Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2020 ഏപ്രിൽ മുതൽ ബിഎസ്–6 വാഹനങ്ങൾ മാത്രമേ വിൽക്കാനാവൂ

Representative Image

ന്യൂഡൽഹി ∙ 2020 ഏപ്രിൽ 1 മുതൽ രാജ്യത്ത്, മലിനീകരണ നിയന്ത്രണംസംബന്ധിച്ച ഭാരത് സ്റ്റേജ്–6 (ബിഎസ്–6) ചട്ടങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളുവെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനു രാജ്യവ്യാപകമായി പ്രാബല്യത്തിലായ ബിഎസ്–4 വ്യവസ്ഥകളാണ് ഇപ്പോൾ നിലവിലുള്ളത്.

ബിഎസ് – 5 ഒഴിവാക്കി, 2020 മുതൽ ബിഎസ്–6ലേക്ക് മാറുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. മലിനീകരണത്തോതു കുറഞ്ഞ ഇന്ധനത്തിലേക്കു നീങ്ങുകയാണു വേണ്ടതെന്ന് ജസ്റ്റിസ് മദൻ ബി. ലൊക്കൂർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വാഹന നിർമാതാക്കൾ‍ക്ക് ബിഎസ്–6 വാഹനങ്ങളുടെ വിൽപനയിലേക്കു മാറാൻ കൂടുതൽ സമയം നൽകണോയെന്ന വിഷയമാണു കോടതി പരിഗണിച്ചത്. ബിഎസ്–4 വാഹനങ്ങൾ 2020 മാർച്ച് 31വരെ നിർമിക്കാമെങ്കിൽ, ആ വാഹനങ്ങൾ വിൽക്കാൻ സമയം അനുവദിക്കണമെന്നായിരുന്നു നിർമാതാക്കളുടെ നിലപാട്.

ബിഎസ്-6 വരുമ്പോൾ

∙ വാഹന എൻജിൻ പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന നൈട്രജൻ ഓക്സൈഡ്, ഹൈഡ്രോകാർബൺ, കാർബൺ മോണോക്സൈഡ്, പർട്ടിക്കുലേറ്റ് മാറ്റർ (പൊടിരൂപത്തിലുള്ള വസ്തുക്കൾ) തുടങ്ങിയ ഹാനികരമായ വസ്തുക്കളുടെ അളവു കുറയ്ക്കാനാണ് വിവിധ രാജ്യങ്ങൾ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ നടപ്പാക്കുന്നത്.

∙ യൂറോപ്പിലെ യൂറോ 6 വ്യവസ്ഥയ്ക്കു തുല്യമാണ് ഇന്ത്യയുടെ ബിഎസ്–6. ഇന്ധനത്തിൽ സൾഫറിന്റെ അളവ് ഇപ്പോഴത്തെക്കാൾ കുറയ്ക്കും. ബിഎസ്6 പെട്രോൾ, ഡീസൽ കാറുകൾ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് ഇപ്പോഴത്തെ ബിഎസ്–4 വാഹനങ്ങളിലേതിനെക്കാൾ ഗണ്യമായി കുറവായിരിക്കും. ഡീസൽ കാറുകള്‍ പുറത്തുവിടുന്ന പൊടിമാലിന്യത്തിന്റെ അളവ് അഞ്ചിലൊന്നായി കുറയുമെന്നു കണക്കാക്കുന്നു.

∙ നിലവിലുള്ള വാഹനങ്ങളിൽ ബിഎസ്–6 ഇന്ധനം ഉപയോഗിക്കാനാവും. അവയിൽനിന്നുള്ള അന്തരീക്ഷമലിനീകരണത്തിലും അങ്ങനെ കുറവുണ്ടാകും. ഡൽഹിയിൽ ഇപ്പോൾ ബിഎസ്-6 ഇന്ധനം ലഭ്യമാണ്.

∙ ബിഎസ്6 ചട്ടങ്ങൾക്കനുസരിച്ച് എൻജിൻ മാറ്റേണ്ടിവരുന്നതിനാൽ വാഹനവില ഉയരുമെന്നു നിർമാതാക്കൾ പറയുന്നു.