Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഗപ്പൂർ കേരളത്തിനു നൽകുന്ന വികസനപാഠം : കൈകോർത്തു മുന്നേറാം

singapore

രമ്യത, നിഷ്പക്ഷത, സുരക്ഷിതത്വം – ഇവ മൂന്നുമുള്ള രാജ്യമാണു സിംഗപ്പൂർ; സ്വിറ്റ്സർലൻഡിനെപ്പോലെതന്നെ.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിൽ നടക്കുമെന്നു കരുതുന്ന ചരിത്രപ്രധാന കൂടിക്കാഴ്ചയ്ക്കു വേദിയാകാൻ സിംഗപ്പൂർ തിരഞ്ഞെടുക്കപ്പെട്ടതും അതുകൊണ്ടുതന്നെ. ഒരേ ത്രാസിൽവച്ചു തൂക്കിനോക്കേണ്ട സമ്പദ്‌വ്യവസ്ഥകളല്ല, കേരളവും സിംഗപ്പൂരും. പക്ഷേ, രണ്ടിടങ്ങൾക്കും ചില സമാനമായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. വംശീയവും മതപരവുമായ സാമൂഹികവ്യവസ്ഥകളിൽ സുപ്രധാന പങ്കുവഹിക്കുന്ന മറ്റു ചിലതും രണ്ടിടത്തും പൊതുവായുണ്ട്. 

സിംഗപ്പൂരിന്റെ രാജ്യാന്തര സാന്നിധ്യത്തെ അപേക്ഷിച്ച് കേരളത്തിനുള്ളത് നഗര രാഷ്ട്ര (സിറ്റി സ്റ്റേറ്റ്) ത്തിനു സമാനമായ ഏതാനും സവിശേഷതകളാണ്. മികച്ച ആരോഗ്യസേവനങ്ങളുള്ളതിനാൽ രണ്ടിടങ്ങളിലും ജനങ്ങൾക്ക് ആയുർദൈർഘ്യം കൂടുതൽ. ഉയർന്ന സാക്ഷരതയും താഴ്ന്ന ശിശുമരണനിരക്കും പോലെ മികച്ച സാമൂഹികനിലവാരസൂചികകളും.  

കേരളത്തിന്റെയും സിംഗപ്പൂരിലെയും സമ്പദ്‌വ്യവസ്ഥകൾ പല കാലങ്ങളായി പരിണമിച്ച് തികച്ചും വേറിട്ട സാമ്പത്തികഫലങ്ങൾ സൃഷ്ടിച്ചവയാണ്. 1965ൽ, സിംഗപ്പൂർ രാഷ്ട്രമായി മാറിയപ്പോൾ ഉണ്ടായിരുന്ന പ്രതിശീർഷവരുമാനം ഏതാണ്ട് 500 യുഎസ് ഡോളറായിരുന്നു. അന്നത്തെ കാലത്തെ കേരളത്തിന്റെ കണക്കുകളെക്കാൾ കുറവ്. ഇന്നു സിംഗപ്പൂരിന്റെ പ്രതിശീർഷവരുമാനം ഏകദേശം 57,725 യുഎസ് ഡോളർ. ഇതാകട്ടെ കേരളത്തിന്റെ 25 ഇരട്ടിയാണ്. 

സിംഗപ്പൂരിലെ സവിശേഷമായ സാമൂഹികഐക്യം ഈ കുതിച്ചുചാട്ടത്തിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. ചൈനീസ് വംശജർ 76%, മലയ് വംശജർ 15%, ഇന്ത്യൻ വംശജർ 7%. 

