Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾ‌ഫിൽ നിരോധനം: പഴം, പച്ചക്കറി കയറ്റുമതി മേഖല പ്രതിസന്ധിയിൽ

veg-export-ban

നിപ്പ വൈറസ് ബാധയെത്തുടർന്നു കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് പ്രമുഖ ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയതോടെ കേരളത്തിലെ കയറ്റുമതിക്കാർ പ്രതിസന്ധിയിൽ.  ഇതുമൂലമുള്ള വിദേശനാണ്യ വരുമാന നഷ്ടം മാത്രം ഇതുവരെ പത്തു കോടി  രൂപയുടേതായി.

കേരളത്തിൽ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രവേശനം തടയാൻ ദുബായ്, ഷാർജ, അജ്മാൻ, അൽഖൈമ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾക്കെല്ലാം യുഎഇ ഭരണകൂടം നിർദേശം നൽകിയിരിക്കുകയാണ്. പിന്നീട് ബഹ്റൈനും കുവൈത്തും ഇതേ നിലപാടു സ്വീകരിച്ചു. 

കേരളത്തിലെ നിപ്പ വൈറസ് ബാധ സംബന്ധിച്ച ലോകാരോഗ്യ സംഘടന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ രാജ്യങ്ങളുടെ നടപടി.  ഇപ്പോൾ സൗദി, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലേക്കു മാത്രമാണ് കേരളത്തിൽനിന്നു പഴങ്ങളും പച്ചക്കറികളും അയയ്ക്കാനാകുന്നത്. 

കേരളത്തിൽനിന്നുള്ള 840 ടൺ കയറ്റുമതി മുടങ്ങി. ടണ്ണിന് 1750 അമേരിക്കൻ ഡോളർ ആണ് പഴം പച്ചക്കറി കയറ്റുമതിയിലൂടെ ലഭിക്കുന്ന ശരാശരി വരുമാനം. കൊച്ചിയിൽനിന്നു പ്രതിദിനം ശരാശരി 125 ടൺ അയച്ചിരുന്നത് മേയ് 27 മുതൽ 85 ടൺ ആയി കുറഞ്ഞു. തിരുവനന്തപുരത്തുനിന്നു പ്രതിദിനം ശരാശരി 80 ടൺ അയച്ചിരുന്നത് 30 ടൺ വരെയായി. സാധാരണ റമസാൻ മാസത്തിൽ 80 ശതമാനം വരെ കൂടുതൽ പഴങ്ങൾ കയറ്റുമതി ചെയ്തിരുന്നതു കൂടി കണക്കിലെടുക്കുമ്പോൾ നഷ്ടം ഇതിലും വലുതാകും. 

ചിലയിടത്തൊക്കെ പ്രാദേശിക മാർക്കറ്റുകളി‍ൽ കർഷകർ വിപണനം നടത്തിയെങ്കിലും മുന്നറിയിപ്പില്ലാതെ ഇത്രയും വലിയ അളവ് പച്ചക്കറി വിപണനം ചെയ്യാൻ കഴിയാത്തത് കർഷകർക്കു വിനയായിരിക്കുകയാണ്. 

പ്രതിസന്ധി തുടർന്നുപോയാൽ, കഴിഞ്ഞ അൻപതു വർഷത്തിലേറെയായി നിലനിൽക്കുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വ്യാപാരത്തിന്റെ തകർച്ചയ്ക്കും ഇതു കാരണമായേക്കാമെന്നു കയറ്റുമതിക്കാർ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ നിന്നുള്ള കയറ്റുമതി അനിശ്ചിതമായി നീണ്ടുപോയാൽ ഗൾഫ് രാജ്യങ്ങൾ പഴം, പച്ചക്കറി ഉൽപന്നങ്ങൾക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ സംജാതമാകുമെന്നും കേരളത്തിൽ നിന്നുള്ള കയറ്റുമതി ക്രമേണ ഇല്ലാതാകുന്ന അവസ്ഥയിലെത്തിയേക്കാമെന്നും പച്ചക്കറി കയറ്റുമതിക്കാരുടെ സംഘടനയായ അപക്സയുടെ ജനറൽ സെക്രട്ടറി ദിൽ കോശി പറഞ്ഞു. കേരളത്തിൽനിന്ന് ഏറെ നാളത്തേക്ക് പച്ചക്കറി ലഭിക്കാതിരുന്നാൽ സ്വാഭാവികമായും ഇവ ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കാനും സാധ്യതയുണ്ട്. 

ഭൂമിശാസ്ത്രപരമായി കേരളത്തോട് ഏറെ സാദൃശ്യമുള്ള ശ്രീലങ്കയിലെ  പച്ചക്കറികൾ കേരളത്തിലെ പച്ചക്കറികളോട് മൽസരിക്കത്തക്ക ഗുണമേൻമയും സ്വാദും ഉള്ളതാണ്. കേരളത്തിൽ നിന്നുള്ള അതേ യാത്രാദൂരവും അതേ സമയം വിമാനക്കൂലിക്കുറവും കേരളത്തിൽ നിന്നുള്ള പച്ചക്കറി കയറ്റുമതിക്ക് ശ്രീലങ്ക വലിയ ഭീഷണിയാണുയർത്തുന്നത്. 

ഗൾഫ് രാജ്യങ്ങളിൽ പലതും സ്വന്തമായി പച്ചക്കറി തോട്ടങ്ങൾ പരിപാലിക്കുന്നതു തന്നെ കേരളത്തിന് വലിയ വെല്ലുവിളിയാണ്. മസ്കത്തിലെ സലാലയിലും അബുദാബിയിലെ അൽഐനിലും കേരളത്തിലേതിനു സമാനമായ ഏത്തവാഴയും മറ്റും സമൃദ്ധമായി വളരുന്നുണ്ട്. സ്വയംപര്യാപ്തതയിലേക്കെത്തുക എന്ന ലക്ഷ്യത്തോടെ ഇറക്കുമതി പരമാവധി കുറച്ചുകൊണ്ടു വരാനുള്ള ഇവരുടെ ശ്രമവും ഏറ്റവും വെല്ലുവിളിയാകുക കേരളത്തിനാകും. 

ഈ പഴം പച്ചക്കറി കയറ്റുമതി പ്രതിസന്ധിയിൽ നിന്നും കേരളത്ത രക്ഷിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അപെക്സ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന കാർഷികോൽപന്നങ്ങളിൽ 90 മുതൽ 95 ശതമാനം വരെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. നിപ്പ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട്, പേരാമ്പ്ര പ്രദേശങ്ങളിൽനിന്നു പച്ചക്കറികളൊന്നും കയറ്റുമതിക്ക് എത്തുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.