ADVERTISEMENT

കൊച്ചി ∙ കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 3.5 കോടി രൂപ കർണാടകയിൽനിന്ന് ബിജെപിക്കു വേണ്ടി കേരളത്തില്‍ എത്തിയെന്നും എന്നാൽ 3 വര്‍ഷം കഴിഞ്ഞിട്ടും കേസിൽ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപിച്ച് പൊതുതാൽപര്യ ഹർജിയുമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും. 

2021 ഏപ്രില്‍ 3നാണ് തൃശൂര്‍ ജില്ലയിലെ കൊടകരയിൽ വച്ച് കാറിൽ കൊണ്ടുവരികയായിരുന്ന 25 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടത്. തുടർ‍ന്ന് ഇതിന്റെ പേരില്‍ ഏറെ വിവാദങ്ങളും അരങ്ങേറി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ഉള്‍പ്പെടെ ഒട്ടേറെ ആർഎസ്എസ്, ബിജെപി നേതാക്കളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഈ പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന നിലപാടാണ് സുരേന്ദ്രൻ ആവർത്തിച്ചിട്ടുള്ളത്. കേസിൽ സുരേന്ദ്രനെ സാക്ഷിയായി ഉള്‍പ്പെടുത്തിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

മൂന്നര കോടി രൂപയാണ് അന്ന് കൊള്ളയടിക്കപ്പെട്ടതെന്നും ഈ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കർണാടകയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണെന്നുമാണ് ഹർജിക്കാരുടെ വാദം. ഇത്തരത്തിലുള്ള പണം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന്റെ സാധുതയെ തന്നെ ഇല്ലാതാക്കും. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ യുഎപിഎ വകുപ്പുകൾ ഇതിൽ ഉൾപ്പെടുത്തണം. ഇതുവരെ ശരിയായ ദിശയിലല്ല അന്വേഷണം നടന്നിട്ടുള്ളത്. കുഴല്‍പ്പണ ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാരിനോട് നിർദേശിക്കണം. ഇക്കാര്യത്തിൽ എൻഐഎ അന്വേഷണത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്യാനും സംസ്ഥാന സർക്കാരിന് നിർദേശം നല്‍കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com