ഹെയ്റ്റ് സ്പിൻ: ദ് മാനുഫാക്ചർ ഓഫ് റിലിജിയസ് ഒഫെൻസസ് ആൻഡ് ഇറ്റ്സ് ത്രെട്ട് ടു ഡെമോക്രസി എന്ന പുസ്തകത്തിൽ ഡോ. ചെറിയാൻ ജോർജ് ചൂണ്ടിക്കാട്ടുന്നത് സിംഗപ്പൂരിന്റെ സാമ്പത്തിക വിജയത്തിനു പിന്നിൽ അധികമൊന്നും കൊട്ടിഘോഷിക്കപ്പെടാതെ പോകുന്ന ഒന്ന്, അവിടത്തെ സാംസ്കാരിക മതനിരപേക്ഷതയാണെന്നാണ്. ഇതിനു സമാനമാണ് കേരളത്തിലെയും മത, സാംസ്കാരിക വൈവിധ്യം.  മതവിഭാഗങ്ങൾക്കിടയിലുള്ള ഐക്യവും രമ്യതയും കേരളത്തിന്റെ മുഖമുദ്രയായി കരുതപ്പെടുന്നതാണ്. എന്നാൽ, സാമൂഹിക ഐക്യത്തിന്റെ കാര്യത്തിൽ കേരളത്തിനുള്ള നേട്ടം കൈവിട്ടുപോകുകയാണോ എന്നൊരു പ്രധാന ചോദ്യം ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയുടെ കാര്യമെടുത്താലും ഈ ചോദ്യം പ്രസക്തമാണ്. 

മതസഹിഷ്ണുതയ്ക്കും ഹാർദമായ സാമുദായികബന്ധങ്ങൾക്കും പേരുകേട്ട നാടാണു കേരളമെങ്കിലും ഇക്കാര്യത്തിൽ വെല്ലുവിളികൾ നേരിടുന്നതിന്റെ സൂചനകൾ ശക്തമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ പൊതുവായ രാഷ്ട്രീയ കാലാവസ്ഥ സൂചിപ്പിക്കുന്നതും അതു തന്നെയാണ്.  

മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റം വരുത്തിയാൽ സിംഗപ്പൂരിലേതു പോലെ ആളുകളുടെ ജീവിതനിലവാരവും ഉപജീവനവും മെച്ചപ്പെടുത്തുന്നത് കേരളത്തിനും സാധിക്കാവുന്ന നേട്ടമായി മാറും. സാമൂഹികവൈവിധ്യത്തിനും അപ്പുറമാണിത്. പ്രകൃതിദത്ത സ്രോതസ്സുകൾ അതിവേഗം നഷ്ടമായിക്കൊണ്ടിരിക്കുകയും അമൂല്യമായിത്തീരുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കേരളത്തിനുള്ള ഗുണങ്ങളെക്കുറിച്ചും ചിന്തിക്കണം. ദൈർഘ്യമേറിയ തീരദേശം, സമ്പുഷ്ടമായ മണ്ണ്, വനസമ്പത്ത്. ഇതിനുപുറമേയാണ് ജൈവവൈവിധ്യം എന്ന വലിയ സമ്പത്ത്. ഒരു ചെറിയ നഗര രാഷ്ട്രമായ സിംഗപ്പൂരിന് ഇവയൊന്നുമില്ലെന്നും ഓർക്കണം. പക്ഷേ, ഈ സ്രോതസ്സുകൾ ഉപയോഗിച്ചു തീർക്കുന്നതിലല്ല, മറിച്ച് സുസ്ഥിരമായി നിലനിർത്തുന്നതിൽ കേരളം ഏറെ ശ്രദ്ധപതിപ്പിക്കേണ്ടിയിരിക്കുന്നു. 

കേരളത്തിന്റെ സാക്ഷരത, ആരോഗ്യ സൂചികകൾ കണ്ടു മറ്റു സംസ്ഥാനങ്ങൾ അസൂയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുപോലെ തന്നെ മാധ്യമസ്വാതന്ത്ര്യം. ജനശബ്ദം അധികൃതരിലേക്ക് എത്തുന്നതിലും ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും മാധ്യമങ്ങളാണു സുപ്രധാന പങ്കു വഹിക്കുന്നത്. ചൈന ഉൾപ്പെടെ പൂർവേഷ്യൻ സാമ്പത്തികശക്തികൾ ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. 

