ADVERTISEMENT

ബെംഗളൂരു∙ ലൈംഗിക പീഡന വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെ ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം മാത്രമേ തിരിച്ചെത്തൂ എന്നു സൂചന. എംപിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ജർമനിയിലേക്കു പോകാൻ പദ്ധതിയിട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്. 

പ്രജ്വലിന്റെ പീഡനത്തിന് ഇരയായ യുവതിയെ പിതാവ് എച്ച്.ഡി.രേവണ്ണ തട്ടിക്കൊണ്ടു പോയെന്ന കേസിൽ 4 പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രേവണ്ണയുടെ അടുത്ത അനുയായി സതീഷ് ബാബണ്ണ നേരത്തെ അറസ്റ്റിലായിരുന്നു. പാരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലുള്ള രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി 13ന് പരിഗണിക്കാനായി മാറ്റി. 

അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച കേസിൽ എംപിയുടെ മുൻ ഡ്രൈവർ ഉൾപ്പെടെ 4 പേർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹാസൻ സെഷൻസ് കോടതി തള്ളി. പ്രജ്വലിന്റെ ഫോണിൽ നിന്ന് വിഡിയോകൾ ചോർത്തിയെന്നു സംശയിക്കുന്ന കാർത്തിക് മലേഷ്യയിലേക്ക് കടന്നിരുന്നു. 

ഇതിനിടെ, കേസിൽ സർക്കാരിനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എൻ.ജഗദീശ രാജിവച്ചു.മുതിർന്ന അഭിഭാഷകരെ അഡീഷനൽ എസ്പിപിമാരായി സർക്കാർ നിയമിച്ചതിനു പിന്നാലെ ജഗദീശയെ നീക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദൾ നേതൃത്വം ഗവർണർക്കു പരാതി നൽകി.

ഒരു പരാതി പോലും ലഭിച്ചിട്ടില്ല; വ്യാജ പരാതിക്ക് സമ്മർദം: വനിതാ കമ്മിഷൻ

ന്യൂഡൽഹി ∙ പ്രജ്വൽ രേവണ്ണ എംപിയുടെ പീഡനത്തിന് ഇരയായവരിൽ നിന്ന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നു ദേശീയ വനിതാ കമ്മിഷൻ. അതേസമയം വ്യാജ പരാതി നൽകാൻ സമ്മർദം ചെലുത്തിയെന്ന് ഒരു സ്ത്രീ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. പ്രജ്വലിനെതിരെ 700 സ്ത്രീകൾ പരാതി നൽകിയിട്ടും വനിതാ കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണു വിശദീകരണം. എംപിക്കെതിരെ 2 ലൈംഗിക പീഡന കേസുകളും പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കെതിരെ തട്ടിക്കൊണ്ടു പോകൽ കേസുമാണ് ഇതേവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 

English Summary:

Prajwal Revanna will continue to stay 'abroad'; May return after election result declaration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com