ADVERTISEMENT

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യന്‍ താരം ഹർഭജൻ സിങ്. ഒൻപതാം നമ്പറിൽ ഇറങ്ങാനാണു ധോണിയുടെ ശ്രമമെങ്കിൽ, താരത്തെ ടീമിനു പുറത്തിരുത്തി പകരം ഒരു ഫാസ്റ്റ് ബോളറെ ഇറക്കുന്നതായിരിക്കും നല്ലതെന്ന് ഹര്‍ഭജൻ സിങ് പ്രതികരിച്ചു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഷാർദൂൽ ഠാക്കൂറിനും ശേഷം ഒൻപതാം നമ്പറിലാണു ധോണി ബാറ്റു ചെയ്യാനിറങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ വെറ്ററൻ താരം ബോൾഡായി.

‘‘ഒന്‍പതാമനായാണ് ധോണിക്ക് ബാറ്റിങ്ങിന് ഇറങ്ങേണ്ടതെങ്കില്‍ അദ്ദേഹത്തെ കളിപ്പിക്കാതിരിക്കുകയാണു വേണ്ടത്. പ്ലേയിങ് ഇലവനിൽ ഒരു ഫാസ്റ്റ് ബോളറെക്കൂടി ഉൾപ്പെടുത്തുന്നതാണു നല്ലത്. ധോണിയാണു തീരുമാനങ്ങൾ എടുക്കുന്നത്. അദ്ദേഹം തന്നെ ബാറ്റിങ്ങിന് ഇറങ്ങാതെ ടീമിനെ പ്രതിരോധത്തിലാക്കുന്നു. ഇന്നലെ ഷാർദൂൽ ഠാക്കൂറാണു ധോണിക്കു മുൻപേ ബാറ്റിങ്ങിന് ഇറങ്ങിയത്. ഠാക്കൂറിന് ഒരിക്കലും ധോണിയെപ്പോലെ ബാറ്റു ചെയ്യാൻ സാധിക്കില്ല.’’

‘‘ധോണി എന്തിനാണ് ഈയൊരു തെറ്റു ചെയ്തതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ധോണിയുടെ അനുവാദമില്ലാതെ ചെന്നൈ സൂപ്പർ കിങ്സിൽ ഒന്നും നടക്കില്ല. മറ്റാരുടെയെങ്കിലും തീരുമാനത്തിലായിരിക്കില്ല ധോണി ബാറ്റിങ് ക്രമത്തിൽ താഴേക്കു പോയത്. പഞ്ചാബ് കിങ്സിനെതിരെ ധോണി ബാറ്റു ചെയ്യാതെ മടിച്ചുനിന്നത് എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.’’– ഹർഭജൻ സിങ് ഒരു സ്പോര്‍ട്സ് മാധ്യമത്തിൽ പ്രതികരിച്ചു. ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും ധോണിക്കു കീഴിൽ കളിച്ചിട്ടുള്ള താരമാണ് ഹർഭജൻ സിങ്.

മത്സരത്തിൽ 28 റൺസ് വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ സാധിച്ചുള്ളൂ. 12 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ്.‌‌

English Summary:

Better To Include A Fast Bowler Than Playing MS Dhoni: Harbhajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com