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളത്തിനുണ്ടായിരുന്ന മേൽക്കോയ്മയെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക പരാധീനത മൂലവും ഭരണമേൽനോട്ടത്തിലെ പാളിച്ച കൊണ്ടും സെക്കൻഡറിതലത്തിലുള്ള വിദ്യാഭ്യാസം നിലവാരത്തകർച്ച നേരിടുകയാണ്. നഗരങ്ങളിലെ മാലിന്യക്കൂമ്പാരം ജൈവവ്യവസ്ഥയെ മാത്രമല്ല, പലവിധം പകർച്ചവ്യാധികളിലൂടെ ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. 

ഇവയെല്ലാം തന്നെ 7.7 ലക്ഷം കോടി വരുന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്നവയാണ്. സാമൂഹിക, സാമ്പത്തിക സ്ഥിരതയ്ക്കു സഹായിക്കുന്ന സാമ്പത്തിക നയങ്ങളെയും ചട്ടങ്ങളെയും അനുകൂലിക്കുന്നവരാണ് ജനങ്ങളും വിദേശികളുൾപ്പെടെയുള്ള നിക്ഷേപകരും. 

സിംഗപ്പൂരാകട്ടെ, ഇതു പരമാവധി പ്രയോജനപ്പെടുത്തിയതിന്റെ ആദ്യകാല മാതൃക കൂടിയാണ്. സാമൂഹിക, സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്ന നയപരിപാടികളെ തങ്ങളുടെ സവിശേഷതയായി ഉയർത്തിക്കാട്ടാൻ അവർക്കു സാധിച്ചു. അതുകൊണ്ടാണ്, പ്രകൃതിദത്ത സ്രോതസ്സുകളുടെ കാര്യത്തിൽ കേരളത്തെക്കാൾ വളരെ പിന്നിലായിട്ടും വിനോദസഞ്ചാരമേഖലയിൽ സിംഗപ്പൂരിന് അവിശ്വസനീയമാം വിധം വൻകുതിച്ചുചാട്ടം സാധ്യമായത്. 

നാഗരിക അടിസ്ഥാനസൗകര്യവികസന കാര്യത്തി‍ൽ മികവുറ്റ പദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ള നടത്തിപ്പും സിംഗപ്പൂർ സമ്പദ്‌‌വ്യവസ്ഥയുടെ സവിശേഷതകളാണ്. സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലും നാഗരിക അടിസ്ഥാനസൗകര്യവികസനം തന്നെ. കേരളത്തിൽ ജനിച്ചു വളർന്നതിനാൽ അവിടെയുള്ള മെച്ചങ്ങളെന്തെന്ന് അറിയാവുന്നതിനാലും അക്കാദമിക് ബന്ധങ്ങൾ മൂലം ഇപ്പോൾ സിംഗപ്പൂരിനെ അടുത്തറിയാനായതുകൊണ്ടും സിംഗപ്പൂരിന്റെ വിജയരഹസ്യമെന്തെന്ന് അനുമാനിക്കാം– വികസനത്തിനു നൽകുന്ന ഊന്നൽ. മികവിനു മാത്രമാണ് അവിടെ മുൻഗണന. 

സിംഗപ്പൂരിന്റെ നേട്ടങ്ങൾക്കു പിന്നിൽ സാമൂഹിക, സാമുദായിക, മത ഐക്യവും സുരക്ഷിതത്വവും ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കാനുള്ള ആർജവവുമുണ്ട്. സാമൂഹിക, സാമ്പത്തിക പുരോഗതി യാഥാർഥ്യമായി കാണാൻ ആഗ്രഹിക്കുന്നെങ്കിൽ, കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ മതസ്വാതന്ത്ര്യത്തിനും സാമുദായിക ഐക്യത്തിനും വിലങ്ങുതടിയാകുന്ന രാജ്യവ്യാപകശ്രമങ്ങളെ ചെറുക്കുകയാണു വേണ്ടത്. 

(സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റി വിസിറ്റിങ് പ്രഫസറും വേൾഡ് ബാങ്ക് മുൻ സീനിയർ വൈസ് പ്രസിഡന്റുമാണ് ‌ലേഖകൻ)