Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേദി–നാരായണസാമി പിണക്കത്തിന് ‘ഷോർട് ബ്രേക്ക്’; ഗവർണർ പ്രസംഗിച്ചു, മുഖ്യമന്ത്രി മൊഴിമാറ്റി

Kiran Bedi, V. Narayanasamy പുതുച്ചേരിയിൽ സാഹിത്യോത്സവത്തിൽ ലഫ്.ഗവർണർ കിരൺ ബേദിയുടെ ഇംഗ്ലിഷ് പ്രസംഗം തമിഴിലേക്ക് മൊഴിമാറ്റുന്ന മുഖ്യമന്ത്രി വി. നാരായണസാമി.

വേദി: പുതുച്ചേരി സാഹിത്യ ഉൽസവം 

ലഫ്. ഗവർണർ കിരൺ ബേദി: ഞാൻ പറയുന്നതുമാത്രം മൊഴിമാറ്റുക. 

പുതുച്ചേരി മുഖ്യമന്ത്രി നാരായണസാമി: അത് ഉറപ്പുനൽകാൻ കഴിയില്ല. 

ബേദി: 10 മിനിറ്റ് ഞാൻ താങ്കളെ വിശ്വസിക്കുകയാണ്. കുറച്ചുസമയത്തേക്ക് ഒരു താൽക്കാലിക സൗഹൃദം. 

നാരായണസാമി: എനിക്കു സ്ഥിരം സൗഹൃദത്തിനാണു താൽപര്യം. 

തമ്മിൽ ഇടഞ്ഞുനിൽക്കുന്ന പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദിയും മുഖ്യമന്ത്രി നാരായണസാമിയും ഒന്നിച്ചു മൈക്ക് കയ്യിലെടുത്തതു പുതുച്ചേരിയിലെ പ്രശസ്ത സാഹിത്യ ഉൽസവമായ കമ്പൻവിഴായുടെ ഉദ്ഘാടനച്ചടങ്ങിൽ. വിദ്യാഭ്യാസമന്ത്രി കമലക്കണ്ണൻ പരിഭാഷകനാകാൻ മുന്നോട്ടുവന്നപ്പോൾ ‘മുഖ്യമന്ത്രിതന്നെ അതു ചെയ്യട്ടെ’ എന്നായി ബേദി. നാരായണസാമി വെല്ലുവിളി സ്വീകരിച്ചതോടെ രംഗം കൊഴുത്തു. പ്രസംഗത്തിലേക്കു കടക്കുംമുൻപുള്ള ഇരുവരുടെയും കുറിക്കുകൊള്ളുന്ന ചോദ്യോത്തരവും കാണികൾ സ്വീകരിച്ചതു കയ്യടിയോടെ.

രാമായണം, കമ്പരാമായണം എന്നിവയെക്കുറിച്ചു ബേദി നടത്തിയ പ്രസംഗം മുഖ്യമന്ത്രി പരിഭാഷപ്പെടുത്തി. തമിഴിൽ മാത്രമല്ല, ഇംഗ്ലിഷ്, ഹിന്ദി, ഫ്രഞ്ച് എന്നീ ഭാഷകളിലും പ്രാവീണ്യമുള്ളയാളാണു മുഖ്യമന്ത്രിയെന്നും ബഹുമുഖ വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും ബേദി പ്രശംസിച്ചു. സാഹിത്യ ഉൽസവത്തിൽ രാമായണ പാരായണത്തിൽ ഒന്നാമതെത്തുന്നവർക്ക് ഒരുലക്ഷം രൂപ സമ്മാനം നൽകുമെന്നും പകുതി ഗവർണറും ബാക്കി മുഖ്യമന്ത്രിയും നൽകട്ടെയെന്നും ബേദി പറഞ്ഞപ്പോൾ, താൻ നേരത്തേതന്നെ ഒരുലക്ഷം പ്രഖ്യാപിച്ചിട്ടുണ്ടെന്നായി നാരായണസാമി. മുഖ്യമന്ത്രിക്കും ഗവർണർക്കുമിടയിലെ മഞ്ഞുരുകിയോ എന്ന ചോദ്യത്തിനു താൻ പുതുച്ചേരിയുടെ അഭിവൃദ്ധിക്കായാണു പ്രവർത്തിക്കുന്നതെന്നു ബേദി പറഞ്ഞു. കിരൺ ബേദി രാജിവയ്ക്കണമെന്നു കഴിഞ്ഞ ദിവസവും നാരായണസാമി ആവശ്യപ്പെട്ടിരുന്നു.