Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സക്കർബർഗിന്റെ സമ്പത്ത്

zuckerberg

‘എന്റെ പിഴ, എന്നോടു ക്ഷമിക്കണം’– രണ്ടു മാസം മുൻപ് അമേരിക്കൻ സെനറ്റിനു മുൻപിൽ ഒരു യുവാവ് ഒന്നിലധികം തവണ ഏറ്റുപറഞ്ഞ വാചകമാണിത്. ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗായിരുന്നു അത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിൽ  ഫെയ്സ്ബുക്കിനുള്ള പങ്കും  ഫെയ്സ്ബുക്കിലെ കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്ക ചോർത്തിയതും നിരുപാധികം സമ്മതിച്ചുകൊണ്ടാണ് സക്കർബർഗ് സെനറ്റർമാരുടെ ചോദ്യങ്ങളെ നേരിട്ടത്. നാണക്കേടിന്റെ പടുകുഴിയിലേക്കു വീണ  ഫെയ്സ്ബുക്കിന്റെ മാർക്കറ്റ് വാല്യുവിൽ 10000 കോടി ഡോളറിന്റെ ഇടിവാണ് അക്കാലത്തുണ്ടായത്. ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരം ചോർന്നതിനെപ്പറ്റി അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചതോടെ സക്കർബർഗിനു സ്വന്തം സമ്പാദ്യത്തിൽനിന്ന് ഒറ്റ ദിവസം കൊണ്ടു നഷ്ടപ്പെട്ടത് 600കോടി ഡോളർ. 

നഷ്ടങ്ങളുടെ കണക്കുകളിൽ  ഫെയ്സ്ബുക്കും അനുബന്ധ സ്ഥാപനങ്ങളും തകരുമെന്നു പലരും പ്രവചിച്ചു. എന്നാൽ, പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി ഇപ്പോൾ സക്കർബർഗ് വീണ്ടും വാർത്തകളിൽ നിറയുന്നു. ബ്ലൂംബർഗ് മില്ല്യനേഴ്സ് ഇൻഡക്സിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ലോകത്തെ കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തുള്ള ബർക്ക്ഷെയർ ഹാത്ത്‌വേ സിഇഒ വാറൻ ബഫറ്റിന്റെ സ്ഥാനം സക്കർബർഗ് ഉടൻ മറികടക്കും. 8160 കോടി ഡോളറാണ് (ഏകദേശം അഞ്ചര ലക്ഷം കോടി രൂപ) സക്കർബർഗിന്റെ ആകെ സമ്പാദ്യം. ബഫറ്റിനെക്കാൾ 2.9 കോടി ഡോളർ മാത്രം പിന്നിൽ.

സക്കർബർഗിനൊപ്പം ഫെയ്സ്ബുക്കും സാമ്പത്തിക തകർച്ചയിൽ നിന്നു നട്ടല്ലു നിവർത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്സാപ്പ് എന്നിങ്ങനെ നാലു ഉത്പന്നങ്ങളുടെയും ഉപഭോക്താക്കളുടെ എണ്ണം ആയിരം ദശലക്ഷം കവിഞ്ഞു. 

സക്കർബർഗിന്റെ പ്രായം കൊണ്ടാണ് അദ്ദേഹം ഇത്തവണ വാർത്തകളിൽ നിറയുന്നത്. 87 വയസ്സുള്ള ബഫറ്റിനെക്കാൾ അരനൂറ്റാണ്ടിന്റെ ചെറുപ്പമുണ്ട് 34കാരൻ സക്കർബർഗിന്. ആമസോൺ സിഇഒ ജെഫ് ബെസോസാണു പട്ടികയിൽ ഒന്നാമൻ. 14500 കോടി ഡോളറാണ് ഈ 54കാരന്റെ ആകെ സമ്പാദ്യം. ജെഫ് ബെസോസിനു പിന്നാലെ ബിൽ ഗേറ്റ്സ് ഉണ്ട്. കോടീശ്വരന്മാരുടെ പട്ടികയിലെ മുൻപന്തിയിൽ നിൽക്കുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞതും സക്കർബർഗിനു തന്നെ.

2004ൽ വിദ്യാർഥിയായിരിക്കെയാണ് സക്കർബർഗും നാലു കൂട്ടുകാരും ചേർന്നു ഫെയ്സ്ബുക്കിനു തുടക്കമിടുന്നത്. കോളജ് ക്യാംപസിൽ തുടങ്ങിയ പ്രവർത്തനം വളരെ വേഗമാണ് പുറത്തേക്ക് പടർന്നു പന്തലിച്ചത്. അമേരിക്കയ്ക്കും പുറത്തേക്കെത്തിയ ഫെയ്സ്സ്ബുക്ക് ലോകം മുഴുവൻ തരംഗമായി മാറി. ഒരു ദശാബ്ദം കൊണ്ടു സക്കർബർഗ് ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിലൊരാളായി മാറി.  

റൻ ബഫറ്റും സക്കർബർഗും തമ്മിൽ മറ്റൊരു വ്യത്യാസം കൂടിയുണ്ട്. സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ബഫറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. അതുകൂടി കണക്കിലെടുത്താൽ ബഫറ്റിന്റെ സമ്പാദ്യം 13160കോടി ഡോളറിലെത്തും. 500 കോടി ഡോളറിൽ താഴെയാണു സക്കർബർഗിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ആകെയുള്ള ചെലവ്.

related stories