ADVERTISEMENT

പാട്ടിനും പശ്ചാത്തല സംഗീതത്തിനും ഒരുപോലെ പ്രധാന്യം നൽകിയിരുന്ന സംവിധായകനാണ് സംഗീത് ശിവൻ. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളും പശ്ചാത്തല സംഗീതവും എന്നും ട്രെൻഡ് സെറ്റേഴ്സായിരുന്നു. സംഗീത് ശിവൻ സിനിമകളിലെ പാട്ടുകൾക്ക് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടല്ലയെന്നു പറയാം. ഒരേസമയം മെലഡിയും തട്ടുപൊളിപ്പൻ പാട്ടുകളും പരീക്ഷണങ്ങളും നിറഞ്ഞതായിരുന്നു സംഗീത് ശിവന്റെ മ്യൂസിക്കൽ യൂണിവേഴ്സ്. രഘുവരനെ നായകനാക്കി സംവിധാനം ചെയ്ത ത്രില്ലർ ചിത്രം വ്യൂഹമായിരുന്നു സംഗീത് ശിവന്റെ അരങ്ങേറ്റ ചിത്രം. ആക്‌ഷന് പ്രധാന്യം നൽകിയ ചിത്രത്തിൽ പാട്ടുകൾ ഉണ്ടായിരുന്നില്ല. എസ്.പി.വെങ്കടേഷായിരുന്നു ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചത്. എന്നാൽ രണ്ടാമത്തെ ചിത്രം യോദ്ധയിൽ പാട്ടിനും പശ്ചാത്തല സംഗീതത്തിനും ഒരുപോലെ പ്രധാന്യമുണ്ടായിരുന്നു. 

കാവിലെ പാട്ട് മത്സരവും റഹ്മാന്റെ ‘പടകാളി’ പാട്ടും

മണിരത്നത്തിന്റെ റോജയിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ സാക്ഷാൽ എ.ആർ.റഹ്മാനെ മലയാളത്തിൽ അവതരിപ്പിക്കുന്നത് സംഗീത് ശിവനാണ്. റോജ റിലീസായ 1992 ൽ തന്നെയായിരുന്നു എ.ആർ.റഹ്മാന്റെ മലയാള സിനിമയിലെയും അരങ്ങേറ്റം. യോദ്ധയിലൂടെയായിരുന്നു റഹ്മാന്റെ മലയാളത്തിലെ മാസ് എൻട്രി. പിന്നീട് ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും അതികായകനായി റഹ്മാൻ വളർന്നപ്പോൾ മലയാളത്തിന് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലായി റഹ്മാൻ. യോദ്ധ റിലീസ് ചെയ്തു മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം മലയൻകുഞ്ഞിലൂടെയാണ് പിന്നീട് റഹ്മാൻ മലയാള സിനിമയിലേക്കു തിരിച്ചെത്തുന്നത്. 2024 ൽ പുറത്തിറങ്ങിയ ആടുജീവിതമാണ് റഹ്മാൻ അവസാനം സംഗീതസംവിധാനം നിർവഹിച്ച മലയാള ചിത്രം. റഹ്മാൻ പ്രശസ്തിയിലേക്ക് ഉയരും മുമ്പേ അദ്ദഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് മലയാളത്തിൽ അവതരിപ്പിച്ച സംഗീത് ശിവൻ തീർച്ചയായും പ്രശംസ അർഹിക്കുന്നു. അദ്ദേഹത്തിന്റെ സംഗീത അഭിരുചിയെ കൂടി അടയാളപ്പെടുത്തുന്നുണ്ട് ധീരമായ ആ തീരുമാനം. 

ഒരേസമയം ഇന്ത്യൻ-നേപ്പാൾ സംസ്കാരങ്ങൾ ഇഴചേർന്നതായിരുന്നു യോദ്ധയുടെ തിരക്കഥ. ഐതിഹ്യങ്ങളും വിശ്വാസവും റിയലസ്റ്റിക്ക് കഥാ സന്ദർഭങ്ങളും സമന്വയിച്ച ചിത്രത്തിൽ റീറെക്കോർഡിങ്ങിനും സാധ്യതകൾ ഏറെയായിരുന്നു. ബുദ്ധിസത്തിനു പ്രധാന്യം ഉണ്ടായിരുന്ന ചിത്രം ഇന്ത്യയിലും നേപ്പാളിലുമായിരുന്നു ചിത്രീകരിച്ചിരുന്നത്. 1992 ൽ പൂർത്തികരിച്ച ചിത്രം കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമയാണ്. 

