ADVERTISEMENT

തിരുവനന്തപുരം∙ അടുത്തവർഷം ഒക്ടോബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വാർഡുകളുടെ പുനർനിർണയം നടത്താനുള്ള തീരുമാനം സർക്കാരിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. 1200 വാർഡുകൾ പുതുതായി വരുമ്പോൾ അത്രയും അംഗങ്ങൾക്ക് ഓണറേറിയവും സീറ്റിങ് ഫീസും നൽകേണ്ടിവരും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് വ്യത്യസ്ത ഓണറേറിയമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ് ഉയർന്ന ഓണറേറിയം-16800 രൂപ. കുറവ് പഞ്ചായത്ത് അംഗത്തിനും-8000രൂപ. സെൻസസ് നടത്താതെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയിക്കുന്നത് ഗുണകരമാകില്ലെന്ന് വിദഗ്ധർ പറയുന്നു. 2011ലാണ് അവസാനമായി സെൻസസ് നടന്നത്. 2001ലെ സെൻസസ് അടിസ്ഥാനത്തിലാണ് ഇപ്പോൾ തദ്ദേശ സ്ഥാപന അതിർത്തികളെന്നും ജനസംഖ്യ മാറുന്നതിന് അനുസരിച്ച് കാലോചിതമായ മാറ്റം വേണമെന്നുമാണ് മറുവാദം.

പുനർവിഭജനത്തിലൂടെ ഗ്രാമപഞ്ചായത്തിൽ 941 വാർഡുകൾ കൂടും. 8000 രൂപയാണ് മെംബറുടെ ഓണറേറിയം. 75 ലക്ഷം രൂപ ഓണറേറിയം ഇനത്തിൽ പഞ്ചായത്തു തലത്തിൽ മാത്രം സർക്കാർ പ്രതിമാസം കണ്ടെത്തണം. ഇതിനു പുറമേ സിറ്റിങ് ഫീസും നൽകണം.

2001ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2010ലാണ് പൂർണമായി വാർഡുകളുടെ പുനർനിർണയം നടന്നത്. 2015ൽ ചില വാർഡുകളുടെ പുനർനിർണയം മാത്രമാണ് നടന്നത്. 28 മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും പുതുതായി രൂപീകരിച്ചു. പഞ്ചായത്തുകളുടെ രൂപീകരണം കോടതി തടഞ്ഞു. 2020ൽ‍ കോവിഡു കാരണം പുനർനിർണയം നടന്നില്ല. മുൻപ് രാഷ്ട്രീയ താൽപര്യം മുന്‍നിർത്തി സർക്കാരുകൾ വാർഡുകളുടെ പുനർനിർണയം നടത്തിയിരുന്നു. ശക്തമായ നിയമങ്ങളുള്ളതിനാൽ ഇപ്പോൾ അതിനു കഴിയില്ല. എങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് വാർഡ് പുനർനിർണയത്തോട് താൽപര്യമുണ്ട്. വാർഡ് പുനർനിർണയം കൊണ്ട് സമയ നഷ്ടവും കേസുമല്ലാതെ കാര്യമായ പ്രയോജനം ഇല്ലെന്ന് തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. 

‍വാർഡുകളുടെ പുനർ നിർണയം ഇങ്ങനെ: പുനർനിർണയത്തിനായി ഡീലിമിറ്റേഷൻ കമ്മിഷനെ നിയമിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയർമാനും സർക്കാർ നിയോഗിക്കുന്ന 4 അംഗങ്ങളും കമ്മിഷനിലുണ്ടാകും. കമ്മിഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനം ഇറക്കും. പുനർനിർണയത്തിനുള്ള നിർദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകും. അതിന്റെ കരട് വിജ്ഞാപനം ചെയ്യും. പരാതികളുണ്ടെങ്കിൽ അറിയിക്കാം. അന്വേഷണം നടത്തി ജില്ലാ ആസ്ഥാനത്ത് ഹിയറിങ് നടത്തും. പിന്നീട് അന്തിമ വിജ്ഞാപനം ഇറക്കും. വാർഡുകളുടെ അതിർത്തി അനുസരിച്ച് വോട്ടർ പട്ടിക തയാറാക്കും. പിന്നീട് പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടിക തയാറാക്കി തിരഞ്ഞെടുപ്പ് നടത്തും.

∙ അറിയാം ജനപ്രതിനിധികളുടെ ഓണറേറിയം

ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്– 14200
വൈസ് പ്രസിഡന്റ്–11600
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ–9200
മെമ്പർ–8000

ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് –15600
വൈസ് പ്രസിഡന്റ്–13000
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ–9800
മെമ്പർ–8600

ജില്ലാ പഞ്ചായത്ത്

പ്രസിഡന്റ് –16800
വൈസ് പ്രസിഡന്റ്–14200
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ–10400
മെമ്പർ–9800

മുനിസിപ്പാലിറ്റി

ചെയർമാൻ –15600
വൈസ് ചെയർമാൻ–13000
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ–9800
കൗൺസിലർ–8600

കോർപറേഷൻ

മേയർ –15800
ഡെപ്യൂട്ടി മേയർ–13200
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ–9400
കൗൺസിലർ–8200

English Summary:

Delimitation of wards before local elections in October next year will create huge financial burden to government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com