ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭൂമി തരംമാറ്റ നടപടികളെ സ്വകാര്യ ഏജൻസികളും റവന്യു വകുപ്പിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥരും ഉൾപ്പെട്ട മാഫിയ നിയന്ത്രിക്കുന്നതായി വിജിലൻസ് റിപ്പോർട്ട്. 10 മുതൽ 50 സെന്റ് വരെ ഭൂമി തരം മാറ്റാൻ 3 ലക്ഷം രൂപ വരെ ഏജൻസികൾ ഫീസായി ഈടാക്കുന്നതായും റിപ്പോർട്ടിലുണ്ട്.

ഒരു ഏജൻസിയുടെ മൊബൈൽ നമ്പറിൽനിന്നു മാത്രം 700 അപേക്ഷകൾ വിവിധ റവന്യു ഡിവിഷനൽ ഓഫിസുകളിൽ (ആർഡിഒ) ലഭിച്ചതായി വിജിലൻസിന്റെ ‘ഓപ്പറേഷൻ കൺവേർഷൻ’ പരിശോധനയിൽ കണ്ടെത്തി. സ്വകാര്യ ഏജൻസികളും വിരമിച്ച ഉദ്യോഗസ്ഥരും ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ഒരു ഏജൻസിയാണു കൂട്ട അപേക്ഷകൾ സമർപ്പിച്ചത്.

ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടെ ഉടമകളെ ഏജൻസികൾ കണ്ടെത്തി ധാരണയിലേർപ്പെട്ട ശേഷം ആർഡി ഓഫിസുകളിൽ തരംമാറ്റത്തിന് അപേക്ഷ സമർപ്പിക്കും. പിന്നീട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേടുകൾ നടത്തും. ആർഡി ഓഫിസുകളിൽനിന്നു കൃഷി ഓഫിസിലേക്ക് എത്തുന്ന അപേക്ഷകളിൽ, ഉദ്യോഗസ്ഥരെയും പ്രാദേശികതല നിരീക്ഷണ സമിതി (എൽഎൽഎംസി) അംഗങ്ങളെയും സ്വാധീനിച്ച് അർഹതയില്ലാത്ത ഭൂമി നിയമവിരുദ്ധമായി തരംമാറ്റും. തദ്ദേശ സ്ഥാപന പ്രസിഡന്റ് അധ്യക്ഷനും കൃഷി ഓഫിസർ കൺവീനറുമായ സമിതിയിൽ വില്ലേജ് ഓഫിസർ, നെൽക്കർഷകരുടെ 3 പ്രതിനിധികൾ എന്നിവരാണ് അംഗങ്ങൾ. 

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്ന സംവിധാനം 2 വർഷം മുൻപു നടപ്പായിട്ടും മുൻഗണനാക്രമം തെറ്റിച്ചും ചട്ടവിരുദ്ധമായും ഇടപാടുകൾ നടക്കുന്നുവെന്ന് വെളിവാക്കുന്നതാണ് വിജിലൻസ് റിപ്പോർട്ട്. ഒന്നര‍ വർഷം മുൻപ് സമാനമായ ഗുരുതര ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തിയിട്ടും നടപടിയെടുത്തില്ല. ഒരേ മൊബൈൽ നമ്പറിൽനിന്നു  ലഭിച്ച അപേക്ഷകളിൽ നിയമപ്രകാരമാണോ നടപടികളെന്നു കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാർ അറിയിച്ചു.

English Summary:

Private mafia for land reclassification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com