ADVERTISEMENT

കൊച്ചി∙ ഒരു വിഭാഗം കാബിൻ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയതിനു തുടർന്ന്  എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കുന്നത് ഇന്നും തുടരുന്നു. കണ്ണൂരില്‍ നിന്നുള്ള അഞ്ചു വിമാനങ്ങളും നെടുമ്പാശേരിയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളുമാണു റദ്ദാക്കിയത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി.

കരിപ്പൂരിൽനിന്ന് ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. ആറ് വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. ബാക്കിയുള്ള വിമാനങ്ങളുടെ കാര്യത്തിൽ കൃത്യമായ അറിയിപ്പ് ലഭിച്ചില്ലെന്ന് കരിപ്പൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. കണ്ണൂരില്‍ നിന്നുള്ള ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങൾ റദ്ദാക്കി.

നെടുമ്പാശേരിയില്‍ നിന്നുള്ള ദമാം, മസ്കത്ത് വിമാനങ്ങളും റദ്ദാക്കി. അതേസമയം, രോഗ അവധി എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ജോലിയില്‍ പ്രവേശിച്ചു തുടങ്ങി. ജീവനക്കാരെല്ലാം തിരിച്ചെത്തിയാലും വിമാന സർവീസുകളെല്ലാം പൂർണമായും സാധാരണ നിലയിലാകാൻ തിങ്കളാഴ്ചയാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഇന്നലെ കരിപ്പൂരിൽ നിന്നുള്ള ആറ് വിമാനങ്ങളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയത്. ഇതുവരെ രണ്ടായിരത്തിലധികം പേരുെട യാത്ര മുടങ്ങിയതായാണ് വിവരം. ഉംറ തീർഥാടകർ ഉൾപ്പെടെയുള്ളവരുടെ യാത്ര കഴിഞ്ഞ ദിവസം മുടങ്ങി.

ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും വിമാന സർവീസുകൾ പുനഃരാരംഭിക്കാനായില്ല. ഗൾഫ് രാജ്യങ്ങളിലേക്കാണ് കരിപ്പൂരിൽ നിന്നും കൂടുതൽ യാത്രക്കാർ പോകുന്നത്. വിമാനം മുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക് പതിനായിരം രൂപയിലധികമാണ് വർധിച്ചത്. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.

English Summary:

Air India Express cancellation of flights continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com