ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ഡ്രൈവിങ് ടെസ്റ്റുകൾ ഇന്നലെയും തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങിയത്. അത്യാവശ്യ സാഹചര്യത്തിൽ ടെസ്റ്റിന് എത്തിയവരെയും പ്രതിഷേധക്കാർ തടഞ്ഞു തിരിച്ചയച്ചു. പൊലീസ് സുരക്ഷയുണ്ടായിരുന്നെങ്കിലും മോട്ടർ വാഹന ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് സ്ത്രീകൾ ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ പ്രതിനിധികൾ തടഞ്ഞു. അധികം പ്രതിഷേധക്കാരില്ലാതിരുന്നിടത്തും ഉദ്യോഗസ്ഥർ ടെസ്റ്റ് നടത്താൻ തയാറായില്ലെന്നു പരാതിയുയർന്നു.

പഴയ സർക്കുലറിലെ നിർദേശമാണോ അതോ കഴിഞ്ഞദിവസം ഇളവ് വരുത്തിയ ടെസ്റ്റാണോ നടത്തേണ്ടതെന്ന് കൃത്യതയില്ലെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥരും കേന്ദ്രങ്ങളിൽ നിന്നു പിൻവാങ്ങി. ഇതെത്തുടർന്ന് എല്ലാ പരിഷ്കാര നടപടികളും തൽക്കാലം മാറ്റിവച്ചുള്ള അന്തിമ സർക്കുലർ ഗതാഗത കമ്മിഷണർ ഇന്നലെ വൈകി പുറത്തിറക്കി.

സിഐടിയു യൂണിയൻ പിന്മാറിയെങ്കിലും സമരവുമായി മുന്നോട്ടു പോകുമെന്ന് ഓൾ കേരള ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി അറിയിച്ചു. 13ന് സെക്രട്ടേറിയറ്റിനു മുന്നിൽ  ധർണ നടത്തും. മന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്നും ഡ്രൈവിങ് സ്കൂൾ ഉടമകൾ ആവശ്യപ്പെട്ടു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) രംഗത്തെത്തി.

കാത്തിരിക്കുന്നത് 9 ലക്ഷം

സ്ലോട്ടുകളുടെ എണ്ണം കുറച്ചതിലൂടെ ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണം 9 ലക്ഷമായി. ഇവർ അടച്ച ഫീസായി 130 കോടി രൂപയാണ് സർക്കാരിന്  ലഭിച്ചത്.

മാറ്റങ്ങളുടെ സർക്കുലർ

ടെസ്റ്റിന്റെ എണ്ണം 30 എന്നത് 40 ആയി ഉയർത്തി. റോഡ് ടെസ്റ്റ് നടത്തിയ ശേഷം മതി ഗ്രൗണ്ടിലെ ടെസ്റ്റുകളെന്നതും പുതിയ സർക്കുലറിൽ ഉൾപ്പെടുത്തി. ടെസ്റ്റ് വാഹനത്തിൽ രണ്ടാമത്തെ ക്ലച്ചും ബ്രേക്കും പാടില്ലെന്ന നിർദേശം നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടി.15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശം ആറുമാസം നീട്ടി. അതേ സമയം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ അന്നേ ദിവസം വാഹന ഫിറ്റ്നസ് ടെസ്റ്റിനു പോകാൻ പാടില്ല എന്നതിൽ മാറ്റമില്ല.

English Summary:

Stalled driving tests in Kerala could not be restarted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com