ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞതവണ 10 സീറ്റും തൂത്തുവാരിയ ഹരിയാനയിലെ പുതിയ സംഭവവികാസങ്ങൾ ബിജെപിയെ കടുത്ത സമ്മർദത്തിലാക്കുന്നു. തനിച്ചുനിന്നാലും കുഴപ്പമില്ലെന്ന അമിതമായ ആത്മവിശ്വാസത്തിലാണ് ജെജെപിയുമായുള്ള സഖ്യമൊഴിയാൻ ബിജെപി നേരത്തേ തീരുമാനിച്ചത്. ഏറെ വൈകാതെ സംസ്ഥാനത്തെ ഭരണസഖ്യത്തിൽനിന്നു ജെജെപി പിന്മാറുകയും ചെയ്തു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ വിജയസാധ്യതയുള്ള സ്ഥാനാർഥികളെ പാർട്ടിയിൽനിന്നു കണ്ടെത്താൻപോലും ബിജെപി പ്രയാസപ്പെടുന്ന സ്ഥിതിയായി.

കോൺഗ്രസിൽനിന്നെത്തിയ നവീൻ ജിൻഡാലിനെയും സ്വതന്ത്രനായി സംസ്ഥാന മന്ത്രിസഭയിലുണ്ടായിരുന്ന രഞ്ജിത് സിങ് ചൗട്ടാലെയും പാർട്ടിയിലെടുത്ത് നിമിഷങ്ങൾക്കുള്ളിൽ‍ സ്ഥാനാർഥികളാക്കിയതിൽ അതു വ്യക്തമായിരുന്നു. വീണ്ടും സജീവമായ കർഷകസമരവും ഗുസ്തിതാരങ്ങളുടെ പരിഹാരമാകാത്ത സമരവും അഗ്നിവീർ പദ്ധതിയും ബിജെപിക്കു തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് െജജെപി ലോക്സഭാ സീറ്റിന്റെ പേരു പറഞ്ഞ് തർക്കമുണ്ടാക്കിയതെന്ന സൂചനകളും വന്നിരുന്നു. 

ബിജെപിയുടെ മറ്റു പല കണക്കുകൂട്ടലുകളും പിഴയ്ക്കുകയും ചെയ്തു. ഭരണവിരുദ്ധ വികാരം മറികടക്കുക, ജാട്ട് ഇതര വോട്ടുകൾ നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി നായബ് സിങ് സെയ്നിയെ മുഖ്യമന്ത്രിയാക്കാൻ മാർച്ചിൽ പാർട്ടി തീരുമാനിച്ചത്. അതുകൊണ്ടും രക്ഷയില്ലെന്ന സ്ഥിതിയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തുന്നത്.

മന്ത്രിസഭയിൽ ഉൾ‍പ്പെടുത്താതിരുന്നതാണ് 3 സ്വതന്ത്രർ പിന്തുണ പിൻവലിച്ചതിനു ബിജെപി സൂചിപ്പിക്കുന്ന കാരണം. എന്നാൽ, തങ്ങൾ നാലര വർഷം പിന്തുണ നൽകിയെന്നും സംസ്ഥാനത്തെ തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും വിലക്കയറ്റവും നിലനിൽക്കുന്നതിനാലാണ് ഇപ്പോൾ മാറിച്ചിന്തിക്കുന്നതെന്നുമാണ് പിന്തുണ പിൻവലിച്ച എംഎൽഎമാരിലൊരാളായ രൺധീർ ഗൊല്ലൻ പറഞ്ഞത്.  

ജെജെപിയെ പിളർത്തുമോ ?

90 അംഗ സഭയിൽ 2 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപിക്ക് ഇപ്പോൾ 40 അംഗങ്ങളും ഒരു സ്വതന്ത്രന്റെയും ഹരിയാന ലോക്ഹിത് പാർട്ടി (എച്ച്എൽപി) അംഗത്തിന്റെയും പിന്തുണയാണുള്ളത്. സെയ്നി വിശ്വാസവോട്ടു തേടിയപ്പോൾ വിട്ടുനിൽക്കാനുള്ള വിപ്പ് ലംഘിച്ച് 4 ജെജെപി എംഎൽഎമാർ സഭയിലെത്തിയിരുന്നു. വോട്ടെടുപ്പിനു മുൻപ് ഇവർ സഭ വിട്ടെങ്കിലും ബിജെപിയുമായി സൗഹൃദം സൂക്ഷിക്കുന്നു. ഇവരിൽ 3 പേർ ചില കേസുകളിൽ അന്വേഷണം നേരിടുന്നു. 

ജെജെപിയെ പിളർത്തി സർക്കാർ നിലനിർത്താൻ ബിജെപി ശ്രമിക്കുമോയെന്നാണ് ഇനി കാണേണ്ടത്. ജെജെപിയെ കൂട്ടുപിടിച്ച് സർക്കാരുണ്ടാക്കാൻ തങ്ങൾ ശ്രമിക്കില്ലെന്നാണ് കോൺഗ്രസ് സൂചിപ്പിക്കുന്നത്. ബിജെപിയുടെ അട്ടിമറിരീതി പകർത്താൻ തങ്ങൾക്കു താൽപര്യമില്ലെന്നും സംസ്ഥാനത്തെ കോൺഗ്രസ് അനുകൂല സാഹചര്യം മെച്ചപ്പെടുത്താനാണ് ശ്രമമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഭരണത്തിൽ അടുത്തകാലംവരെ പങ്കാളികളായിരുന്ന ജെജെപിക്കും തിരിച്ചടിയുണ്ടാകാമെന്നു കോൺഗ്രസ് കരുതുന്നു. ഇത്തവണ 10 ലോക്സഭാ സീറ്റിലും ജെജെപി മത്സരിക്കുന്നുണ്ട്. ഇന്ത്യാസഖ്യത്തിൽ കോൺഗ്രസ് 9 സീറ്റിലും ആം ആദ്മി പാർട്ടി കുരുക്ഷേത്രയിലും മൽസരിക്കുന്നു.  

English Summary:

Unexpected struggle for BJP in Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com