൊരു ശതമാനവും ജനപ്രിയ ഗാനങ്ങൾ. അക്കൂട്ടത്തിൽ എക്കാലവും ഹൃദയത്തോടു ചേർന്നുനിന്ന രചനകൾ ഭാസ്കരൻ മാഷിന്റേതു തന്നെ. ഭക്തി മാത്രമല്ല പ്രണയവും വിരഹവും വേദാന്തവും വാത്സല്യവുമെല്ലാം അനായാസം ഒഴുകിനിറയുന്നു അവയിൽ. 

ദാർശനിക തലത്തിലുള്ള രചനകളോടാണ് അൽപം പ്രതിപത്തി കൂടുതൽ: "യത്തീ"മിലെ "അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ എല്ലാരുമെല്ലാരും യത്തീമുകൾ" ഉദാഹരണം. ബാബുരാജ് മനോഹരമായി ചിട്ടപ്പെടുത്തി യേശുദാസ് പാടിയ ആ പാട്ടിന്റെ വരികളിലുമുണ്ട് ലളിതമായ ഒരു ജീവിതതത്വം: "ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ, ഇന്നത്തെ സമ്പന്നൻ നാളെ വെറും യത്തീം, ഇന്നത്തെ പൂമേട നാളത്തെ പുൽക്കുടിൽ, ഇന്നത്തെ മർദിതൻ നാളത്തെ സുൽത്താൻ..."

യത്തീമിന്റെ മനസ്സറിഞ്ഞ് ഭാസ്കരൻ മാഷ് എഴുതിയതാണ് "ലൈലാമജ്‌നു" (1962) വിലെ "അന്നത്തിനും പഞ്ഞമില്ല സ്വർണത്തിനും പഞ്ഞമില്ല മന്നിതിൽ കരുണയ്ക്കാണ് പഞ്ഞം" (സംഗീതം: ബാബുരാജ്) എന്ന പാട്ടും. "യത്തീമിൻ കൈപിടിച്ച് അത്താഴമൂട്ടുന്നവൻ ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ സഹോദരരേ" എന്ന വരി മെഹബൂബും കെ.എസ്.ജോർജും ചേർന്നു പാടിക്കേൾക്കുമ്പോഴത്തെ അനുഭൂതി ഒന്ന് വേറെ. ഈ കൂട്ടുകെട്ടിൽ അധികം പാട്ടുകൾ പിറന്നില്ല എന്നതു നമ്മൾ മലയാളികളുടെ നഷ്ടം. 

അതേ ചിത്രത്തിൽ മെഹബൂബും ജോർജും ചേർന്നു ഹൃദയം നൽകി പാടിയ മറ്റൊരു പാട്ട് കൂടിയുണ്ട്. വിശുദ്ധനഗരമായ മക്കയെ കുറിച്ച് മലയാളത്തിൽ വന്ന ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. മെഹബൂബും ജോർജ്ജും സ്വയം മറന്ന് ഒഴുകുകയാണ് ആ പാട്ടിന്റെ ഹൃദയത്തിലൂടെ.

"കണ്ണിനകത്തൊരു കണ്ണുണ്ട്, അതു 

കണ്ടുപിടിച്ചു തുറക്കുക നീ, 

എന്നാല്‍ സോദര വിശ്വാസികളുടെ

സുന്ദരനഗരം മെക്കാ കാണാം

 

കണ്ണിന്‍ കണിയായ് കരളിന്നമൃതായ്

മണ്ണിലെ വിണ്ണാം മെക്കാ കാണാം

 

പാവനനായ മുഹമ്മദ് മുസ്തഫ 

പള്ളിയുറങ്ങും മക്ബറ കാണാം 

കോമളമായ മദീനാപുരിയില്‍

പാമരനെ പണ്ഡിതനെ കാണാം 

 

ഇബ്രാഹിം നബി രക്ഷകനാകും

റബ്ബിന്‍ കല്പന കേള്‍ക്കുകയാലേ 

പുത്രബലിയ്ക്കായ് കത്തിയുയര്‍ത്തിയ

വിശ്വാസത്തിന്‍ പെരുനാള്‍ കാണാം..."

