ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നതിനു പുറമേ താഴെത്തട്ടിൽ വരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ സ്മാർട് പിഡിഎസ് പദ്ധതി നടപ്പാക്കാൻ കേരളവും തീരുമാനിച്ചു. പദ്ധതി പ്രകാരം, കാർഡ് അംഗങ്ങളുടെയും റേഷൻ ഇടപാടുകളുടെയും വിവരങ്ങൾ കേന്ദ്ര നിയന്ത്രണത്തിലുള്ള ക്ലൗഡ് സെർവറുകളിലാകും സൂക്ഷിക്കുക. നിലവിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇവ സ്വന്തമായി സൂക്ഷിക്കുന്ന രീതിയാണ്. 

പദ്ധതി വരുന്നതോടെ, മുൻഗണനാ കാർഡുകൾ അനുവദിക്കാനും വിവിധ അപേക്ഷകൾ തീർപ്പാക്കാനും സംസ്ഥാനത്തിനുള്ള അധികാരം പരിമിതമാകും. അതിഥിത്തൊഴിലാളികളുടെ ഭക്ഷ്യഭദ്രത ലക്ഷ്യമാക്കി ഇവർക്ക് കേരളത്തിൽ മുൻഗണനാ കാർഡുകൾ അനുവദിക്കണമെന്ന നിർദേശവും പദ്ധതിയുടെ ഭാഗമാണ്. ഏതു സംസ്ഥാനക്കാർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു പോർട്ടബിലിറ്റി സംവിധാനത്തിലൂടെ റേഷൻ നൽകുന്ന നിലവിലെ സംവിധാനത്തിനു പുറമേ അതിഥിത്തൊഴിലാളികൾക്കു കൂടുതൽ പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി .

സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (സ്മാർട് പിഡിഎസ്) സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പിടാൻ സംസ്ഥാന മന്ത്രിസഭായോഗം ഭക്ഷ്യപൊതുവിതരണ വകുപ്പിന് അനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി ഭക്ഷ്യവകുപ്പാണ്. തിരഞ്ഞെടുപ്പിനു മുൻപു തന്നെ പദ്ധതി മന്ത്രിസഭായോഗം പരിഗണിച്ചെങ്കിലും രാഷ്ട്രീയകാരണങ്ങളാൽ തീരുമാനം നീട്ടിവച്ചു. 2023ൽ ആരംഭിച്ച പദ്ധതി ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും നേരത്തേ അംഗീകരിച്ചതാണ്. 

‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ എന്ന പദ്ധതി വിപുലീകരിച്ചതാണ് 3 വർഷം കൊണ്ടു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്മാർട് പിഡിഎസ്. നേരത്തേ കേന്ദ്രം നടപ്പാക്കിയ സംയോജിത മാനേജ്മെന്റ് പൊതുവിതരണ സംവിധാനം (ഐഎം പിഡിഎസ്) എന്ന പദ്ധതി വിപുലീകരിച്ചതാണിത്. 5 കോടിയിൽ പരം രൂപ ചെലവു വരുന്ന പദ്ധതിയിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാനത്തിന്റെതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com