ADVERTISEMENT

വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ വീസ ഇളവുകളുമായി തായ്​ലൻഡ്. ഇന്ത്യയിൽ നിന്നും തായ്​വാനിൽ നിന്നുമുള്ള സഞ്ചാരികൾക്കാണ് വീസ ഇളവുകൾ നൽകാൻ തായ്​ലൻഡ് കാബിനറ്റ് തീരുമാനിച്ചത്. ഈ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കു 2024 നവംബർ 11 വരെ വീസ ഇല്ലാതെ തായ്​ലൻഡിലേക്കു പ്രവേശിക്കാവുന്നതാണെന്നു പ്രധാനമന്ത്രി സ്രെത്ത താവിസിൻ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതൽ ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പുതിയ നടപടി.

വീസ ഇല്ലാതെ എത്തുന്ന സഞ്ചാരികൾക്കു 30 ദിവസം വരെ രാജ്യത്തു തുടരാവുന്നതാണ്. രാജ്യത്തിന്റെ വ്യത്യസ്തവും മനോഹരവുമായ കാഴ്ചകൾ ആസ്വദിക്കാൻ ഈ കാലയളവിൽ സാധിക്കും. കഴിഞ്ഞ വർഷം നവംബറിലാണ് ചില രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വീസ ഇല്ലാതെ രാജ്യത്തേക്കു പ്രവേശനം അനുവദിച്ചത്. നേരത്തെ, ഇന്ത്യയിൽ നിന്നും തായ്​വാനിൽ നിന്നുമുള്ള സഞ്ചാരികൾക്കു വീസ ഓൺ അറൈവൽ സ്കീമിൽ 15 ദിവസം രാജ്യത്തു താമസിക്കാമായിരുന്നു. എന്നാൽ, ഇപ്പോൾ ഇത് 30 ദിവസമായി വർധിച്ചിരിക്കുകയാണ്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഒഴിവുകാലം ചെലവഴിക്കാൻ എത്തുന്ന രാജ്യമാണ് തായ്​ലൻഡ്. അതുകൊണ്ടു തന്നെ തായ്​ലൻഡിലേക്കു നിരവധി വിനോദസഞ്ചാരികൾ എത്തുന്ന റഷ്യ, ചൈന എന്നിവിടങ്ങളിൽ  നിന്നുള്ള സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീസ നിയമത്തിൽ നിരവധി ഇളവുകളാണ് വരുത്തിയത്. 

2024 ന്റെ ആദ്യ നാലു മാസങ്ങളിൽ തായ്​ലൻഡിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർധിച്ചു. രാജ്യത്തെ വിനോദ സഞ്ചാര - കായിക മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 12 മില്യൺ സഞ്ചാരികളാണ് ഈ കാലയളവിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ സഞ്ചാരികളുടെ എണ്ണത്തിൽ 39 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം രാജ്യത്ത് എത്തിയ ആകെ സഞ്ചാരികളിൽ പകുതിയും ചൈന, മലേഷ്യ. റഷ്യ, സൗത്ത് കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്. ഇതിൽ നിന്നു തന്നെ തായ്​ലൻഡിന്റെ വിനോദസഞ്ചാര മേഖലയിൽ ഈ രാജ്യങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു വ്യക്തമാണ്.

കോവിഡ് 19 കൊണ്ടു വന്ന വെല്ലുവിളികളെ മറികടക്കാനാണ് തായ്​ലൻഡ് വീസ ഇളവുകളുമായി എത്തിയിരിക്കുന്നത്. ഇന്ത്യ, തായ്​വാൻ എന്നീ രാജ്യങ്ങൾക്കുള്ള വീസ ഇളവുകൾ നീട്ടുമ്പോൾ രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ പുനരുജ്ജീവനം ആണ് തായ്​ലൻഡ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് തായ്​ലൻഡ്. ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിൽ നിന്ന് തായ്​ലൻഡിലേക്ക് ഓരോ വർഷവും എത്തുന്നത്. മനോഹരമായ സംസ്കാരവും ആരെയും ആകർഷിക്കുന്ന ബീച്ചുകളും തിരക്കുള്ള നഗരങ്ങളും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുകയാണ് തായ്​ലൻഡ്.

ബാങ്കോക്കിലെ തിരക്കേറിയ തെരുവുകളിൽ നിന്ന് ഫുക്കെറ്റ് പോലുള്ള മനോഹരമായ ദ്വീപുകളിലേക്കു വ്യത്യസ്തമായ ഒരു യാത്രയാണ് തായ്​ലൻഡ് ഓരോ സഞ്ചാരിക്കും നൽകുന്നത്. തായ്​ലൻഡ് ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഒരു അവധിക്കാല കേന്ദ്രം മാത്രമല്ല, വളരെ അടുത്തുള്ളതും ചെലവ് താങ്ങാൻ കഴിയുന്നതുമായ ഒരു സ്ഥലം കൂടിയാണ്. തെരുവുകളിലെ കടകളിൽ നിന്നു കിട്ടുന്ന രുചികരമായ ഭക്ഷണങ്ങളും പുരാതന ക്ഷേത്രങ്ങളും ശാന്തമായ ബീച്ചുകളുമെല്ലാം ഓരോ സഞ്ചാരിയെയും തായ്​ലൻഡിലേക്ക് ആകർഷിക്കുന്നു. തായ്​ലൻഡിന്റെ ആതിഥേയത്വവും ചലനാത്മകമായ രാത്രികളും സമ്പന്നമായ സംസ്കാരവും ഇന്ത്യൻ സഞ്ചാരികൾക്ക് ഈ രാജ്യം അത്രയേറെ പ്രിയപ്പെട്ടതാക്കുന്നു.

English Summary:

Thailand Opens Its Doors: Visa-Free Entry for Indian Travelers Extended Until November 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com