ADVERTISEMENT

കൊച്ചി ∙ ഗുണ്ടാ തലവൻ പെരുമ്പാവൂർ അനസിന്റെ അടുത്ത കൂട്ടാളികളുടെ വീടുകളും മറ്റും തീവ്രവാദവിരുദ്ധ സ്ക്വാഡ് റെ‍യ്ഡ് ചെയ്തതിന്റെ പ്രധാന കാരണം തോക്കിന്റെ ഉപയോഗം വ്യാപകമായതെന്നു സൂചന. സംസ്ഥാനത്തേക്ക് വലിയ തോതിൽ വിദേശനിർമിത, നാടൻ കള്ളത്തോക്കുകൾ എത്തുന്നെന്നും ഇതിനു പിന്നിൽ സംഘടിത കുറ്റവാളി സംഘങ്ങൾക്കു പങ്കുണ്ട് എന്നുമാണ് പൊലീസിന്റെ അനുമാനം. കൊച്ചി– ആലുവ– പെരുമ്പാവൂർ മേഖലയിൽ പെരുകുന്ന സംഘർഷങ്ങളിൽ തോക്കിന്റെ ഉപയോഗം കൂടിയിട്ടുണ്ട് എന്നതും പ്രധാനമാണ്. ഈ മേഖലയിൽ അഞ്ചോളം ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നതും പൊലീസിന്റെ ശ്രദ്ധ ഇവിടേക്കെത്താൻ കാരണമായി. 

അറസ്റ്റിലായ കരുമാലൂർ‍ മാഞ്ഞാലി കൊച്ചുകുന്നുംപുറം വലിയ വീട്ടിൽ റിയാസ് എന്ന താടി റിയാസ് പൊലീസിനോട് പറഞ്ഞത്, അനസാണ് തനിക്കു തോക്കുകൾ നൽകിയതെന്നാണ്. മൂന്നു വർഷം മുൻപു നൽകിയതാണ് ഈ തോക്കുകൾ എന്നാണ് ഇയാൾ പറയുന്നത്. 2 റിവോൾവറുകൾ, 2 പിസ്റ്റലുകൾ, 8.85 ലക്ഷം രൂപ, 25 തിരകൾ, 2 കത്തികൾ എന്നിവ ഇന്നലെ റിയാസിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. അനസിന്റെ മറ്റു കൂട്ടാളികളുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും പൊലീസ് റെയ്ഡ് നടത്തി.

ആലുവയിൽ നിന്ന് പിടിച്ചെടുത്ത തോക്കുകൾ
ആലുവയിൽ നിന്ന് പിടിച്ചെടുത്ത തോക്കുകൾ

അനസ് വ്യാജ പാസ്പോർട്ടിലാണ് രാജ്യം വിട്ടതെന്ന് ആരോപണമുണ്ട്. കാപ്പ ചുമത്തപ്പെട്ട, നിരവധി കേസുകളിൽ പ്രതിയായ അനസ് ഇത്തരത്തിൽ പൊലീസിനെ കബളിപ്പിച്ച് രാജ്യം വിട്ടതിന്റെ നാണക്കേടും പൊലീസിനുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു നാളുകളായി അനസുമായി ബന്ധപ്പെട്ടവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. അതിനിടെയാണ്, മുൻ സംഘാംഗമായ ഔറംഗസേബ് അനസിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നത്.  

മുബാറക് വധവും തട്ടിക്കൊണ്ടു പോകലുകളും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് താടി റിയാസ്. ഇവരുടെ ശക്തികേന്ദ്രമായ ആലങ്ങാട് മേഖലയിൽനിന്ന് തോക്കുകൾ പിടികൂടുന്നത് മൂന്നാം തവണയാണ്. നാലു മാസം മുൻപ് ആലങ്ങാട് നീറിക്കോട് സ്വദേശികളായ യുവാക്കളിൽനിന്നു തോക്കുകൾ കണ്ടെത്തിയിരുന്നു. തോക്കുചൂണ്ടി പണം തട്ടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. കരുമാലൂർ പാണാടുള്ള ഒഴിഞ്ഞ വീടിന്റെ മുകളിൽനിന്ന് ഒരു വർഷം മുൻപ് തോക്ക് കണ്ടെത്തിയിരുന്നു. 

