ADVERTISEMENT

ധരംശാല ∙ പന്തിന് അപ്രതീക്ഷിത വഴി കാണിക്കുന്ന ധരംശാലയിലെ വേഗം കുറഞ്ഞ പിച്ച് ആദ്യം മോഹിപ്പിച്ചത് പഞ്ചാബ് ബോളർമാരെയാണ്. പക്ഷേ കൂടുതൽ സന്തോഷിപ്പിച്ചത് ചെന്നൈ സ്പിന്നർമാരെയും. ഇരു ടീമുകളും പന്തേറിൽ മത്സരിച്ച ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 28 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത് 168 റൺസ് വിജയലക്ഷ്യമുയർത്തിയ ചെന്നൈ പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 139 റൺസിൽ പിടിച്ചുകെട്ടി. സ്കോർ: ചെന്നൈ– 20 ഓവറിൽ 9ന് 167. പഞ്ചാബ്– 20 ഓവറിൽ 9ന് 139. 

ഓൾറൗണ്ട് പ്രകടനത്തോടെ തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയശിൽപി. 43 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായ ജഡേജ ബോളിങ്ങിൽ 3 നിർണായക വിക്കറ്റുകൾ വീഴ്ത്തി. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായി.  എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്ത പഞ്ചാബിനെ ചെന്നൈ വീഴ്ത്തിയത് പിച്ചിന്റെ മർമം തിരിച്ചറിഞ്ഞ ബോളിങ്ങിലൂടെയാണ്. സീസണിലെ ആദ്യ മത്സരം കളിക്കുന്ന കിവീസ് സ്പിന്നർ മിച്ചൽ സാന്റ്നർ ആദ്യ ഓവറിൽ 2 റൺസ് മാത്രം വഴങ്ങി ഓപ്പണർമാരെ പരീക്ഷിച്ചപ്പോൾ അടുത്ത ഓവറിൽ 2 വിക്കറ്റുമായി പേസർ തുഷാർ ദേഷ്പാണ്ഡെ അതിന്റെ ഫലം കൊയ്തു. ജോണി ബെയർസ്റ്റോയും (7) റിലീ റൂസോയും (0) പുറത്ത്. 53 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി പ്രഭ്സിമ്രൻ സിങ്ങും (23 പന്തിൽ 30) ശശാങ്ക് സിങ്ങും (20 പന്തിൽ 27) പഞ്ചാബിനെ കരകയറ്റാൻ ശ്രമിക്കുമ്പോൾ സ്പിന്നർമാർ വീണ്ടും വില്ലനായി. ശശാങ്കിനെ സാന്റ്നറും പ്രഭ്സിമ്രനെ ജഡേജയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി. അശുതോഷ് ശർമയുടെയും (3) സാം കറന്റെയും (7) വിക്കറ്റുകൾ കൂടി ജഡേജ നേടിയതോടെ പഞ്ചാബിന്റെ പ്രതീക്ഷകളെല്ലാം പൊലിഞ്ഞു. 

ടോസ് വഴങ്ങി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ വിറച്ചതും പഞ്ചാബിന്റെ സ്പിൻ ആക്രമണത്തിനു മുന്നിലാണ്. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് നേടിയ ചെന്നൈയ്ക്കു രാഹുൽ ചാഹർ എറിഞ്ഞ ഏഴാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ഋതുരാജ് ഗെയ്ക്‌വാദിനെയും (32) ശിവം ദുബെയെയും (0) നഷ്ടമായി. ഡാരിൽ മിച്ചലിന്റെ (30) വിക്കറ്റ് ഹർഷൽ പട്ടേലും നേടിയതോടെ വെറും 6 റൺസിനിടെ ചെന്നൈയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായി. തആറാമനായി ബാറ്റിങ്ങിനെത്തിയ രവീന്ദ്ര ജഡേജ നടത്തിയ ചെറുത്തുനിൽപ്പാണ് (26 പന്തിൽ 43) അവരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പഞ്ചാബിനായി രാഹുൽ ചാഹറും ഹർഷൽ പട്ടേലും 3 വിക്കറ്റ് വീതം നേടി. അർഷ്‌ദീപ് സിങ് 2 വിക്കറ്റ് വീഴ്ത്തി. 

English Summary:

Chennai Super Kings vs Punjab Kings, IPL Cricket match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com