ADVERTISEMENT

ജയവും പരാജയവും ഒരുപോലെ കണ്ടറിഞ്ഞിട്ടുണ്ട്, പി.കെ.നവജ്യോത്. മുൻ എൽഡിസി പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ഒന്നാമനായ നവജ്യോത് ആ വിജയകഥ പങ്കുവയ്ക്കുമ്പോൾ കണ്ണടച്ചു പിന്തുടരാവുന്ന ഗുണപാഠം കൂടിയാണത്.

ആദ്യമെഴുതിയ പരീക്ഷകളിൽ പരാജയം നേരിട്ട് ഇരട്ടി ഊർജത്തോടെ പഠനം തുടർന്ന ഈ കണ്ണൂർ ചിറയ്ക്കൽ സ്വദേശിയുടെ പേര് പതിഞ്ഞ ലിസ്റ്റുകൾക്കും നീളമേറെയുണ്ട്. സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് 14–ാം റാങ്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽ സ്മാൻ 25–ാം റാങ്കും നേടിയ നവജ്യോത് സ്പെഷൽ ബ്രാഞ്ച് സിഐഡി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും കമ്പനി അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഷോർട് ലിസ്റ്റിലും ഇടം നേടിയിട്ടുണ്ട്. ഇപ്പോൾ കണ്ണൂർ കോർപറേഷനിൽ ക്ലാർക്കായ നവജ്യോതിന്റെ ‘എൽഡിസി വിജയരഹസ്യം’ അറിയാം.

Turning Point

ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിലെ ‘സപ്ലി’കൾ എഴുതാനുള്ള പഠനത്തിനിടയിലാണു പിഎസ്‌സിയിലും കൈവച്ചത്. അച്ഛനും അമ്മയും സർക്കാർ സർവീസിലായത് ആ വഴിക്കു തിരിയാൻ ധൈര്യം പകർന്നു. എൻജിനീയറിങ് പൂർത്തി യാക്കുമ്പോഴേക്കു സർക്കാർ സർവീസ് കയ്യെത്തിപ്പിടിക്കാവുന്ന അകല ത്തിലെത്തി. കോവിഡിനെ തുടർന്നു മറ്റൊന്നും ചെയ്യാൻ ഇല്ലാതിരുന്ന നാളുകളിലാണു പിഎസ്‌സി പഠനം പുരോഗമിച്ചത്. മൂന്നു സുഹൃത്തുക്കൾക്കൊപ്പം ചേർന്നായിരുന്നു പഠനം. സൗഹൃദത്തിന്റെ ഊഷ്മളതയും തയാറെടുപ്പിനു കെട്ടുറപ്പേകി.

My Strategy

എൽഡിസി സിലബസിൽ ഉൾപ്പെട്ട ഭാഗങ്ങളെല്ലാം പരമാവധി പഠിക്കുമെന്ന് മുൻപേ ഉറപ്പിച്ചിരുന്നു. ഇംഗ്ലിഷും മലയാളവും ഗണിതവും ഉൾപ്പെടെ എല്ലാ വിഷയങ്ങളും ദിവസേന പഠിച്ചു. കംബൈൻഡ് സ്റ്റഡിയായിരുന്നതുകൊണ്ട് പരമാവധി നോട്ടുകൾ ശേഖരിക്കാൻ അവസരം ലഭിച്ചു. നവമാധ്യമങ്ങളിൽനിന്നുവരെ നോട്സ് കണ്ടെത്തി. പഠിച്ചതു പലവട്ടം റിവിഷൻ ചെയ്തു പുതുക്കി. ഒന്നോ രണ്ടോ വട്ടം വായിച്ചു പഠിച്ചതു കൊണ്ടുമാത്രം ഒബ്ജെക്ടീവ് മാതൃകയിലുള്ള, അതിവേഗം നേരിടേണ്ട പരീക്ഷകളിൽ ഉത്തരം കണ്ടെത്താനാവില്ല. പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സുമൊക്കെപ്പോലെ പരന്നുകിടക്കുന്ന വിഷയങ്ങളിൽ ആശങ്കയില്ലാതെ ഉത്തരം കണ്ടെത്താൻ റിവിഷൻ പഠനം അനിവാര്യമാണ്.

