Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെആർഡി ടാറ്റയുടെ ഓർമകൾക്ക് 25

jrd-tata-plane തന്റെ ആദ്യ പറക്കലിന്റെ സുവർണജൂബിലിയിൽ അതേ പാതയിൽ കറാച്ചിയിൽനിന്ന് അഹമ്മദാബാദ് വഴി മുംബൈയിലേക്ക് വീണ്ടും വിമാനം പറത്താൻ ടാറ്റ എത്തിയപ്പോൾ.

ആഗോള വ്യവസായ രംഗത്ത് ഇന്ത്യയെ അടയാളപ്പെടുത്തിയ ടാറ്റാ ഗ്രൂപ്പിന് അരനൂറ്റാണ്ടുകാലം നേതൃത്വം നൽകിയ ജെആർഡി ടാറ്റ അന്തരിച്ചിട്ട് ഇന്ന് 25 വർഷം. അദ്ദേഹത്തിന്റെ ഓർമകളിലൂടെ:

ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന ലഭിച്ച ഒരേയൊരു വ്യവസായിയാണ് ജെആർഡി ടാറ്റ എന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യവസായ പ്രമുഖൻ, സാമൂഹിക പ്രതിബദ്ധതയുള്ള ദേശിയ നേതാവ്, പട്ടാളക്കാരൻ, വൈമാനികൻ, ശാസ്ത്രകുതുകി, കുടുംബാസൂത്രണ പ്രചാരകൻ തുടങ്ങി വേറിട്ട മുദ്രകളാൽ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം. 

1938 ൽ മുപ്പത്തിനാലാമത്തെ വയസിൽ അദ്ദേഹം ടാറ്റാ സൺസ് ലിമിറ്റഡിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോൾ 14 കമ്പനികളിൽ നിന്നായി 280 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ വിറ്റുവരവ്. 53വർഷങ്ങൾക്കു ശേഷം 1991ൽ പടിയിറങ്ങുമ്പോൾ കമ്പനികളുടെ എണ്ണം 95 ആയി. വിറ്റുവരവ് പതിനായിരം കോടിയും.

jrd-tata-mm ജെ.ആർ.ഡി.ടാറ്റ

1939ൽ ടാറ്റ കെമിക്കൽസ് ആണ് അദ്ദേഹം ആദ്യം ആരംഭിച്ച സ്ഥാപനം. 1945ൽ റെയിൽവേയ്ക്ക് ആവി എൻജിനുകൾ നിർമിക്കുന്ന  ടാറ്റാ എൻജിനിയറിങ് ആൻഡ് ലോക്കോമോട്ടീവ് കമ്പനി (ടെൽകോ) ആരംഭിച്ചു. ടാറ്റാ മോട്ടോഴ്സ്, വോൾട്ടാസ്, ടാറ്റാ കൺസൽട്ടൻസി സർവീസസ്, ടൈറ്റാൻ ഇൻഡസ്ട്രീസ്, ടാറ്റാ ടീ തുടങ്ങിയവെല്ലാം ജെആർഡിയുടെ നേതൃത്വത്തിൽ രൂപമെടുത്ത  സ്ഥാപനങ്ങളാണ്. കറിയുപ്പു മുതൽ കംപ്യൂട്ടർ സോഫ്റ്റ്‌വെയർവരെയുള്ള മേഖലകളിലേക്ക് അദ്ദേഹം ടാറ്റയുടെ ബിസിനസ് വ്യാപിപ്പിച്ചു.

ടാറ്റാ ഗ്രൂപ്പ് സ്ഥാപകൻ ജംഷെഡ്ജി ടാറ്റയുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ ആർ.ഡി ടാറ്റയുടെയും  ഫ്രഞ്ചുകാരിയായ സൂസന്റെയും അഞ്ചുമക്കളിൽ രണ്ടാമനായി 1904 ജൂലൈ 29ന് പാരിസിലായിരുന്നു ജെആർഡി ടാറ്റയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഒരു വർഷം ഫ്രഞ്ച് പട്ടാളത്തിൽ നിർബന്ധിത സേവനം ചെയ്യേണ്ടിവന്നു. പട്ടാളസേവനത്തിനുശേഷം മെക്കാനിക്കൽ എൻജിനിയറിങ് പഠിക്കാൻ ആഗ്രഹിച്ചെങ്കിലും പിതാവിന്റെ നിർബന്ധം മൂലം അദ്ദേഹം ചെയർമാനായ ടാറ്റാ സ്റ്റീൽസിൽ പ്രതിഫലമില്ലാത്ത അപ്രന്റീസായി ജോലിക്കു ചേരേണ്ടിവന്നു.

കമ്പനി ഡയറക്ടറായിരുന്ന ജോൺ പാറ്റേഴ്സൺ എന്ന സ്കോട്‌ലൻഡ്കാരനാണ് ജഹാംഗീറിന് കമ്പനികാര്യങ്ങളിൽ പരിശീലനം നൽകിയത്. പിതാവിന്റെ മരണത്തെ തുടർന്ന് 1926ൽ കമ്പനിയുടെ ഡയറക്ടറായി. 1938ൽ സ്ഥാപനങ്ങളുടെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തു. 1991വരെ ടാറ്റാ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു. കവിതയിലും ക്രിക്കറ്റിലുമൊക്കെ താത്പര്യമുണ്ടായിരുന്ന അദ്ദേഹം ഹൈദരാബാദ് സർവകലാശാലയുടെ ചാൻസലറായും പ്രവർത്തിച്ചു.

