ADVERTISEMENT

ചെന്നൈ∙ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെ സിംഗിൾ ഓടാൻ തയാറാകാതെ ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്. ധോണി. ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ്ങിന്റെ അവസാന ഓവറിൽ നോൺ സ്ട്രൈക്കറായിരുന്ന ഡാരിൽ മിച്ചല്‍ ആവശ്യപ്പെട്ടിട്ടും ധോണി ഓടാൻ കൂട്ടാക്കിയില്ല. അർഷ്ദീപ് സിങ് എറിഞ്ഞ 20–ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ഡീപ് കവറിലേക്കു പന്ത് ഉയർത്തി അടിച്ച ധോണി സിംഗിൾ വേണ്ടെന്ന നിലപാടിലായിരുന്നു.

ധോണി ഓടുമെന്നു പ്രതീക്ഷിച്ച് ക്രീസ് വിട്ട ഡാരിൽ മിച്ചൽ മറുവശത്തേക്ക് എത്തിയെങ്കിലും, ധോണി ഓടാൻ തയാറായില്ല. ഇതോടെ ഡാരിൽ മിച്ചൽ‌ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്കു തന്നെ തിരിച്ചോടി. പഞ്ചാബ് ഫീൽഡർ, മിച്ചലിനെ റൺഔട്ടാക്കാൻ ശ്രമിച്ചെങ്കിലും ത്രോ മിസ്സായതുകൊണ്ട് രക്ഷപെട്ടു. അടുത്ത പന്തിൽ ധോണിക്ക് റണ്ണൊന്നും എടുക്കാൻ സാധിച്ചില്ല. എന്നാൽ അഞ്ചാം പന്ത് ഡീപ് എക്സ്ട്രാ കവറിനു മുകളിലൂടെ സിക്സർ പറത്തി ധോണി ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയ ആരാധകരെ ആവേശത്തിലാക്കി.

വമ്പനടികൾക്കു പേരുകേട്ട കിവീസ് താരം ഡാരിൽ മിച്ചലിന് അവസാന ഓവറിൽ പോലും സ്ട്രൈക്ക് നൽകാത്തതിന് ധോണിക്കെതിരെ വിമർശനം ഉയരുകയാണ്. ധോണിയുടെ ‘സെൽഫിഷ്’ മനോഭാവമാണ് ഇതിലൂടെ തെളിയുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ചെന്നൈ ഇന്നിങ്സിലെ അവസാന പന്തിൽ ധോണി റൺഔട്ടായി. ഹർഷൽ പട്ടേലും വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും ചേർന്നാണ് ധോണിയെ പുറത്താക്കിയത്.

മത്സരത്തിൽ 11 പന്തുകൾ നേരിട്ട ധോണി 14 റൺസെടുത്തു. ഒരു സിക്സും ഒരു ഫോറും താരം ബൗണ്ടറി കടത്തി. അവസാന പന്തുകളിൽ തകർത്തടിക്കാറുള്ള ധോണിക്ക് പഞ്ചാബിനെതിരെ അതിനു സാധിച്ചില്ല. ഒരു പന്തു മാത്രം നേരിട്ട ‍ഡാരിൽ മിച്ചൽ ഒരു റൺ മാത്രമെടുത്തു പുറത്താകാതെനിന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു.

ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌‍വാദ് 48 പന്തിൽ 62 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറില്‍ പഞ്ചാബ് കിങ്സ് വിജയത്തിലെത്തി. നാലാം വിജയത്തോടെ എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ് കിങ്സ് ഉള്ളത്. തോറ്റെങ്കിലും ചെന്നൈ സൂപ്പർ കിങ്സ് നാലാമതുണ്ട്. പത്തു മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈയ്ക്ക് അഞ്ച് വിജയങ്ങളുമായി പത്ത് പോയിന്റാണുള്ളത്.

English Summary:

Denied Single By MS Dhoni, CSK Star Daryl Mitchell Runs Double

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com