നീലക്കുയിലിലെ "കായലരികത്ത് വലയെറിഞ്ഞപ്പോൾ" എന്ന ഗാനത്തിൽ നിന്നു തുടങ്ങുന്നു മാപ്പിളപ്പാട്ടിലെ ഭാസ്കരയുഗം. ഗ്രാമീണ ബിംബങ്ങളും മാപ്പിളത്തനിമയാർന്ന പദപ്രയോഗങ്ങളും നാടോടിത്തമുള്ള ഈണവും കൊണ്ട് എഴുപത് വർഷം മുൻപ് ഭാസ്കരൻ മാഷും രാഘവൻ മാഷും ചേർന്നു സൃഷ്ടിച്ച ഗാനശില്പത്തിനു പകരം വയ്ക്കാൻ ഇന്നുമൊരു പാട്ടില്ല:

 "ചേറിൽ നിന്നു ബളർന്നു പൊന്തിയ

ഹൂറി നിന്നുടെ കയ്യിനാൽ - നെയ്

 

 ചോറു വെച്ചതു തിന്നുവാൻ

കൊതിയേറെ ഉണ്ടെൻ നെഞ്ചിലായ്‌

വമ്പെഴും നിന്റെ പുരികക്കൊടിയുടെ

 

അമ്പുകൊണ്ടു ഞരമ്പുകൾ

കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ

കമ്പിപോലെ വലിഞ്ഞുപോയ്‌" 

"കഴുത്തും കമ്പി"യുമുൾപ്പെടെ മാപ്പിളപ്പാട്ടിലെ പ്രാസനിബന്ധനകളെല്ലാം പാലിക്കുന്ന പാട്ടുകൾ സിനിമയ്ക്കു വേണ്ടി രചിച്ചു ഭാസ്കരൻ മാഷ്. പലതും യഥാർഥ മാപ്പിളപ്പാട്ടുകളോളം ഖ്യാതി നേടുകയും ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തവ. അറബി-മലയാള ലിപിയിൽ പ്രസിദ്ധീകരിച്ച ഹാജി എം.എം.മൗലവിയുടെ ബദർ ഖിസ്സപ്പാട്ടിലെ ആറാമത്തെ ഇശലിനു മുകളിൽ "രീതി, കായലരികത്ത്" എന്നു കാണാം.  വെറുതെയല്ല സംവിധായകൻ എ.വിൻസന്റ് ഒരിക്കൽ പറഞ്ഞത്: "പാട്ടെഴുതുമ്പോൾ മാഷാവും പി.ഭാസ്കരൻ. മാപ്പിളപ്പാട്ടെഴുതുമ്പോൾ ഉസ്താദും."

ഭാസ്കരൻ മാഷിന്റെ മുസ്‌ലിം പശ്ചാത്തലത്തിലുള്ള പാട്ടുകളിൽ നിന്നു തിരഞ്ഞെടുത്ത കുറെ വരികളിതാ. ഭക്തിയും പ്രണയവും തത്വചിന്തയും മാറിമാറി നിഴലിക്കുന്ന രചനകൾ:

∙ എൻ കണ്ണിന്റെ കടവിലടുത്താൽ കാണുന്ന കൊട്ടാരത്തില് പ്രാണന്റെ നാട് ഭരിക്കണ സുൽത്താനുണ്ട് പാടിയാടി നാടു വാഴണ സുൽത്താനുണ്ട് (ഉമ്മ)

∙ കാടെല്ലാം പൂത്തു പൂത്തു കൈലി ചുറ്റണ കാലത്ത് കാണാമെന്നോതിയില്ലേ സൈനബാ, തമ്മിൽ കാണാമെന്നോതിയില്ലേ സൈനബാ, പൊയ്കകൾ താമരയാൽ പൊട്ടു കുത്തണ നേരത്ത് പോരാമെന്നോതിയില്ലേ സൈനബാ, വന്നു ചേരാമെന്നോതിയില്ലേ സൈനബാ, നിന്നെ കിനാവ് കണ്ട് നിന്നെയും കാത്തുകൊണ്ട് എന്നുള്ളിലിരിപ്പാണെൻ പൈങ്കിളി നിത്യം  എന്നുള്ളിലിരിപ്പാണെൻ പൈങ്കിളി.. (പാലാണ് തേനാണെൻ- ഉമ്മ) 