സിനിമയ്ക്കായി റഹ്മാൻ ഈണമിട്ട തീം മ്യൂസിക്കും കുനുകുനെയെന്ന ഗാനവും സൂപ്പർഹിറ്റായപ്പോൾ തൈപ്പറമ്പിൽ അശോകനും അരശുംമൂട്ടിൽ അപ്പുക്കുട്ടനും ഏറ്റുമുട്ടിയ കാവിലെ പാട്ട് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ പടകാളിയെന്ന ഗാനം മലയാളത്തിലെ ക്ലാസിക് ഹിറ്റുകളിലൊന്നായി മാറി. പടകാളി പാട്ടും പശ്ചാത്തലവും കൾട്ടായി മാറി. ഉദ്വേഗവും നർമവും നിറഞ്ഞു നിന്ന സിനിമയ്ക്കായി റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും വേറിട്ടതായി. 

ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം

ഗാന്ധർവത്തിലൂടെ എസ്.പി.വെങ്കടേഷ്–സംഗീത് ശിവൻ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. പാട്ടിലും കൊറിയോഗ്രാഫിയിലുമൊക്കെ ഒട്ടെറെ പരീക്ഷണങ്ങൾ നടത്തിയ ചിത്രമായിരുന്നു ഗാന്ധർവം. ചിത്രത്തിനു വേണ്ടി എസ്.പി.വെങ്കടേഷ് ഈണമിട്ട ലവ് ബിജിഎം എവർഗ്രീൻ ഹിറ്റായി മാറി. മലയാള സിനിമ അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ശൈലിയിലുള്ള പാട്ടായിരുന്നു. കൈതപ്രത്തിന്റെ വരികൾക്ക് എസ്.പി.വെങ്കടേഷ് ഈണമിട്ട നെഞ്ചിൽ കഞ്ചബാണമെയ്യും എന്ന ഗാനം യൂത്ത് സെൻസേഷനായി മാറി. ചിത്രീകരണവും ഡാൻസ് കൊറിയോഗ്രാഫിയും പാട്ടിനെ കൂടുതൽ ജനപ്രിയമാക്കി മാറ്റി. എസ്.പി.ബാലസുബ്രമണ്യത്തിന്റെ 90 കളിലെ സൂപ്പർഹിറ്റ് മലയാള ഗാനമായി ‘നെഞ്ചിൽ കഞ്ചബാണമെയ്യും’ മാറി.  

എം.ജി.ശ്രീകുമാറും സുജാത മോഹനും ചേർന്ന് ആലപിച്ച ‘മാലിനിയുടെ തീരങ്ങൾ തഴുകിവരും പനിനീർകാറ്റേ’ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡികളിലൊന്നാണ്. നാടകത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഓർക്കസ്ട്രേഷനും വ്യത്യസ്തമാണ്. 

ആനന്ദിനെ കണ്ടെത്തിയ സംവിധായകൻ

‘പുലിയങ്ക കോലംകെട്ടി തൈതാരോം 

താളംകൊട്ടി പടകൂട്ടി പാടികൂത്താട്…’

സംഗീത് ശിവൻ മലയാള സിനിമയ്ക്കു നൽകിയ ഏറ്റവും വലിയ സംഭാവനങ്ങളിലൊന്ന് ആനന്ദ് എന്ന സംഗീതസംവിധായകനാണ്. മുംബൈയിലെ പരസ്യചിത്ര മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ സംഗീതസംവിധായകനു പക്ഷേ മലയാളത്തിൽ വിരളമായ അവസരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളു. നിർണയം എന്ന സിനിമയ്ക്കായി ആനന്ദ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും പകരംവയ്ക്കാനാവത്തതാണ്. 

