Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനക്കൂലി കൂട്ടാൻ സമ്മർദം; വില്ലൻ ഇന്ധനവില

രാജ്യത്ത് ആഭ്യന്തര വിമാനയാത്രാ നിരക്ക് ഉയർത്തിയില്ലെങ്കിൽ വിമാനക്കമ്പനികൾക്കു പിടിച്ചുനിൽക്കാനാകാത്ത അവസ്ഥ. വിമാന ഇന്ധനവില (എടിഎഫ്) കഴിഞ്ഞ ദിവസം ഇന്ധനക്കമ്പനികൾ 5.2 ശതമാനം വർധിപ്പിച്ചതോടെ പല കേന്ദ്രങ്ങളിലും ഇന്ധന വില കിലോലീറ്ററിന് 80,000 രൂപ കടന്നു. കൊച്ചിയിലെ ഇന്നലത്തെ വില 79,570 രൂപ ആണ്.
ഇതോടൊപ്പം രൂപയുടെ വിനിമയ നിരക്കും താഴുന്നത് വിമാനക്കമ്പനികളെ വീണ്ടും നഷ്ടത്തിലേക്കു തള്ളിവിടുകയാണ്. വിപണിയിലെ കടുത്ത മൽസരം മാത്രമാണ് നിരക്കു വർധിപ്പിക്കാതിരിക്കാൻ കമ്പനികൾക്കു പ്രേരണയാകുന്നത്.

രാജ്യത്തെ പ്രമുഖ സ്വകാര്യ ധനകാര്യ ഗവേഷണ ഏജൻസിയുടെ കണക്കുകൾ പ്രകാരം വിമാനക്കമ്പനികൾക്കു ചുരുങ്ങിയത് 12 ശതമാനമെങ്കിലും നിരക്കു വർധനവു വരുത്താതെ പിടിച്ചു നിൽക്കാനാകില്ലെന്നു പറയപ്പെടുന്നു.  2014ൽ രാജ്യത്തെ വിമാനക്കമ്പനികൾക്കെല്ലാം കൂടിയുണ്ടായ 7348 കോടി രൂപയുടെ നഷ്ടത്തിനു ശേഷം കഴിഞ്ഞ മൂന്നു വർഷം ശരാശരി 4000 കോടി രൂപ ലാഭം ഇന്ത്യൻ വിമാനക്കമ്പനികൾ നേടിയിരുന്നു. ഈ വർഷം 9300 കോടിയുടെ നഷ്ടമാണ് സംഭവിക്കാൻ പോകുന്നതെന്ന് ഇതു വരെയുള്ള കണക്കുകൾ നൽകുന്ന സൂചന.
ഇന്ത്യയിൽ വിമാന ഇന്ധന വിലയാണ് വിമാനക്കമ്പനികളുടെ 35 മുതൽ 40 ശതമാനം വരെ ചെലവ്. ഇന്ധനത്തിനു കഴിഞ്ഞ 4 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിപ്പോൾ. ഇന്ധനവില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തോളം വർധിച്ചു. നഷ്ടത്തിലായ പല വിമാനക്കമ്പനികളും തീരെ നഷ്ടത്തിലായ പല സെക്ടറുകൾ ഉപേക്ഷിച്ചും തിരക്കുകളില്ലാത്ത ദിവസങ്ങളിലെ സർവീസുകൾ റദ്ദാക്കിയുമാണ് പിടിച്ചു നിൽക്കുന്നത്.

ജെറ്റ് എയർവേയ്സും എയർ ഇന്ത്യയുമാണ് രാജ്യത്ത് ഇതിന്റെ കഷ്ടപ്പാടുകൾ ഏറെ അനുഭവിക്കുന്നത്. പൈലറ്റുമാർ, എയർക്രാഫ്റ്റ് എൻജിനീയർമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കഴിഞ്ഞ മാസങ്ങളിലെ ശമ്പളം പോലും നൽകാൻ കഴിയാതെ വിഷമിക്കുകയാണ് കമ്പനികൾ. പാട്ടത്തിനെടുത്ത വിമാനങ്ങളുടെ തുക നൽകാനാകാതെയും വിമാന ഇന്ധനത്തിന്റെ വില നൽകാനാകാതെയും കഷ്ടപ്പെടുന്ന കമ്പനികൾ ഇവ നിലച്ചേക്കുമെന്ന ഭീഷണിയിലുമാണ്.

വിമാനങ്ങളുടെയും എൻജിനുകളുടെയും മറ്റും വാടക, രാജ്യത്തിനു പുറത്തെ അറ്റകുറ്റപ്പണികൾ, വിദേശത്തു നിന്നുള്ള പൈലറ്റുമാരുടെയും മറ്റും ശമ്പളം തുടങ്ങിയവ ഡോളർ നിരക്കിലാണ് നൽകേണ്ടതെന്നതാണു രൂപയുടെ വിപണി നിരക്ക് കുറഞ്ഞത് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. കമ്പനികളുടെ ചെലവിന്റെ ഏതാണ്ട് 30–35 ശതമാനത്തോളം വരുന്ന ഈയിനത്തിലെ ചെലവു നിയന്ത്രണമില്ലാതെ വർധിക്കുന്നതും കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു.

ഇതോടൊപ്പം ഇറക്കുമതി ചെയ്യുന്ന വിമാന ഇന്ധനത്തിന് അഞ്ചു ശതമാനം തീരുവ കൂടി ഏർപ്പെടുത്തിയ സർക്കാർ തീരുമാനവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നതിന്റെ അ‍ഞ്ചു ശതമാനത്തിൽ താഴെയാണ് ഇറക്കുമതി ചെയ്യുന്ന ഇന്ധനമെങ്കിൽപ്പോലും വർധിച്ചുവരുന്ന ചെലവുകൾക്കൊപ്പം ഈ തീരുവ വിമാനക്കമ്പനികളെ വലയ്ക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലെ വിമാനക്കമ്പനികളുടെ ഇന്ധന ഉപഭോഗം 76 ലക്ഷം ടൺ ആണ്. ഇറക്കുമതി ചെയ്തത് 2.9 ലക്ഷം ടണ്ണും. സാധാരണ ഗതിയിൽ ഇത് വിമാനക്കമ്പനികളെ ബാധിക്കില്ലെങ്കിലും മറ്റു ചെലവുകൾ വർധിക്കുകയും രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുകയും ചെയ്യുന്ന സ്ഥിതിയിൽ ഇതും വിമാനക്കമ്പനികൾക്കു ബാധ്യതയാവുകയാണ്.
ഇന്ധന വിലയിലെ ഓരോ പൈസയുടെ വർധനവു പോലും വിമാനക്കമ്പനികളുടെ പ്രവർത്തന ലാഭത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന വിധത്തിലാണിപ്പോൾ രാജ്യത്തെ ആഭ്യന്തര ടിക്കറ്റു വിൽപനയും മൽസരവും. കുറഞ്ഞ നിരക്കുകളും വർധിക്കുന്ന ചെലവുകളും കമ്പനികളുടെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ്.

ഇന്ധന വിലയിൽ അഞ്ചു ശതമാനം വർധിക്കുന്നത് എയർഇന്ത്യയുടെ ഇന്ധനബില്ലിൽ മാത്രം പ്രതിമാസം 25 കോടി രൂപയുടെ വർധനയാണുണ്ടാക്കുക. വിമാന ഇന്ധനത്തിനുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉയർന്ന വിൽപന നികുതിയും കമ്പനികൾക്ക് ദോഷമാകുന്നു. വിമാന ഇന്ധനം ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യവും ശക്തമാണ്.