ADVERTISEMENT

ന്യൂഡൽഹി ∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ.രാഹുലിന് അത്താഴവിരുന്നൊരുക്കി ടീം ഉടമ സഞ്ജീവ് ഗോയങ്ക. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിലെ ദയനീയ തോൽവിക്കു പിന്നാലെ രാഹുലിനെ ഗ്രൗണ്ടിൽ വച്ച് ഗോയങ്ക ശകാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോ‌ടെ ഗോയങ്കയെ വിമർശിച്ച് ലക്നൗ ആരാധകർ രംഗത്തെത്തി.

ഇതിനു പിന്നാലെയാണ് ഗോയങ്ക രാഹുലിനെ തന്റെ ന്യൂഡ‍ൽഹിയിലുള്ള വസതിയിൽ അത്താഴത്തിനു ക്ഷണിച്ചത്. ഇതോടെ ടീം ഉടമയും ക്യാപ്റ്റനും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പായെന്ന വിശ്വാസത്തിലാണ് ആരാധകർ. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിനു തോൽപിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണു നേടിയത്.

മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുക്കാനേ ലക്നൗ സൂപ്പർ ജയന്റ്സിനു സാധിച്ചുള്ളൂ. മത്സരത്തിൽ മൂന്നു പന്തുകള്‍ നേരിട്ട കെ.എൽ. രാഹുൽ അഞ്ച് റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. സീസണിലെ ഏഴാം തോൽവിയോടെ ലക്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. 13 മത്സരങ്ങൾ പൂർത്തിയാക്കിയ ലക്നൗവിന് 12 പോയിന്റുകൾ മാത്രമാണുള്ളത്. ഏഴാം സ്ഥാനത്തുള്ള ലക്നൗ അടുത്ത കളി ജയിച്ചാൽ 14 പോയിന്റാകും.

നെറ്റ് റൺറേറ്റിൽ വളരെ പിന്നിലാണ് ലക്നൗ ഉള്ളത്. –787 ആണ് ലക്നൗവിന്റെ നെറ്റ് റൺ റേറ്റ്. 17ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്നൗവിന്റെ അടുത്ത മത്സരം. 19 പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും 16 പോയിന്റുമായി രാജസ്ഥാൻ റോയൽസും ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾ പ്ലേ ഓഫ് സ്ഥാനത്തിനായി പോരാട്ടത്തിലാണ്.

English Summary:

LSG owner Sanjiv Goenka hosts captain KL Rahul for dinner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com