മലയാള സിനിമയിലെ പശ്ചത്താല സംഗീതത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ശ്യാം, ജോൺസൺ, രാജാമണി, എസ്.പി.വെങ്കടേഷ്, ബിജിബാൽ, ഗോപി സുന്ദർ, സുഷിൻ ശ്യാം വരെ പലരുടെയും പേരുകൾ പരമാർശിക്കാറുണ്ട്. എന്നാൽ മലയാളത്തെ എക്കാലത്തെയും മികച്ച പശ്ചാത്തല സംഗീതങ്ങളിലൊന്നാണ് നിർണയത്തിനു വേണ്ടി ആനന്ദ് ഒരുക്കിയതെന്നു നിസംശയം പറയാം. ആക്‌ഷനും പ്രണയത്തിനും പ്രതികാരത്തിനും പ്രധാന്യമുള്ള ചിത്രത്തിലെ ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾക്ക് അത്രയെറെ ഹൃദ്യമായിട്ടാണ് ആനന്ദ് റീ-റെക്കോർഡിങ് നിർവഹിച്ചിരിക്കുന്നത്. സൗണ്ട് ക്വാളിറ്റിയും എടുത്തു പറയേണ്ടതുതന്നെ. 

കോടതിമുറിയിൽ മോഹൻലാലിന്റെ ഡോക്ടർ റോയ് എന്ന കഥാപാത്രം തന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്ന രംഗത്തെയൊക്കെ തീവ്രമായി എലിവേറ്റ് ചെയ്യുന്നുണ്ട് ആനന്ദിന്റെ പശ്ചാത്തല സംഗീതം. മലർമാസമെന്ന ഇറോട്ടിക് ടച്ചുള്ള പ്രണയഗാനവും പുലിയങ്ക കോലംകെട്ടി എന്ന ബീറ്റ് സോങും ഒന്നിനൊന്നു മികച്ച ഗാനങ്ങളാണ്. മലയാളത്തിൽ അതുവരെ കേട്ടു ശീലിച്ചിട്ടില്ലാത്ത രീതിയിലായിരുന്നു നിർണയത്തിലെ പാട്ടുകൾ ആനന്ദ് ഒരുക്കിയിരുന്നത്. 

കാലമൊപ്പിച്ച കുസൃതിയോ?

‘പോരൂ മേടമാസമല്ലേ വെയിലേറ്റ് വാടുകില്ലേ…’

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സ്നേഹപൂർവം അന്നയാണ് സംഗീത് ശിവൻ മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിലൂടെ രാജു സിങ് എന്ന ബോളിവുഡ് സംഗീതസംവിധായകനെ അദ്ദേഹം മലയാളത്തിനു പരിചയപ്പെടുത്തി. ഷിബു ചക്രവർത്തി വരികളെഴുതിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ഹൃദ്യമായിരുന്നു. ചിത്രയും ശ്രീനിവാസും ചേർന്നാലപിച്ച ‘മാലേയം മാറിലെഴും മാനത്തെ വെൺമുകിലോ’ മികച്ചൊരു മെലഡിയായിരുന്നു. ചിത്രത്തിലെ എവർഗ്രീൻ ഹിറ്റാണ് ‘മാന്തളിരിൻ പന്തലുണ്ടല്ലോ പോരു മേടമാസമല്ലേ വെയിലേറ്റ് വാടുകില്ലേ..’ എന്ന ഗാനം. കെ.എസ്.ചിത്രയും എം.ജി.ശ്രീകുമാറും ചേർന്നു പാടിയ ഡ്യൂവറ്റായും യേശുദാസിന്റെ സോളോയായും ഗാനം ചിത്രത്തിലുണ്ട്. പോരൂ മേടമാസമല്ലേ വെയിലേറ്റ് വാടുകില്ലേ എന്ന വരിയാണ് പാട്ടിന്റെ ഹൈലൈറ്റ്. മറ്റൊരു മേടമാസക്കാലത്ത് സംഗീത് ശിവൻ ഓർമയാകുന്നത് ചിലപ്പോൾ കാലത്തിന്റെ കുസൃതിയാകാം.

English Summary:

Sangeeth Sivan film songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com