ADVERTISEMENT

മഞ്ചേശ്വരം (കാസർകോട്) ∙ ദേശീയപാതയിൽ കുഞ്ചത്തൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ തൃശൂർ സ്വദേശിയും 2 മക്കളും മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. തൃശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം മഹാദേവക്ഷേത്രത്തിനു സമീപം പുതുമന ശിവകുമാർ (54), മക്കൾ ശരത് (23), സൗരവ് (15) എന്നിവരാണു മരിച്ചത്. ബെംഗളൂരുവിലെ ബന്ധുവീട്ടിൽ പോയ ശേഷം മൂകാംബിക ക്ഷേത്രദർശനവും കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോൾ രാവിലെ 11ന് ആണ് അപകടം. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായതിനാൽ ഭാര്യ സ്മിത കൂടെയുണ്ടായിരുന്നില്ല. 

ആംബുലൻസിലുണ്ടായിരുന്ന കാസർകോട് സ്വദേശികളായ ഉഷ, ഭർത്താവ് ശിവദാസ്, ആംബുലൻസ് ഡ്രൈവർ അബ്ദുറഹ്മാൻ, ആശുപത്രി ജീവനക്കാരൻ റോബിൻ എന്നിവർക്കാണു പരുക്കേറ്റത്. കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആംബുലൻസ് ദിശമാറി വന്നതാണ് അപകടത്തിനിടയാക്കിയത്. ആംബുലൻസ് മറിഞ്ഞു. 

പൂർണമായി തകർന്ന കാറിൽനിന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണു 3 പേരെയും പുറത്തെടുത്തത്. മുൻസീറ്റിലുണ്ടായിരുന്ന ശിവകുമാറും ശരത്തും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പിൻസീറ്റിലുണ്ടായിരുന്ന സൗരവിനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ ഇന്ന് വീട്ടിലെത്തിക്കും. 

35 വർഷമായി യുഎഇയിൽ ജോലിചെയ്യുന്ന ശിവകുമാർ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. 18നു മടങ്ങാനിരുന്നതാണ്. ബിടെക് ബിരുദധാരിയായ ശരത് അടുത്തയാഴ്ച അയർലൻഡിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. സൗരവ് ഇരിങ്ങാലക്കുട നാഷനൽ സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയാണ്.

English Summary:

Father and 2 children die in ambulance and car collision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com