∙ മനിസന്റെ നെഞ്ചിൽ പടച്ചോൻ കുയിച്ചിട്ട മധുരക്കനിയാണനുരാഗം (നീലിസാലി)

∙ ഞാൻ വളർത്തിയ കൽബിലെ മോഹം പോത്തുപോലെ വളർന്നല്ലോ ഞാൻ കാത്തുകാത്ത് കുഴഞ്ഞല്ലോ (നീയല്ലാതാരുണ്ടെന്നുടെ-നീലിസാലി)

∙ ഏതൊരു കൂരിരുൾ തന്നിലും ഒരു ചെറുപാത തെളിച്ചിടും അള്ളാഹു, കണ്ണീർക്കടലിൽ നീന്തും കരളിന് കരയായ് തീർന്നിടും അള്ളാഹു.. (അള്ളാവിൻ തിരുവുള്ളം-കണ്ടം ബെച്ച കോട്ട്)

∙ ദൂരത്തെ പാദുഷ നട്ടുവളർത്തുന്ന കാരയ്ക്കാത്തോട്ടത്തിൽ പോവില്ലേ, കാരയ്ക്കയും വേണ്ട മുന്തിരിയും വേണ്ട കുഞ്ഞാറ്റക്കിളി പോവില്ല (കൂട്ടിലിളംകിളി-ലൈലാമജ്‌നു)

∙ അരളിപ്പൂമരച്ചോട്ടിൽ ആറ്റിലെ മണലിനാൽ കളിപ്പുര വെച്ചില്ലേ, പണ്ട് കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയിൽ ബിരിയാണി വെച്ചില്ലേ (വെളുക്കുമ്പോൾ കുളിക്കുവാൻ-കുട്ടിക്കുപ്പായം)

∙ മുത്തഴകുള്ളൊരു മേനിയിലെല്ലാം മുത്തിമണക്കാൻ അത്തറ് വേണം തേന്മഴ ചൊരിയും ചിരി കേട്ടീടാൻ മാന്മിഴിയിങ്കല് മയ്യെഴുതേണം (ഒരു കൊട്ട പൊന്നുണ്ടല്ലോ-കുട്ടിക്കുപ്പായം)

∙ പൊന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത് കണ്ണാരം പൊത്തി കളിക്കാൻ വാ, അള്ളള്ളോ ഞാനില്ലേ അമ്മായി തല്ലൂലേ പൊള്ളുന്ന തീയൊത്ത വെയിലല്ലേ (സുബൈദ)

∙ പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ  കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ, കെട്ടു കഴിഞ്ഞ വിളക്കിൻ കരിന്തിരി കെട്ടിപ്പിടിച്ചു കരയുന്നതെന്തേ (സുബൈദ)

∙ കൽബിലുള്ള സ്നേഹത്തിൻ കറുകനാമ്പ് തന്നു തന്നു ദിക്റ് പാടി എളേമ്മ നിന്നെ ഉറക്കാം പൊന്നേ (ലാ ഇലാഹ ഇല്ലള്ളാ-സുബൈദ)

∙ കണ്മണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിന് വേറെ എനിക്ക് കണ്ണുകളെന്തിന് വേറെ, കാണാനുള്ളത് കരളിൽ പകരാൻ ഞാനുണ്ടല്ലോ ചാരേ, കണ്ണായ് ഞാനുണ്ടല്ലോ ചാരേ (കുപ്പിവള)

