ADVERTISEMENT

മൂവാറ്റുപുഴ ∙ ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യയെ (67) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട് ഇളയ മകൻ ജിജോയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പവന്റെ മാലയ്ക്കു വേണ്ടി മകൻ അമ്മയുടെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് പറഞ്ഞു.

കൗസല്യയെ ഞായറാഴ്ച രാത്രി ഏഴരയോടെയാണു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു മക്കളായ സിജോയും ജിജോയും നാട്ടുകാരെ അറിയിച്ചത്. ഹൃദയാഘാതമാണ് എന്നാണു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. കസൗല്യയുടെ വീട്ടിൽ എത്തിയ പഞ്ചായത്ത് അംഗം രഹ്ന സോബിൻ മരണം സ്ഥിരീകരിക്കാൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സഹായം അഭ്യർഥിച്ചു. പരിശോധിച്ച ഡോക്ടറാണ് കൗസല്യയുടേതു സ്വാഭാവിക മരണം അല്ലെന്നു പൊലീസിനെ അറിയിച്ചത്. 

കഴുത്തിൽ പാടുകളും കണ്ണിൽ രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നു. കൗസല്യ ധരിച്ചിരുന്ന സ്വർണ മാല കണാതായതും സംശയം ബലപ്പെടുത്തി. ഇന്നലെ രാവിലെ മക്കളായ സിജോയെയും ജിജോയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ജിജോ കുറ്റം സമ്മതിക്കുകയായിരുന്നു. 

അമ്മയുടെ 3 പവന്റെ മല കവരാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നു ജിജോ പൊലീസിനോടു പറഞ്ഞു. ഷാൾ ഉപയോഗിച്ചു കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു കൗസല്യയെ കൊലപ്പെടുത്തിയ ശേഷം മാല കവരുകയായിരുന്നു. പിന്നീടു ഷാൾ പുഴയിൽ ഉപേക്ഷിച്ചു. മാല വീട്ടിൽ‌ തന്നെ ഒളിപ്പിക്കുകയും ചെയ്തു. തെളിവെടുപ്പിനിടെ മാലയും കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും പൊലീസ് കണ്ടെടുത്തു. 

കൗസല്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇന്നലെ എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പോസ്റ്റ്മോർട്ടം വൈകിയതോടെ തിരികെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്കാരം. 

English Summary:

Son murdered mother for gold and he arrested by police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com