ADVERTISEMENT

ജ്ഞാനയോഗിയായിരുന്നു വിദ്യാധിരാജ പരമഭട്ടാരക തീർഥപാദർ ശ്രീ ചട്ടമ്പിസ്വാമി. ജ്ഞാനപഥമായിരുന്നു അദ്ദേഹത്തിന്റെ കർമപഥം. അയിത്താചാരത്തെയും മേൽജാതി ചിന്തയെയും മറ്റു യാഥാസ്ഥിതിക സമ്പ്രദായങ്ങളെയും ആ മഹാപുരുഷൻ നിശിതമായി വിമർശിച്ചു. വേദേതിഹാസ ധർമശാസ്ത്ര പുരാണാദികൾക്കു പുതിയ വ്യാഖ്യാനങ്ങളേകി. അനുഷ്ഠാനങ്ങൾക്കു പുതിയ രീതി ചിട്ടപ്പെടുത്തി. ‘പട്ടിസദ്യ’ നടത്തി സർവാണി വിവേചനത്തെ ചൊടിപ്പിച്ചു. സ്ത്രീ സമത്വത്തിനായും പാർശ്വവത്കൃതരുടെയും സ്ത്രീകളുടെയും മോചനത്തിനായും യത്നിച്ചു. അധികാരത്തോടു ശബ്ദിക്കാൻ സമരോന്മുഖ കർമപഥമല്ല, ജ്ഞാനമാർഗമാണു ചട്ടമ്പിസ്വാമി സ്വീകരിച്ചത്. 

പേട്ടയിൽ രാമൻ പിള്ള ആശാൻ സംഘടിപ്പിച്ച ‘ജ്ഞാനപ്രജാകരം’ എന്ന പണ്ഡിത സദസ്സിലാണു ചട്ടമ്പിസ്വാമി ആദ്യം പല മഹാത്മാക്കളെയും പണ്ഡിതരെയും കാണുന്നതും കേൾക്കുന്നതും. തൈക്കാട് അയ്യാ സ്വാമി (1814-1909) ആയിരുന്നു അവരിൽ പ്രമുഖൻ. ദക്ഷിണേന്ത്യയിൽ സാമൂഹികപരിഷ്കരണത്തിന്റെ ശംഖനാദം മുഴക്കിയ വിപ്ലവകാരി അയ്യാ വൈകുണ്ഠ സ്വാമിയുടെ ശിഷ്യനായിരുന്നു അയ്യാ സ്വാമി. ചട്ടമ്പിസ്വാമി അയ്യാ വഴിയിൽ ആകൃഷ്ടനായി. സന്യാസത്തിലും സാമൂഹിക പരിഷ്കരണ ആശയങ്ങളിലും താൽപര്യം ശക്തിപ്പെട്ടു. അയ്യാ സ്വാമിയിൽനിന്നു യോഗവിദ്യ ഗ്രഹിച്ചു. പണ്ഡിത സദസ്യരായ സ്വാമിനാഥ ദേശികരിൽനിന്നു തമിഴും മനോന്മണിയം സുന്ദരം പിള്ളയിൽനിന്നു തത്വചിന്തയും പഠിക്കാൻ അവസരമുണ്ടായി. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിയ ഒരു സന്യാസി ബാലസുബ്രഹ്മണ്യമന്ത്രം പഠിപ്പിച്ചെന്നും അങ്ങനെ ഷണ്മുഖദാസനായി പുതിയ ഉണർവ്് ആർജിച്ചെന്നും പറയപ്പെടുന്നു. ജ്ഞാനസമ്പാദനത്തിൽ അടങ്ങാത്ത ജിജ്ഞാസയുമായി ചട്ടമ്പിസ്വാമി പല പണ്ഡിതരെയും തേടി അലഞ്ഞിട്ടുണ്ട്. തിരുവിതാംകൂർ കോവിലകം വർഷംതോറും നടത്തിവന്ന ദാർശനിക സമ്മേളനങ്ങളിൽ പലരെയും കണ്ടുമുട്ടി. 

