ADVERTISEMENT

മുംബൈ∙ തമിഴ്നാട്ടിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ ടീമിലെത്താൻ ബുദ്ധിമുട്ടുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ബദ്രീനാഥ്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും തമിഴ്നാട്ടിൽനിന്നുള്ള പേസർ ടി. നടരാജനെ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയതാണ് ബദ്രീനാഥിനെ ചൊടിപ്പിച്ചത്. സഞ്ജു സാംസൺ‌, ശിവം ദുബെ എന്നിവരെ ടീമിലെടുത്തത് ഗംഭീര തീരുമാനമാണെന്നും എന്നാൽ തമിഴ്നാട്ടിൽനിന്നുള്ള താരങ്ങൾ ടീമിലെത്താൻ കൂടുതൽ പരിശ്രമിച്ചിട്ടും നടക്കുന്നില്ലെന്നും ബദ്രീനാഥ് ആരോപിച്ചു.

‘‘ലോകകപ്പ് ടീമിൽ എന്തിനാണ് നാലു സ്പിന്നർമാർ? തമിഴ്നാട്ടിൽനിന്നുള്ള ചില ക്രിക്കറ്റ് താരങ്ങൾക്ക് അവസരം കിട്ടണമെങ്കിൽ മറ്റുള്ളവർ ചെയ്യുന്നതിന്റെ ഇരട്ടി പ്രകടനം നടത്തണം. അതാണ് എനിക്കു മനസ്സിലാകാത്തത്. അവരെ എന്താണ് ആരും പിന്തുണയ്ക്കാത്തത്? ടി. നടരാജൻ ലോകകപ്പ് ടീമിൽ ഉണ്ടാകേണ്ട താരമാണ്. പല തവണ ഞാനും ഈയൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആരും പറയാത്തതുകൊണ്ടാണ് ഞാൻ ഇക്കാര്യം പറയുന്നത്.’’– ബദ്രീനാഥ് ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.

‘‘അശ്വിൻ അഞ്ഞൂറു വിക്കറ്റ് നേടിയിട്ടുണ്ട്. ചിലർ അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുകയാണ്. എനിക്ക് അതു മനസ്സിലാകുന്നില്ല. മുരളി വിജയ് എന്നൊരു മികച്ച ക്രിക്കറ്റ് താരം ഉണ്ടായിരുന്നു. രണ്ടു മത്സരങ്ങൾ മോശമാകുമ്പോഴേക്കും അദ്ദേഹത്തേയും ചോദ്യം ചെയ്തിട്ടുണ്ട്. കുറച്ചു കാലമായി ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടാണ് പറയുന്നത്.’’

‘‘രോഹിത് ശർമ ക്യാപ്റ്റനായും ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായും കളിക്കുമ്പോൾ മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസം എനിക്കുണ്ട്. ശിവം ദുബെയെയും, സഞ്ജു സാംസണെയും ടീമിലെടുത്തത് കലക്കന്‍ തീരുമാനമാണ്. രണ്ടു പേരും ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. ശിവം ദുബെ മധ്യ ഓവറുകളിലും, സഞ്ജു സാംസൺ ബാക്കപ്പ് വിക്കറ്റ് കീപ്പറായും കളിക്കട്ടെ. അർഷ്ദീപ് സിങ് ടീമിലുണ്ട്. ഖലീൽ അഹമ്മദ് വരെ റിസർവായുണ്ട്. എന്നിട്ടും എന്തിനാണ് നടരാജനെ ഒഴിവാക്കിയതെന്നു മനസ്സിലാകുന്നില്ല.’’– ബദ്രീനാഥ് ഒരു എക്സ് വിഡിയോയിൽ പറഞ്ഞു.

ടി.നടരാജനെ ലോകകപ്പ് ടീമിൽ കളിപ്പിക്കണമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറും പ്രതികരിച്ചിരുന്നു. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ താരമാണ് നടരാജൻ. ഏഴു മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകൾ താരം ഐപിഎൽ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്. ബോളര്‍മാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നടരാജനുള്ളത്.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

English Summary:

S Badrinath slams BCCI over T20 World Cup team selection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com