ADVERTISEMENT

തിരുവനന്തപുരം / കൊച്ചി / കോഴിക്കോട് ∙ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ  വിമാനത്താവളങ്ങളിൽ‌ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്തുനിന്നു ഷാർജയിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നത്.

വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, വീസ റദ്ദാകുന്നവർ അടക്കം ഈ വിമാനത്തിലുണ്ടായിരുന്നു. ചിലർ ടിക്കറ്റ് റദ്ദാക്കി നാൽപതിനായിരത്തോളം രൂപ മുടക്കി ഇൻഡിഗോയുടെ ടിക്കറ്റെടുത്തു. തുള്ളി വെള്ളം പോലും കുടിക്കാൻ ലഭിച്ചില്ലെന്നും കഴിക്കാൻ ബ്രെഡ് തന്നെ കിട്ടിയത് ഭാഗ്യമെന്നുമാണ് ചില യാത്രക്കാർ പറഞ്ഞത്.

അർധരാത്രി നൂറിലേറെ പേരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. കൊച്ചിയില്‍ ഇന്ന് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഷാര്‍ജ, മസ്കറ്റ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് റദ്ദാക്കിയത്. മുപ്പതോളം വിമാനങ്ങളാണ് യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. ക്യാബിൻ ക്രൂവിന്റെ സമരം നിയമവിരുദ്ധമെന്നാണ് കമ്പനിയുടെ വിശദീകരണം.

യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്ര സംവിധാനമോ ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി. അലവൻസ് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇരുന്നൂറോളം ജീവനക്കാർ പണിമുടക്കുന്നത്. കൂട്ടത്തോടെ സിക്ക് ലീവെടുത്താണ് പ്രതിഷേധമെന്ന് അധികൃതർ പറയുന്നു.

മണിക്കൂറുകളോളം കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാർ പ്രതികരിച്ചു. രണ്ട് മണിക്കൂര്‍ മുൻപു മാത്രമാണ് വിമാനങ്ങൾ റദ്ദായെന്ന അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്. കണ്ണൂരില്‍ വ്യാഴാഴ്ച മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പിലാണ് യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിപ്പ്. എന്നാൽ ഏതെങ്കിലും ഒരുദിവസം ടിക്കറ്റ് നൽകിയിട്ട് കാര്യമില്ലെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടി.

English Summary:

Even those who have to go to work tomorrow and whose visas are canceled are stuck at the airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com