∙ കണ്മണി നിൻ മലർത്തൂമുഖം കാണാതെ കണ്ണടച്ചീടും ഞാനെന്നാലും ഉമ്മാടെ കണ്ണാണ് ഉപ്പാടെ കരളാണ് ഉള്ളിലെ മിഴികളാൽ കണ്ണ്‌ ഞാൻ (കാണാൻ പറ്റാത്ത -- കുപ്പിവള)

∙ പടച്ചവൻ പടച്ചപ്പോൾ മനുഷ്യനെ പടച്ചു, മനുജന്മാർ മന്നിതിൽ പണക്കാരെ പടച്ചു, പണക്കാരൻ പാരിലാകെ പാവങ്ങളെ പടച്ചു, പാവങ്ങളെന്നവരെ കളിയാക്കി ചിരിച്ചു (കായംകുളം കൊച്ചുണ്ണി)

∙ മറ്റുള്ളോരറിയാതെ മനതാരിൽ ഒളിപ്പിച്ച മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി, പകരമായെനിക്കൊരു സമ്മാനം തന്നൂ മാരൻ, പണമല്ല പൊന്നല്ല മണിമുത്തല്ല (ഒരു കൂട്ടം ഞാനിന്ന്-ബാല്യകാലസഖി)

∙ പകലവനിന്നു മറയുമ്പോൾ അകില് പുകച്ച മുറിക്കുള്ളിൽ പനിമതി ബിംബമുദിത്തപോൽ പുതുമണവാട്ടി, ഏഴാം ബഹറിനകത്തൊരു ഹൂറിയാകും മണിമറിമാൻകുട്ടീ (അസുരവിത്ത്)

∙ മനുഷ്യനായ് ജനിപ്പിച്ചു മോഹിക്കാൻ പഠിപ്പിച്ചു മധുരിക്കുമാശ കാട്ടി കൊതിപ്പിച്ചു, മനസ്സിന്റെ ശോകങ്ങൾ മറക്കുവാൻ കൂടിയൊന്ന് പഠിപ്പിച്ചതില്ലല്ലോ പടച്ചവൻ (ഇടക്കൊന്നു ചിരിച്ചും -- ഓളവും തീരവും)

∙ മണിമാരൻ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം, കണ്ണുനീർ തേവിതേവി കരളിതിൽ വിളയിച്ച കനകക്കിനാവിന്റെ കരിമ്പിൻതോട്ടം (ഓളവും തീരവും)

∙ കടക്കണ്ണിൻ മുന കൊണ്ട് കത്തെഴുതി പോസ്റ്റ് ചെയ്യാൻ ഇടയ്ക്കിടെ വേലിക്കൽ വരുന്ന ബീവീ, നടക്കുമ്പോൾ എന്തിനാണൊരു തിരിഞ്ഞുനോട്ടം നിന്റെ പടിഞ്ഞാറേ വീട്ടിലേക്കൊരു പരൽമീൻ ചാട്ടം (തുറക്കാത്ത വാതിൽ)

∙ കല്ലടിക്കോടൻ മലകേറി കടന്നു, കള്ളവണ്ടി കേറാതെ കരനാലും കടന്നു പുളയുന്ന പൂനിലാവിൽ പുഴ നീന്തിക്കടന്നു പൂമാരനെ കൊണ്ടു പോരണം (മനസ്സിനുള്ളിൽ-തുറക്കാത്ത വാതിൽ)

∙ കല്പകത്തോപ്പന്യനൊരുവനു പതിച്ചു നൽകി, നിന്റെ കൽബിലാറടി മണ്ണിലെന്റെ കബറടക്കി (ഉമ്മാച്ചു)

∙ നീലമേഘമാളികയിൽ പാലൊളി പൂവിരിപ്പിൽ മൂടുപടം മാറ്റിയിരിക്കും മുഴുതിങ്കളേ (യത്തീം)

∙ മിഴിയിണ ഞാൻ അടയ്ക്കുമ്പോൾ കനവുകളിൽ നീ മാത്രം, മിഴിയിണ ഞാൻ തുറന്നാലും നിനവുകളിൽ നീ മാത്രം (മണവാട്ടി)

English Summary:

remembering old Malayalam hits of P Bhaskaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com