ഒരു സമ്മേളനത്തിൽ തെക്കൻ തമിഴ്‌നാട്ടിലെ കല്ലടൈക്കുറിച്ചി സുബ്ബശാസ്ത്രികളെ പരിചയപ്പെട്ടു. തർക്കം, വ്യാകരണം, വേദാന്തം, മീമാംസ തുടങ്ങിയ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ദാർശനികനായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമിയുടെ ജ്ഞാനതൃഷ്ണ അദ്ദേഹത്തെ ആകർഷിച്ചു. സ്വാമി അദ്ദേഹത്തിന്റെ ശിഷ്യനായി കല്ലടൈക്കുറിച്ചിക്കു പോയി. പലവർഷം അവിടെ കഴിഞ്ഞു. തമിഴിലും സംസ്കൃതത്തിലും സിദ്ധചികിത്സയിലും അറിവു സമ്പാദിച്ചു. സംഗീതവും ആയോധനകലകളും പരിശീലിച്ചു. അക്കാലത്താണ് വേദാന്ത പണ്ഡിതൻ കൊടകനല്ലൂർ സുന്ദരസ്വാമിയെ പരിചയപ്പെടുന്നത്. വേദാന്തം ആഴത്തിൽ ഗ്രഹിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വേദാന്തഗ്രന്ഥം മലയാളത്തിലേക്കു വിവർത്തനം ചെയ്തു.

തെക്കൻ തമിഴ്‌നാട്ടിൽ ക്രൈസ്തവ പുരോഹിതനു കീഴിൽ ദീർഘകാലം ചട്ടമ്പിസ്വാമി ബൈബിളും ക്രൈസ്തവധർമവും പഠിച്ചു. തുടർന്ന് ആചാരപ്രകാരം ഖുർആൻ പഠിക്കാൻ കുറെക്കാലം മുസ്‍‌ലിം മതപണ്ഡിതനൊപ്പവും കഴിഞ്ഞു. പല സന്യാസിമാരോടൊപ്പം തമിഴ്‌നാട്ടിലും മറ്റും അലഞ്ഞു. വഴിയരികിൽ കണ്ടുമുട്ടിയ അവധൂതനോടൊപ്പം മാസങ്ങളോളം വനവാസത്തിലായിരുന്നു. ബുദ്ധമതവും മനസ്സിലാക്കി. 

career-indian-historian-rajan-gurukkal
ഡോ. രാജൻ ഗുരുക്കൾ

അങ്ങനെ എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കുള്ള പല വഴികളാണെന്നറിഞ്ഞു. ഒടുവിൽ ജീവകാരുണ്യവും മാംസാഹാര നിരോധവും ജീവിതവ്രതമാക്കിയ തികഞ്ഞ ജ്ഞാനിയായി സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി. 

ആജീവനാന്ത ആധ്യാത്മിക ധൈഷണിക ജീവിതം നയിക്കാനായിരുന്നു സ്വാമി മോഹിച്ചത്. കുടുംബജീവിതഭാരം മൂലം കൂലിവേല ചെയ്തു നിത്യവൃത്തി കഴിക്കേണ്ട സ്ഥിതിയും വന്നു. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പണിയുന്നതിനുള്ള കല്ലും മണ്ണും ഉരുപ്പടികളും തലയിലേറ്റിയ ചുമട്ടുതൊഴിലാളിയായി. പിന്നീട് ആധാരമെഴുത്തുകാരനായും വക്കീൽ ഗുമസ്തനായും ജോലി ചെയ്തു. ദിവാൻ മാധവറാവു നടത്തിയ പരീക്ഷ ജയിച്ച് സെക്രട്ടേറിയറ്റിൽ ഗുമസ്തനായി. പക്ഷേ, അത് അധികകാലം തുടർന്നില്ല. സ്വതന്ത്രസഞ്ചാരം ആഗ്രഹിച്ച സന്യാസിക്ക് അത്തരം തൊഴിലുകളുമായി ഒത്തുപോകാനാവില്ലല്ലോ. 

