ADVERTISEMENT

ലക്നൗ ∙ സുനിൽ നരെയ്ന്റെ ബാറ്റിന് ഇത്ര പവറോ? സ്പിൻ, പേസ് വ്യത്യാസമില്ലാതെ ബോളർമാരെ ബൗണ്ടറി കടത്തുന്ന ബാറ്റിങ് വെടിക്കെട്ട് കണ്ടപ്പോൾ ലക്നൗ സൂപ്പർ ജയന്റ്സ് ആരാധകർ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും!. 39 പന്തിൽ 81 റൺസുമായി കത്തിക്കയറിയ ഓപ്പണർ നരെയ്ൻ കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്കു നയിച്ചപ്പോൾ തിരിച്ചടിക്കാൻ ലക്നൗ ടീമിൽ ആരുമുണ്ടായില്ല.

ബാറ്റിങ്ങിലും ബോളിങ്ങിലും ലക്നൗവിനെ നിലംപരിശാക്കിയ കൊൽക്കത്തയ്ക്ക് 98 റൺസിന്റെ ഉജ്വല ജയം. ആദ്യം ബാറ്റു ചെയ്ത് 235 റൺസ് നേടിയ കൊൽക്കത്ത എതിരാളികളെ 137 റൺസിൽ ഓൾഔട്ടാക്കി. സ്കോർ: കൊൽക്കത്ത– 20 ഓവറിൽ 6ന് 235. ലക്നൗ– 16.1 ഓവറിൽ 137. നരെയ്നാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

ലക്നൗ സ്റ്റേഡിയത്തിലെ ഉയർന്ന ടീം സ്കോർ നേടിയശേഷം ഫീൽഡിങ്ങിനിറങ്ങുമ്പോൾ പാതി ജയിച്ച മനസ്സായിരുന്നു കൊൽക്കത്ത താരങ്ങൾക്ക്. പ്രഹരശേഷി വർധിച്ച അവരുടെ ബോളിങ് നിരയ്ക്കു മുൻപിൽ ലക്‌നൗവിന്റെ തുടക്കം പിഴച്ചു. രണ്ടാം ഓവറിൽ അർഷിൻ കുൽക്കർണി (9) പുറത്ത്. കെ.എൽ.രാഹുലും (25) മാർക്കസ് സ്റ്റോയ്നിസും (36) ചേർന്നുള്ള 50 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഹർഷിത് റാണ പൊളിച്ചതോടെ ബാറ്റിങ് തകർച്ച തുടങ്ങി. തുടർന്ന് ഒരു ഓവറിൽ ഒരു വിക്കറ്റ് എന്നതായിരുന്നു കൊൽക്കത്തയുടെ കണക്ക്. ഹർഷിതും വരുൺ‌ ചക്രവർത്തിയും 3 വിക്കറ്റ് വീതം നേടി. 

നേരത്തേ, നരെയ്നും വിക്കറ്റ് കീപ്പർ ഫിൽ സോൾട്ടും (14 പന്തിൽ 32) ചേർന്നു നൽകിയ മിന്നൽ‌ തുടക്കമായിരുന്നു കൊൽക്കത്ത ബാറ്റിങ്ങിന്റെ അടിത്തറ. അഞ്ചാം ഓവറിൽ നവീൻ ഉൽ ഹഖിന്റെ പന്തിൽ സോൾട്ട് പുറത്താകുമ്പോൾ ടീം സ്കോർ 62 റൺസ് എത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ ആൻഗ്രിഷ് രഘുവംശിക്കൊപ്പം (26 പന്തിൽ 32) 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ അതിൽ 53 റൺസും നരെയ്ന്റെ ബാറ്റിൽ നിന്നായി. 6 ഫോറും 7 സിക്സും പറത്തിയ നരെയ്ൻ 12–ാം ഓവറിൽ പുറത്തായതിനു പിന്നാലെ കൊൽക്കത്തയുടെ റൺറേറ്റ് താഴ്ന്നു. അതിന്റെ നഷ്ടം പരിഹരിച്ചത് ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ രമൺദീപ് സിങ്ങാണ്. 6 പന്തിൽ 25 റൺസ് നേടിയ രമൺദീപാണ് ടീം സ്കോർ 235ൽ എത്തിച്ചത്.

English Summary:

Kolkata knight riders win against Lucknow Super Giants in IPl Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com