ADVERTISEMENT

കൊച്ചി∙ ഒരു ഗ്രാം സ്വർണത്തിന് 6605 രൂപയാണ് ഇന്നലത്തെ വില. ഒരു ഗ്രാം വെള്ളിക്ക് 87 രൂപയും. സ്വർണത്തിന്റെ  പൊലിമയും വിലയും ഇല്ലെങ്കിലും നിശബ്ദമായി മുന്നേറുകയാണ് വെള്ളി.  കുറഞ്ഞ നിരക്കിൽ വൈവിധ്യമാർന്ന ആഭരണങ്ങൾ എന്ന സവിശേഷതയാണ് വെള്ളി ആഭരണ വിപണിക്ക് അനുകൂലമാകുന്നത്. വ്യത്യസ്തമാർന്ന ഡിസൈനിലുള്ള വെള്ളി ആഭരണങ്ങളോട് പുതുതലമുറയ്ക്കുള്ള പ്രിയവും ആഭരണ വിപണിയെ സജീവമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വെള്ളി ആഭരണ വിപണി കാഴ്ചവച്ചത് വൻ മുന്നേറ്റമാണ്. ആഭരണ വിൽപനയിൽ ഉണ്ടായത് 5% വളർച്ച.

പാദസരം, അരഞ്ഞാണം തുടങ്ങിയവയിൽ മാത്രം ഒതുങ്ങിയിരുന്ന വെള്ളി ആഭരണങ്ങളിൽ ഇപ്പോൾ വലിയ തോതിലുള്ള കലക്‌ഷനുകൾ ലഭ്യം. വൈറ്റ് ഗോൾഡ്, റോസ് ഗോൾഡ്, യെല്ലോ ഗോൾഡ് തുടങ്ങിയ നിറങ്ങളിൽ ഏതു തൂക്കത്തിലും വെള്ളി ആഭരണങ്ങൾ ലഭിക്കും. ലൈറ്റ് വെയ്റ്റ് മാലകൾ, കമ്മലുകൾ, മോതിരങ്ങൾ, നെക്‌ലേസ് തുടങ്ങിയവയ്ക്കാണ് വിപണിയിൽ വലിയ ഡിമാൻഡ്. എന്നാലും കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് പാദസരവും പുരുഷൻമാർ ഉപയോഗിക്കുന്ന വളയുമാണ്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഈ വർഷം ആദ്യ രണ്ടു മാസത്തെ ഇന്ത്യയുടെ വെള്ളി ഇറക്കുമതി 2932 ടൺ ആണ്. 2023ലെ മൊത്തം കണക്കെടുത്താൽ 3,625 ടണ്‍ മാത്രം.

വീട്ടുപകരണങ്ങളും വെള്ളിയിൽ 
വെള്ളിത്തളികകൾ, വിളക്കുകൾ, ജലധാര യന്ത്രങ്ങൾ, ഡിന്നർ സെറ്റുകൾ, ദൈവശിൽപങ്ങൾ തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്.  പുതുതായി ഡൈനിങ് ടേബിൾ, കസേരകൾ, സോഫാ സെറ്റുകൾ, കട്ടിലുകൾ തുടങ്ങിയവയും വെള്ളിയിൽ നിർമിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു വർഷമായാണ് വെള്ളി ആഭരണ വിപണിക്കു പ്രിയമേറിയത്. ഉപയോക്താക്കളെ ആകർഷിക്കാനായി ഡിസൈനിൽ വലിയ പരീക്ഷണങ്ങളും ജ്വല്ലറികൾ നടത്തുന്നുണ്ടെന്ന് ഡോ.ബി. ഗോവിന്ദൻ ( ഭീമ ജ്വല്ലറി) പറയുന്നു. 

വെള്ളി വിലയും ഉയർന്നു
രാജ്യാന്തര സ്വർണവില 1800 ഡോളറിൽ നിന്നു 2430 ഡോളറിലേക്ക് എത്തിയ കാലയളവിൽ വെള്ളി വില 22 ഡോളറിൽ നിന്ന് 25 ഡോളറിലേക്ക് എത്തിയ ശേഷം ഇപ്പോൾ 30 ഡോളറിന് അടുത്ത് എത്തി നിൽക്കുന്നു. നിലവിൽ സംസ്ഥാനത്ത് സാധാരണ വെള്ളിക്ക് ഗ്രാമിന് 87 രൂപയാണ്. 

English Summary:

Silver jewelery market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com