19–ാം നൂറ്റാണ്ടിന്റെ സവിശേഷതയാണു സാമൂഹിക പരിഷ്‌കരണം. മതാനുഷ്ഠനങ്ങളുടെ നവീകരണവും ചിട്ടപ്പെടുത്തലും അതിന്റെ ഭാഗമായിരുന്നു. സന്യാസിമാരായിരുന്നു അതിലേർപ്പെട്ടവരിൽ ഒട്ടുമുക്കാലും. അതെന്തുകൊണ്ടാണെന്നു പൊതുവേ ചിന്തിക്കാറില്ല. ഈ നവീകരണ പ്രസ്ഥാനത്തെ ‘നവോത്ഥാന’മെന്നും അതു നയിച്ച സന്യാസിമാരെ ‘നവോത്ഥാന നായകരെ’ന്നും പറയുന്നതിന്റെ യുക്തിയെന്താണെന്നും ചോദിക്കാറില്ല. നവോത്ഥാനം യാഥാർഥത്തിൽ ഒരു വീണ്ടെടുപ്പാണ്. ക്ലാസിക്കൽ കാലഘട്ടത്തിലെ മാനവിക നന്മയുടെയും ധൈഷണിക നേട്ടങ്ങളുടെയും വീണ്ടെടുപ്പാണ് റെനെയ്സൻസ്. നമുക്കിവിടെ അതിനു സമാനമായ ക്ലാസിക്കൽ കാലഘട്ടമേതാണ്? ഉന്നതകുലജാതരുണ്ടാക്കിയ ജാതിഭേദങ്ങളും അയിത്തവും അടിമത്തവുമായിരുന്നു ചരിത്രം നിറയെ. അതിൽ നിന്നകന്നു വനത്തിലും ഗ്രാമങ്ങളിലുമുള്ള ഗുരുകുലങ്ങളിലാണ് ഉയർന്ന ജ്ഞാനോൽപാദനം നടന്നത്. അതിൽ ഏറെ മുന്നിട്ടുനിന്ന അറിവ് അദ്വൈതവും തർക്കശാസ്ത്രവുമാണ്. അതിനെ വീണ്ടെടുക്കാനാണ് നവോത്ഥാന നായകരായ ചട്ടമ്പിസ്വാമിയടക്കമുള്ള സന്യാസിമാർ ശ്രമിച്ചത്. 

ചട്ടമ്പിസ്വാമി രചിച്ച ഗ്രന്ഥങ്ങളിലെ മുഖ്യപ്രമേയം അദ്വൈതമാണ്. അതായതു ജീവാത്മാ-പരമാത്മാക്കളുടെയും സൂക്ഷ്മ-സ്ഥൂലങ്ങളുടെയും ഏകതാനത. ബ്രഹ്മജ്ഞാനമാണ് അത്. ഇതിൽ ഭക്തിയോ ദേവാരാധനയോ ഇല്ല. അദ്വൈതം സാധാരണക്കാർക്കു മനസ്സിലാവുന്ന രീതിയിൽ സ്വാമി വിവർത്തനം ചെയ്തു പഠിപ്പിച്ചു. അദ്വൈത വീണ്ടെടുപ്പ് പക്ഷേ, ശ്രമകരമായ ജോലിയായിരുന്നു. ശൈവ ഭാഗവത ഭക്തിപ്രസ്ഥാനങ്ങളുടെ പിടിയിൽനിന്ന് അദ്വൈതത്തെ മോചിപ്പിക്കുക പ്രയാസകരവും. ശൈവ ശരണാഗതിയിൽ സ്വാമി നിലയുറപ്പിച്ചു. ജീവകാരുണ്യ നിരൂപണം ദേവീമാനസപൂജ, ശ്രീചക്ര പൂജാകല്പം, മോക്ഷപ്രദീപ ഖണ്ഡനം തുടങ്ങിയ ഗ്രന്ഥങ്ങൾ ഇതു സൂചിപ്പിക്കുന്നവയാണ്. 