1955ൽ പത്മ വിഭൂഷൺ, 1992ൽ ഭാരതരത്ന പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.  വ്യോമസേനയുടെ ഹോണററി എയർ വൈസ് മാർഷൽ, ഫ്രഞ്ച്  സർക്കാരിന്റെ ലീജിയൻ ഓഫ് ഹോണർ, ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ അവാർഡ്, ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളുടെ ഹോണററി ഡോക്ടറേറ്റ് തുടങ്ങിയ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. തെൽമ ആണ് ഭാര്യ. ഇവർക്ക് മക്കൾ ഇല്ലായിരുന്നു. 1993 നവംബർ 29ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ അദ്ദേഹം അന്തരിച്ചു.

വ്യോമഗതാഗതത്തിന്റെ പിതാവ്

ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ തലതൊട്ടപ്പനാണ് ജെആർഡി ടാറ്റ. അദ്ദേഹം ആരംഭിച്ച ടാറ്റാ എയർലൈൻസാണ് രാജ്യത്തെ ആദ്യത്തെ വിമാനകമ്പനിയും എയർ ഇന്ത്യയുടെ പൂർവികനും. 1929 ഫെബ്രുവരി 10 ന് ബോംബെ ഫ്ളൈയിങ് ക്ളബിൽ നിന്നും ടാറ്റയ്ക്കു നൽകിയ ലൈസൻസിന്റെ നമ്പർ ഒന്ന് ആയിരുന്നു. അതായത് ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ പൈലറ്റ്. 1932 ൽ കറാച്ചിയിൽ നിന്ന് ബോംബെയിലേക്കും അവിടെനിന്ന് അഹമ്മദാബാദിലേക്കും ഒറ്റയ്ക്കു വിമാനം പറപ്പിച്ച‌് ഇന്ത്യൻ വ്യോമഗതാഗതത്തിന് ടാറ്റ തുടക്കമിട്ടു.

jrd-receiving-bharat-ratna 1992 മാർച്ചിൽ ജെ.ആർ.ഡി.ടാറ്റ രാഷ്ട്രപതി ആർ.വെങ്കിട്ടരാമനിൽ നിന്ന് ഭാരതരത്ന സ്വീകരിക്കുന്നു.

അദ്ദേഹം രൂപംകൊടുത്ത ടാറ്റാ ഏവിയേഷൻ സർവീസ് ആണ് രാജ്യത്തെ ആദ്യ വിമാനക്കമ്പനി. ഇത് പിന്നീട് ടാറ്റാ എയർലൈൻസ് ആയി മാറി. സ്വാതന്ത്ര്യാനന്തരം സർക്കാരിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ഇത് എയർ ഇന്ത്യാ ഇൻറർനാഷനൽ ആയി. 1953 ൽ വ്യോമയാനമേഖല ദേശസാത്കരിച്ചപ്പോൾ എയർഇന്ത്യ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായി.

1978 വരെ എയർ ഇന്ത്യയുടെ ചെയർമാനായിരുന്നു ആർജെഡി ടാറ്റ. തന്റെ ആദ്യ പറക്കലിന്റെ സുവർണജൂബിലി ടാറ്റാ ആഘോഷിച്ചത് ആദ്യപറക്കലിന്റെ അതേ പാതയിൽ കറാച്ചിയിൽനിന്ന് അഹമ്മദാബാദ് വഴി മുംബൈയിലേക്ക് വീണ്ടും വിമാനം പറത്തിയാണ്. ആറര മണിക്കൂറുകൊണ്ട് 1065 കിലോമീറ്റർ ദൂരം താണ്ടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 77.

വ്യവസായത്തിലൊതുങ്ങാത്ത സംഭാവനകൾ

വ്യവസായ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പ് മാത്രമായിരുന്നില്ല ജെആർഡിയുടെ ജീവിതം. രാജ്യത്തെ ശാസ്ത്ര, സാങ്കേതിക, സാമൂഹികരംഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ ഉണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാഗ്രൂപ്പ് ആരംഭിച്ച ഗവേഷണ സ്ഥാപനങ്ങളാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിവ. രാജ്യത്തെ എല്ലാ കലാരൂപങ്ങളുടെയും അവതരണവും പ്രചാരണവും വികസനവും ലക്ഷ്യമാക്കി നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സ് എന്ന സുസജ്ജമായ ഒരു സാംസ്കാരിക കേന്ദ്രം മുംബൈയിൽ അദ്ദേഹം സ്ഥാപിച്ചു.

ഏഷ്യയിലെതന്നെ ആദ്യത്തെ കാൻസർ ചികിത്സാ–ഗവേഷണ കേന്ദ്രമാണ് അദ്ദേഹം പ്രത്യേക താത്പര്യമെടുത്ത് മുംബൈയിൽ സ്ഥാപിച്ച ടാറ്റാ മെമ്മോറിയൽ സെന്റർ. ജനസംഖ്യാ നിയന്ത്രണത്തിന് ഇന്ത്യ പ്രാധാന്യം കൊടുക്കണമെന്ന് രാജ്യത്തുതന്നെ ആദ്യമായി ചൂണ്ടിക്കാട്ടിയത് ടാറ്റ ആയിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡെമോഗ്രഫിക് സെന്റർ ഫോർ ട്രെയിനിംഗ് ആൻഡ് റിസർച്ച് ആണ് ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസ് ആയി മാറിയത്. കുടുംബാസൂത്രണം ഭാരതസർക്കാർ ഒരു പ്രധാന സാമൂഹ്യപരിപാടിയായി ഏറ്റെടുക്കുകയും ഈ മേഖലയിലെ  സേവനങ്ങൾക്ക്  അദ്ദേഹം യുഎൻ പുരസ്കാരത്തിന് അർഹനാവുകയും ചെയ്തു.