കഴിഞ്ഞ ഫെബ്രുവരിയിൽ കത്രിക്കടവ് ഇടശേരി ബാർ വെടിവയ്പോടെയാണ് കൊച്ചിയിലും പരിസരത്തുമുള്ള ഗുണ്ടാ സംഘങ്ങളുടെ പക്കൽ തോക്കുണ്ട് എന്നത് കൂടുതൽ വ്യക്തമായത്. പിസ്റ്റലും റിവോൾവറുമൊക്കെ ഇപ്പോൾ ഗുണ്ടകള്‍ സ്ഥിരമായി കൊണ്ടു നടക്കുന്നു. സ്വയരക്ഷയ്ക്കും എതിരാളികളെ പേടിപ്പിക്കാനുമാണ് ഇത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പെരുകിയതോടെ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതിനും മറ്റും തോക്ക് ഉപയോഗിക്കുന്നതു പതിവായി.

ഗുണ്ടാനേതാവ് പെരുമ്പാവൂർ അനസ്  Photo-instagram.com/anas_perumbavoor
ഗുണ്ടാനേതാവ് പെരുമ്പാവൂർ അനസ് Photo-instagram.com/anas_perumbavoor

അധോലോകമെന്നാൽ മുംബൈയും മംഗലാപുരവും എന്നൊക്കെ കരുതിയിരുന്ന കാലത്ത് കേരളത്തിലേക്ക് തോക്കുകൾ എത്തിയിരുന്നത് ഇവിടങ്ങളിൽ നിന്നായിരുന്നു. ഇന്ന് തോക്കുകൾ എത്തുന്നത് ബിഹാർ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നാണ്. 3,000 രൂപ മുതൽ ലഭിക്കുന്ന ‘കട്ട’ എന്നു വിളിക്കുന്ന നാടൻ തോക്കായിരുന്നു ബിഹാറിലെ തോക്കിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന ‘മുങ്ങറി’ന്റെ പ്രത്യേകത. ഒന്നോ രണ്ടോ തവണ മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഈ നാടൻ തോക്കുകൾക്ക് വലിയ പരിഷ്കാരം വന്നു. ഇന്ന് 9,000 മുതൽ 15,000 രൂപയ്ക്ക് വരെ 7.65 എംഎം തോക്കുകൾ ലഭിക്കും. നാടൻ തോക്കുകൾ 25,000 രൂപ മുതൽ 50,000 രൂപയ്ക്കു വരെ ലഭ്യമാണെന്ന് റിപ്പോർട്ടുകളുണ്ട്.  

പിസ്റ്റൽ, റിവോൾവർ എന്നിവയുമായി താരതമ്യപ്പെടുത്തിയാൽ നാടൻ തോക്കുകളും അവയുടെ പുത്തൻ പതിപ്പുകളും കൂടുതൽ മാരകമാണ്. വെടിയേൽ‍ക്കുന്ന ആളിന്റെ ശരീരം തുളഞ്ഞ് ഉണ്ട പുറത്തുവരുമെന്നാണ് ഇതിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. വിദേശ നിർമിത തോക്കുകൾ കേരളത്തിലെത്തുന്നത് നേപ്പാൾ, ബംഗ്ലദേശ് വഴിയാണെന്ന് ഈ മേഖലയെ കുറിച്ച് പഠിച്ചിട്ടുള്ളവർ പറയുന്നു. ഇത്തരത്തിൽ അതിര്‍ത്തി കടന്നെത്തുന്ന തോക്കുകള്‍ക്കും കേരളത്തിൽ ആവശ്യക്കാരുണ്ട്. 2.5–3 ലക്ഷം രൂപയ്ക്ക് ഇവ ലഭ്യമാകും.

ചിലർ ഇത് അഭിമാനചിഹ്നമായി പോലും ഉപയോഗിച്ചു തുടങ്ങി എന്നാണ് വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. കൊച്ചി–ആലുവ–പെരുമ്പാവൂർ ബെൽറ്റ് മാത്രമല്ല തോക്കിന്റെ കേന്ദ്രമെന്നും കാസർകോട്, കണ്ണൂർ‍, കോഴിക്കോട് ജില്ലകളിലേക്കും തോക്കുകൾ എത്തുന്നുവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം. 

English Summary:

Kochi became hub of pistols,guns and goondas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com