ADVERTISEMENT

ഹുഗ്ലി നദിയുടെ കരയിലെ വ്യവസായമേഖലയായ ചംപ്ദാനിയിൽ ദീപ്ഷിത ധറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം ബംഗാളിലെ പുതിയ ഇടതിന്റെ നേർച്ചിത്രമാണ്. റാലിയിൽ ചെങ്കൊടികളുമായി മൂവായിരത്തിലധികം സിപിഎം പ്രവർത്തകർ. ഏറെയും മധ്യവയസ്കരും പ്രായമേറിയവരുമായ പഴയ സഖാക്കൾ. എന്നാൽ സംസ്ഥാനത്തെ സിപിഎം സ്ഥാനാർഥിപ്പട്ടിക ചെറുപ്പം കൊണ്ടു ശ്രദ്ധേയമാണ്. 8 പേർ 40 വയസ്സിനു താഴെയുള്ളവർ.

സെറാംപുരിൽ മത്സരിക്കുന്ന ദീപ്ഷിത ധർ (31) ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. നിലവിൽ എസ്എഫ്ഐ ദേശീയ ജോയിന്റ് സെക്രട്ടറി. പഴയ സഖാക്കളെ ഒഴിവാക്കി ഇത്തരം സമരനായകരെ സ്ഥാനാർഥികളാക്കുക വഴി ബംഗാളിൽ ചില മണ്ഡലങ്ങളിലെങ്കിലും ത്രികോണ മത്സരത്തിനു സിപിഎം കളമൊരുക്കിയിട്ടുണ്ട്. പക്ഷേ, തൃണമൂലും ബിജെപിയും ശക്തമായി രംഗത്തുള്ളപ്പോൾ ഇവർ എന്തു ചലനമുണ്ടാക്കുമെന്നു കണ്ടറിയണം.

ബംഗാൾ തുടർച്ചയായി 34 വർഷം ഭരിച്ച സിപിഎം തിരഞ്ഞെടുപ്പു ജയത്തെക്കാളുപരി നഷ്ടപ്പെട്ട അണികളെ തിരിച്ചുപിടിക്കാനുള്ള ശ്രമാണു നടത്തുന്നത്. ‘‘ബംഗാളിൽ സിപിഎമ്മിന്റെ ഉയിർത്തെഴുന്നേൽപ്പു കാണാം. ഇതു പുതിയ ഇടതാണ്. ചെറുപ്പക്കാരാണ് അതിനു നേതൃത്വം നൽകുന്നത്’’– സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ‘മനോരമ’യോടു പറഞ്ഞു.

‘‘ഞങ്ങളെല്ലാം വന്നത് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയുമാണ്’’– ദിപ്ഷിത പറയുന്നു. ‘‘അധികാരത്തിൽനിന്നു പുറത്തായശേഷം പാർട്ടിയിലേക്കുവന്ന ഒട്ടേറെപ്പേരെ നിങ്ങൾക്കിവിടെ കാണാം. എന്തെങ്കിലും കാര്യം നേടാൻ പാർട്ടിയിൽ ചേർന്നവരല്ല, മറിച്ച് പ്രത്യയശാസ്ത്ര പ്രതിബദ്ധത കാരണം വന്നുചേർന്നവർ’’. ദീപ്ഷിതയ്ക്കു പഠനത്തിന്റെ ഭാഗമായും കേരളം ഏറെ പരിചിതം. പിഎച്ച്ഡിയുടെ ഭാഗമായി പൊന്നാനിയിൽ ഫീൽഡ് സ്റ്റഡി ചെയ്യുന്നുണ്ട്.

‘‘ഞങ്ങളുടെ ഭാഷ പുതിയ തലമുറയുടേതായിരിക്കാം. പക്ഷേ, രാഷ്ട്രീയം മാറുന്നില്ല’’– ജാദവ്പുരിലെ സിപിഎം സ്ഥാനാർഥി ശ്രീജൻ ഭട്ടാചാര്യ (31) പറയുന്നു.

 ‘‘നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിച്ചുതുടങ്ങിയെന്നതിനു കഴിഞ്ഞവർഷത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തെളിവാണ്. ബിജെപിയിലേക്കും തൃണമൂലിലേക്കും പോയ വോട്ടുകൾ ഇത്തവണ സിപിഎമ്മിനു തിരികെക്കിട്ടും.’’ –ദീപ്ഷിത പറയുന്നു. 

 2011 ൽ ഭരണത്തിൽനിന്നു പുറത്തായ ഇടതുപക്ഷത്തിന് 2016 ൽ 19.5% വോട്ടുണ്ടായിരുന്നു. എന്നാൽ, 2021ൽ അത് 4.73% ആയി ഇടിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും 12.56% ആയി ഇടതു വോട്ട് വർധിച്ചിട്ടുണ്ട്. 

നഷ്ടപ്പെട്ട വോട്ട് തിരികെപ്പിടിക്കാൻ സിപിഎമ്മിന്റെ ചെറുപ്പക്കാർ പൊള്ളുന്ന വെയിലിൽ പ്രചാരണം നടത്തുമ്പോൾ പാർട്ടി ഭരിക്കുന്ന കേരളത്തിൽനിന്നു പ്രധാന നേതാക്കൾ പ്രചാരണത്തിനെത്താത്തത് ബംഗാളിലും ചർച്ചയാകുന്നുണ്ട്. 

‘‘ശൈലജ ടീച്ചറെയും പിണറായി വിജയനെയും മിസ് ചെയ്യുന്നുണ്ട്. സമയം ഒത്തുവരാത്തതുകൊണ്ടാകും അവർ എത്താത്തത്’’– ചംപ്ദാനിയിലെ റാലിക്കു മുൻപ് ദീപ്ഷിത പറഞ്ഞു. ‘‘പാർട്ടി വിജയിച്ചാൽ ആഘോഷത്തിൽ പങ്കുചേരാൻ കേരളത്തിലെ സഖാക്കൾ തീർച്ചയായുമെത്തും’’- അവർ പറഞ്ഞു.

English Summary:

Serampore lok sabha constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com