ADVERTISEMENT

ശബരി റെയിൽപാത – കേരളം കാണുന്ന ദീർഘകാല സ്വപ്നമാണത്; രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്‌തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമെന്നതിനാൽ വിശേഷിച്ചും. ശബരിമലയുടെ കവാടമായ എരുമേലിയിലേക്കു റെയിൽപാതയെന്ന സ്വപ്നം യാഥാർഥ്യമായാൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ വികസനത്തിന്റെ പുതുവെളിച്ചമെത്തുകയും ചെയ്യും. എന്നാൽ, വർഷങ്ങൾ കാത്തിരുന്നിട്ടും, ഉറപ്പിന്റെ പച്ചവെളിച്ചം അങ്കമാലി– എരുമേലി ശബരി പാതയ്ക്കായി തെളിയുന്നില്ലെന്നതു നിർഭാഗ്യകരമാണ്. പദ്ധതിച്ചെലവിലെ സംസ്‌ഥാന വിഹിതം സംബന്ധിച്ച അനിശ്ചിതത്വമാണ് ശബരി പാതയ്ക്കു കുറുകെ വീണ്ടും നിലയുറപ്പിച്ചിരിക്കുന്നത്.

ശബരി പാത പ്രഖ്യാപിച്ചത് 1997–98ലെ റെയിൽ ബജറ്റിലാണ്. നിർമാണ അനുമതി ലഭിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും പദ്ധതി കാര്യമായി മുന്നോട്ടുപോകാതിരുന്നതിനു ന്യായീകരണമില്ല. കിഫ്ബി വഴി പകുതിച്ചെലവു വഹിക്കാമെന്നു സമ്മതിച്ചു സംസ്ഥാന സർക്കാർ 2021ൽ കേന്ദ്രത്തിനു കത്തു നൽകിയിരുന്നു. എന്നാൽ, ഏറ്റെടുക്കാവുന്നതിന്റെ പരമാവധി പദ്ധതികൾ കിഫ്ബി ഏറ്റെടുത്തുകഴിഞ്ഞു. സർക്കാരിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിലുള്ള കേസിൽ അന്തിമ തീരുമാനം വരുന്നതുവരെ പുതിയ പദ്ധതികൾ ഏറ്റെടുക്കാനാകില്ലെന്നു കിഫ്ബി സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതോടെ മറ്റു മാർഗങ്ങൾ തേടാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുകയാണ്.

ശബരിപാതയ്ക്കായി ഇതിനകം 264 കോടി രൂപ റെയിൽവേ ചെലവാക്കിയിട്ടുണ്ട്. കാലടി വരെ ഏഴു കിലോമീറ്റർ പാതയും പെരിയാറിനു കുറുകെ പാലവും നിർമിച്ചു. കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാത നിർമാണമാണു ബാക്കിയുള്ളത്. കഴിഞ്ഞ 2 ബജറ്റുകളിലായി 200 കോടി രൂപ കേന്ദ്രം നീക്കിവച്ചെങ്കിലും എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാൽ പണം ചെലവാക്കാൻ കഴിഞ്ഞിട്ടില്ല.

പ്രഖ്യാപിക്കുമ്പോൾ 550 കോടിയെന്നു കണക്കാക്കിയ ചെലവ് ഏറ്റവുമെ‍ാടുവിൽ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 3800 കോടിയായി. ഇതിന്റെ പകുതി, 1900 കോടി രൂപയാണു കേരളം നൽകേണ്ടത്. ഇതിനായി, 5 വർഷങ്ങളിലായി പ്രതിവർഷം 400 കോടി രൂപ വീതം കണ്ടെത്തിയാൽ മതിയാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു ലക്ഷം കോടി രൂപയുടെ ബജറ്റുള്ള സംസ്ഥാനത്ത് റെയിൽവേ വികസനത്തിന് 2000 കോടി രൂപ നീക്കിവയ്ക്കാൻ എന്താണു തടസ്സമെന്നാണ് ശബരി റെയിൽ ആക്‌ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ചോദിക്കുന്നത്. 

റെയിൽവേ കടന്നുചെന്നിട്ടില്ലാത്ത കേരളത്തിന്റെ മലയോര മേഖലകളിൽ 14 റെയിൽവേ സ്റ്റേഷനുകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് അങ്കമാലി–എരുമേലി പാത. വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റാണ് ഇപ്പോൾ ശബരി പാതയ്ക്കുള്ളതെന്നതു വികസനം കെ‍ാതിക്കുന്ന കേരളത്തിനു കൂടുതൽ പ്രതീക്ഷ നൽകുന്നു. ഇതോടെ‍ാപ്പം എരുമേലിയിലെ വിമാനത്താവളംകൂടി യാഥാർഥ്യമായാൽ, ദൂരദേശങ്ങളിൽനിന്നെത്തുന്ന തീർഥാടകർക്കും കേരളത്തിനാകെത്തന്നെയും അത് ഏറെ പ്രയോജനകരമാവും.

ശബരി റെയിൽ പദ്ധതിയുടെ പകുതിത്തുക മുടക്കാൻ സമ്മതപത്രം നൽകണമെന്നു കേന്ദ്രം നിർദേശിച്ച സാഹചര്യത്തിൽ അതിനുള്ള മാർഗം എത്രയുംവേഗം കേരളം കണ്ടെത്തിയേതീരൂ. കേന്ദ്രവുമായി ചെലവു പങ്കിടുന്ന കാര്യത്തിൽ തീരുമാനം വൈകുന്നതു പദ്ധതിയെ ദോഷകരമായി ബാധിച്ചേക്കുമെന്ന തിരിച്ചറിവ് കേരളത്തിനുണ്ടാവുകയും വേണം. ചെങ്ങന്നൂർ–പമ്പ പാതയ്ക്കാണു കേന്ദ്രം ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്നറിയുന്നു. പകുതിച്ചെലവിന്റെ കാര്യത്തിൽ കേരളം ഉഴപ്പുന്നതു ശബരി പദ്ധതി കേന്ദ്രം ഉപേക്ഷിക്കുന്നതിലേക്ക് എത്തിക്കുമോ എന്നാണ് ആശങ്ക. അതുകെ‍ാണ്ടുതന്നെ, ഇനിയുള്ള കടമ്പകൾ എത്രയുംവേഗം മറികടന്ന്, സമയബന്ധിതമായി മുന്നോട്ടുനീങ്ങണം. അതിനായി റെയിൽവേയോടൊപ്പം സംസ്‌ഥാന സർക്കാരും ജനപ്രതിനിധികളും നാട്ടുകാരും കൈകോർക്കുകയും വേണം.

English Summary:

Editorial about Sabari rail project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com