ചട്ടമ്പിസ്വാമിയുടെ ‘ആദിഭാഷ’ എന്ന കൃതി മലയാളഭാഷയുടെ തനിമയും ഉയർത്തിയെടുത്തു. പ്രാചീന മലയാളം, ദ്രാവിഡ മാഹാത്മ്യ തമിഴകം തുടങ്ങിയ ഗ്രന്ഥങ്ങളുടെ ഉള്ളടക്കവും ലക്ഷ്യവും   ചരിത്രസിദ്ധമായ ദേശത്തിന്റെ വീണ്ടെടുപ്പിനുള്ള ധിഷണാപരമായ പ്രവർത്തനമാണ്.  മുറിഞ്ഞുപോയ സംസ്കൃതികളെ വിളക്കിച്ചേർത്ത് പ്രാദേശിക പൈതൃകത്തിന്റെ പുനഃസൃഷ്ടിയിലൂടെ സാംസ്കാരികബോധം ഉദ്ദീപിപ്പിക്കാൻ സ്വാമികൾക്കു സാധിച്ചു. അത്രമേൽ മഹത്തരമായിരുന്നു ആ സന്യാസ‌ജീവിതം.

ചട്ടമ്പിസ്വാമി  1853–1924 

∙ 1853 ഓഗസ്റ്റ് 25ന് തിരുവനന്തപുരം കണ്ണമ്മൂലയിൽ ജനിച്ചു. നങ്ങമ്മയും വാസുദേവ ശർമയും മാതാപിതാക്കൾ. 

∙ അയ്യപ്പൻ എന്നായിരുന്നു പേരെങ്കിലും കൂടുതൽ അറിയപ്പെട്ടത് കുഞ്ഞൻ എന്ന ഓമനപ്പേരിൽ. ആദ്യകാല വിദ്യാഭ്യാസം കൊല്ലൂർമഠം പാഠശാലയിൽ. പേട്ടയിൽ രാമൻപിള്ള ആശാന്റെ ഗുരുകുലത്തിൽ പഠിക്കുന്ന കാലത്താണു കുഞ്ഞൻ ചട്ടമ്പിയായി മാറുന്നത്. മറ്റു കുട്ടികളെ നിയന്ത്രിച്ച് അച്ചടക്കം ഉറപ്പാക്കാൻ ആശാൻ നൽകിയ സ്ഥാനപ്പേരായിരുന്നു ‘ചട്ടമ്പി’.  

∙ തമിഴ്നാട്ടിലും മറ്റുമായി വിവിധ വിഷയങ്ങളിൽ പഠനം.

∙ എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നു തെളിയിക്കുന്ന ‘സർവമതസാമരസ്യം’ ആണ് ചട്ടമ്പിസ്വാമിയുടെ ആദ്യത്തെ കൃതി.  വേദാധികാര നിരൂപണം, പ്രാചീനമലയാളം, ആദിഭാഷ, അദ്വൈത ചിന്താപദ്ധതി, ജീവകാരുണ്യനിരൂപണം, അപൂർവ ചികിത്സാവിധി തുടങ്ങിയവയാണു പ്രധാന രചനകൾ

∙ ശിവയോഗി നീലകണ്ഠ തീർഥപാദരും സ്വാമി തീർഥപാദ പരമഹംസരുമായിരുന്നു പ്രധാന ശിഷ്യർ. സ്വാമി ചിന്മയാനന്ദൻ, സ്വാമി അഭേദാനന്ദൻ, ബോധേശ്വരൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യർ, വെളുത്തേരി കേശവൻ വൈദ്യർ, കുമ്പളത്തു ശങ്കുപ്പിള്ള തുടങ്ങിയവർ പിൻഗാമികളായി. 

∙ കൊല്ലവർഷം 1099 മേടമാസത്തിലെ കാർത്തിക നാളിൽ (1924 മേയ് 5) പന്മനയിൽ സമാധിയായി.

(ചരിത്രകാരനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമാണ് ലേഖകൻ)

English Summary:

Writeup about 100 years since Chattambiswamy Samadhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com