ADVERTISEMENT

കൊച്ചി ∙ കുറ്റസമ്മതം നടത്തി എന്നതുകൊണ്ട് ശിക്ഷയിൽ ഇളവ് നല്‍കാൻ പാടില്ലെന്ന് ഹൈക്കോടതി. ചെയ്ത കുറ്റത്തിന് അനുസൃതമായ ശിക്ഷ ഉറപ്പാക്കിയിരിക്കണമെന്നും ഇക്കാര്യത്തിൽ സംതുലനം സൂക്ഷിക്കണമെന്നും ജസ്റ്റിസ് പി.സോമരാജൻ വ്യക്തമാക്കി. മലപ്പുറം തിരൂർ സ്വദേശി ചെക്കുട്ടി നൽകിയ ഹർജി പരിഗണിച്ചാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് എന്നയാൾക്കെതിരെ കൽപ്പകഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിഴശിക്ഷ മാത്രം വിധിച്ചത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പ്രതിക്ക് കുറ്റസമ്മത മൊഴി ആവശ്യമെങ്കിൽ പിൻവലിക്കാമെന്നും ജൂൺ 10ന് കോടതിയില്‍ വീണ്ടും ഹാജരായി വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ആക്രമിച്ചു പരുക്കേല്‍പ്പിച്ചെങ്കിലും കുറഞ്ഞ ശിക്ഷ മാത്രമാണ് പ്രതിക്ക് നല്‍കിയത് എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചതും തലയ്ക്കു പരുക്കേറ്റതും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. അത്തരം കുറ്റങ്ങൾ ചെയ്തയാൾ കുറ്റസമ്മതം നടത്തി എന്നതു കൊണ്ട് കുറഞ്ഞ ശിക്ഷ നൽകാൻ കഴിയില്ല. കുറ്റത്തിന് അനുസൃതമായിരിക്കണം ശിക്ഷയും. വിചാരണ നേരിടാതെ പ്രതി ഏറെക്കാലം ഒളിവിലായിരുന്നു എന്നതും കോടതി ചൂണ്ടിക്കാട്ടി.

അഭിഭാഷകൻ മുഖേനെയാണ് കുറ്റസമ്മതം നടത്തിയത്. കേസ് തുടർച്ചയായി മാറ്റി വച്ചതുകൊണ്ടാണ് ഹാജരാകാൻ കഴിയാതിരുന്നത് എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. 

English Summary:

Confession should not result in commutation of sentence: Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com