ADVERTISEMENT

പാരിസ് ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടി ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടു വിട പറയാമെന്ന് ആഗ്രഹിച്ച കിലിയൻ എംബപെയ്ക്കു നിരാശ. ചാംപ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനോട് 1–0 തോൽവി വഴങ്ങിയ പിഎസ്ജിയുടെ ആദ്യ യൂറോപ്യൻ കിരീടമെന്ന സ്വപ്നം വീണ്ടും പൊലിഞ്ഞു. ബൊറൂസിയ ഡോർട്മുണ്ട് ചാംപ്യൻസ് ലീഗ് ഫൈനലിൽ. ആദ്യപാദത്തിൽ 1–0ന് ഡോർട്മുണ്ട് പിഎസ്ജിയെ തോൽപിച്ചിരുന്നു. ഇരുപാദ സ്കോർ: 2–0. ബയൺ മ്യൂണിക് – റയൽ മഡ്രിഡ് രണ്ടാം സെമി വിജയികളുമായി ജൂൺ ഒന്നിനു ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഡോർട്മുണ്ടിന്റെ ഫൈനൽ.

50–ാം മിനിറ്റിൽ, ജൂലിയൻ ബ്രാൻഡ്റ്റിന്റെ കോർണർ കിക്ക് ഗോളിലേക്കു ഹെഡ് ചെയ്ത മാറ്റ് ഹമ്മൽസാണ് ഡോർട്മുണ്ടിനു വിജയഗോൾ സമ്മാനിച്ചത്. അതിനു മുൻപും ശേഷവും പന്ത് ഏതാണ്ടു മുഴുവൻ നേരവും പിഎസ്ജിയുടെ പക്കലായിരുന്നിട്ടും ദൗർഭാഗ്യം അവർക്കു മുന്നിൽ മതിലായി നിന്നു. എംബപെയുടെ ലോ ഷോട്ട് ഡോർട്മുണ്ട് ഗോൾകീപ്പർ ഗ്രിഗർ കോബൽ തടുത്തിട്ടതായിരുന്നു തുടക്കം. തൊട്ടുപിന്നാലെ പ്രതിരോധനിരയിൽ തട്ടി ദിശ മാറിപ്പോയ എംബപെയുടെ ക്ലോസ് റേഞ്ച് ഗ്രിഗർ കോബൽ ഒറ്റക്കൈ കൊണ്ടു രക്ഷപ്പെടുത്തി. മിഡ്ഫീൽഡർ വിറ്റിഞ്ഞയുടെ 25 മീറ്റർ ദൂരെനിന്നുള്ള ഷോട്ട് ഗോൾബാറിലിടിച്ചപ്പോൾ പാർക്ക് ദെ പ്രിൻസസ് സ്റ്റേഡിയം നിറഞ്ഞ പിഎസ്ജി ആരാധകരുടെ നിരാശ ഉച്ചത്തിലായി.

കളിയുടെ 70% പന്തവകാശവും പിഎസ്ജിക്ക് ആയിരുന്നിട്ടും ഡോർട്മുണ്ട് മത്സരം വിജയിച്ചതിനു പിന്നിൽ ഒരു കാരണമേയുള്ളൂ. മത്സരശേഷം പിഎസ്ജി ക്യാപ്റ്റൻ മാർക്വി‍ഞ്ഞോസ് തന്നെ അതു പറഞ്ഞു: ‘ഞങ്ങൾക്കു കാര്യക്ഷമത കുറവായിരുന്നു. അവർ ഇത്തവണ ഗോൾ നേടിയത് കോർണർ കിക്കിൽനിന്നായിരുന്നു. കഴിഞ്ഞ തവണ (ആദ്യപാദ സെമി) ഒരു കൗണ്ടർ അറ്റാക്കിൽനിന്നും’. 1966ൽ യുവേഫ കപ്പ് വിന്നേഴ്സ് കപ്പും 1997ൽ ചാംപ്യൻസ് ലീഗും നേടിയിട്ടുള്ള ഡോർട്മുണ്ട് മൂന്നാം കിരീടമാണു സ്വപ്നം കാണുന്നത്. 2013ലാണ്  മുൻപ് ഡോർട്മുണ്ട്    ഫൈനൽ    കളിച്ചത്.  

നിരാശ; പിഎസ്ജിക്കും എംബപെയ്ക്കും

‌ചാംപ്യൻസ് ലീഗ് ട്രോഫി എന്ന പിഎസ്ജിയുടെ യൂറോപ്യൻ മോഹം വീണ്ടും പൊലിഞ്ഞു. ഖത്തർ ഉടമസ്ഥർ നാളുകളായി സ്വപ്നം കാണുന്ന യൂറോപ്യൻ കിരീടം നേടിക്കൊടുക്കാൻ കഴിയാതെയാണ് ഫ്രഞ്ച് താരം കിലിയൻ എംബപെയും ഈ സീസൺ ഒടുവിൽ ക്ലബ് വിടുന്നത്. 

 ലണ്ടനിൽ ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ചു പിഎസ്ജിയോടു ബൈ പറയാൻ ആഗ്രഹിച്ച എംബപെയ്ക്കും ഇന്നലത്തെ തോൽവി വലിയ നിരാശയുടേതായി. ഒരിക്കൽ മാത്രമാണ് പിഎസ്ജിക്കു ചാംപ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ കഴിഞ്ഞത്. 2020 ലെ ഫൈനലിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോടു പിഎസ്ജി തോൽക്കുകയും ചെയ്തു. മേയ് 25നു നടക്കുന്ന ഫ്രഞ്ച് കപ്പ് ഫൈനലിൽ ഒളിംപിക് ലയോണിനെതിരെ എംബപെ പിഎസ്ജി ജഴ്സിയിൽ അവസാന മത്സരം കളിക്കും.

English Summary:

Borussia Dortmund beat PSG in UEFA Champions League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com