ADVERTISEMENT

മുംബൈ ∙ ട്വന്റി20 ക്രിക്കറ്റിലെ നമ്പർ വൺ ബാറ്റർ താൻ തന്നെയാണെന്ന് സൂര്യകുമാർ യാദവ് ഒരിക്കൽകൂടി തെളിയിച്ചു. ഐപിഎൽ 17–ാം സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച മുംബൈ ഇന്ത്യൻസിന് ആശ്വാസത്തിന്റെ വെളിച്ചം സമ്മാനിച്ച് സൂര്യ ഉദിച്ചുയർന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് 7 വിക്കറ്റ് ജയം. സൂര്യയുടെ അപരാജിത സെ‍ഞ്ചറിയുടെ (51 പന്തിൽ 102) മികവിൽ ഹൈദരാബാദ് ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. സൂര്യ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.

വിജയസൂര്യൻ

174 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെയും (9) രോഹിത് ശർമയെയും (4) നഷ്ടമായി. വൈകാതെ മൂന്നാമൻ നമൻ ദിറും (0) മടങ്ങിയതോടെ 3ന് 31 എന്ന നിലയിലേക്ക് മുംബൈ വീണു. നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ– തിലക് വർമ (32 പന്തിൽ 37 നോട്ടൗട്ട്) സഖ്യമാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 4–ാം വിക്കറ്റിൽ 79 പന്തിൽ 143 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 51 പന്തിൽ 6 സിക്സും 12 ഫോറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിങ്സ്.

പതറി ഹൈദരാബാദ്

പതിവുപോലെ ട്രാവിസ് ഹെഡ് (30 പന്തിൽ 48) മികച്ച തുടക്കം നൽകിയിട്ടും മറ്റു ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ ഒരുഘട്ടത്തിൽ 5ന് 96 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. 3 വിക്കറ്റ് വീതം വീഴ്ത്തിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും 
പിയൂഷ് ചൗളയുമാണ് ഹൈദരാബാദിനെ വരിഞ്ഞുകെട്ടിയത്. 150 കടക്കില്ലെന്നു തോന്നിച്ച ഹൈദരാബാദ് ടോട്ടൽ 173ൽ എത്തിച്ചത് അവസാന ഓവറുകളിൽ ക്യാപ്റ്റൻ പാറ്റ് കമിൻസ് (17 പന്തിൽ 35 നോട്ടൗട്ട്) നടത്തിയ ചെറുത്തുനിൽപാണ്. 2 വീതം സിക്സും ഫോറും അടങ്ങുന്നതാണ് കമിൻസിന്റെ ഇന്നിങ്സ്.

English Summary:

Mumbai Indians beat Sunrisers Hyderabad in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com