Key to Success

മാതൃകാപരീക്ഷകൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള പഠനമാണു റാങ്ക് നേട്ടത്തിൽ നിർണായകമായത്. മുൻകാല ചോദ്യ പേപ്പറുകൾ ഉൾപ്പെടെ മാതൃകാ ചോദ്യങ്ങൾ പരമാവധി ശേഖരിച്ചു സോൾവ് ചെയ്യാൻ ശ്രദ്ധിച്ചു. പിഎസ്‌സി പരീക്ഷയുടെ അതേ സമയം ‘സെറ്റ്’ ചെയ്താണ് മോക് ടെസ്റ്റുകൾ പരീശിലിച്ചത്. പരീക്ഷാഹാളിലെ സമ്മർദവും ആശങ്കകളും ഇല്ലാതാക്കാൻ ഇത് ഏറെ സഹായിച്ചു.

ചോദ്യങ്ങൾ നേരിടാനും സ്വന്തമായൊരു ‘സ്ട്രാറ്റജി’ തയാറാക്കിയിരുന്നു. എളുപ്പമുള്ള ഭാഗം ആദ്യം സോൾവ് ചെയ്യണമെന്നാണു പൊതുവേ പറയാറുള്ളത്. പക്ഷേ, എനിക്കു ധൈര്യം പകർന്നത് എതിർരീതിയാണ്. ഗണിതം എനിക്കത്ര വഴങ്ങുന്നതല്ല. പരീക്ഷയിൽ ആദ്യം നേരിട്ടതു ഗണിതത്തെയാണ്. പിന്നീടാണു ജികെ ചോദ്യങ്ങളിലേക്കു കടന്നത്.

Get Ready

പഠനം എങ്ങനെ ഫോക്കസ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പിഎസ്‌സി പരീക്ഷകളിലെ വിജയസാധ്യത. സിലബസും പരീക്ഷാരീതികളും മനസ്സിലാക്കിയുള്ള ‘സ്മാർട് വർക്ക്’ ആകണം പഠനം. എൻസിഇആർ‍ടി പാഠപുസ്തകങ്ങളിലെ, പിഎസ്‌സി സിലബസുമായി ബന്ധപ്പെട്ട അധ്യായങ്ങൾ അരച്ചുകലക്കി പഠിക്കുന്നത് ഏറെ പ്രയോജനപ്പെടും. ഒരുവട്ടം പഠിച്ചത് എത്രത്തോളം റിവിഷൻ ചെയ്യാനാകുമോ അത്രയും ഗുണം ചെയ്യും. കറന്റ് അഫയേഴ്സിന്റെ കാര്യത്തിലും വിട്ടുവീഴ്ച പാടില്ല. ഓരോ ദിവസവും പ്രത്യേക ശ്രദ്ധ നൽകേണ്ട മേഖലയാണിത്. തൊഴിൽവീഥിയും ദിനപത്രങ്ങളും പിന്തുടരുന്നത് ആനുകാലിക ചോദ്യങ്ങളുടെ ‘പരീക്ഷണം’ അതിജീവിക്കാൻ കരുത്താകും. മോക് ടെസ്റ്റുകൾ ചെയ്തു ചെയ്ത് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയ്ക്കു പോകാൻ.

Success Mantra

നിശ്ചയദാർഢ്യത്തോടെ സമീപിക്കേണ്ട ഒന്നാണു പിഎസ്‌സി പരിശീലനം. ജോലി കിട്ടിയിട്ടേ പഠനം നിർത്തൂ എന്ന ഉറപ്പോടെ വേണം കടന്നുവരാൻ. പെട്ടെന്നു ജോലി കിട്ടുമെന്ന പ്രതീക്ഷ വേണ്ട. തയാറെടുപ്പിൽ പാളിച്ചയില്ലെങ്കിൽ ജോലി കിട്ടും. ഏതാനും പരീക്ഷകൾ എഴുതി ലിസ്റ്റിൽ ഇടംനേടാനാവാതെ വരുമ്പോൾ ലക്ഷ്യത്തിൽനിന്നു പിൻമാറുന്നവരാണ് ഏറെയും. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വിഇഒ പരീക്ഷകളാണ് ഞാൻ ആദ്യം എഴുതിയത്. രണ്ടു ലിസ്റ്റിലും ഇടം കണ്ടില്ല. പിന്മാറാതെ കൂടുതൽ ഉണർവോടെ പഠിക്കാൻ ആ തിരിച്ചടികൾ പ്രയോജനപ്പെടുത്തി. അതിന്റെ ഗുണം പിന്നീടുള്ള പരീക്ഷകളിൽ കിട്ടി. ഇത്തവണ എൽഡിസിക്ക് ഒരു പരീക്ഷ മാത്രമേയുള്ളൂ. തയാറെടുപ്പിനു സമയവും ധാരാളം. ഒരുവട്ടമൊന്ന് ആഞ്ഞു പഠിച്ചാൽ മതി, ഒറ്റ ചാൻസിൽ ജയം ഉറപ്പിക്കാം. 

English Summary:

PSC LDC Rank holder Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com