Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതിർന്ന ഐഎഎസുകാർക്ക് പുതിയ ‘അളവഴക്’ വരുന്നു

ന്യൂഡൽഹി∙ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക പ്രവർത്തന മികവ് വിലയിരുത്താനുള്ള വ്യവസ്ഥകളിൽ മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ദുർബല വിഭാഗങ്ങളോടുള്ള അവരുടെ സമീപനംകൂടി ഇനി വാർഷിക വിലയിരുത്തലിന്റെ ഭാഗമാക്കും. ഇതുൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെകൂടി അടിസ്ഥാനത്തിൽ സെക്രട്ടറി, അഡീഷനൽ സെക്രട്ടറി പദവികൾ വഹിക്കുന്നവരുടെ പ്രവർത്തന വിലയിരുത്തൽ പ്രക്രിയ ഭേദഗതി ചെയ്യുന്നതിനുള്ള കരടുരേഖ കേന്ദ്ര പഴ്സനേൽ മന്ത്രാലയം തയാറാക്കി.

പ്രവർത്തന മികവിനൊപ്പം ഉദ്യോഗസ്ഥന്റെ ധാർമികമായ ആത്മാർഥതകൂടി അളക്കാൻ ലക്ഷ്യമിട്ടാണു വിലയിരുത്തൽ പ്രക്രിയയിൽ സർക്കാർ മാറ്റം വരുത്തുന്നത്. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു മന്ത്രാലയം കത്തയച്ചു. ഈ മാസം 28ന് അകം മറുപടി അറിയിക്കാത്ത സംസ്ഥാനങ്ങൾക്കു ഭേദഗതിയോട് എതിർപ്പില്ലെന്നു കണക്കാക്കും.

മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരെ തൊഴിലിടത്തെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അളക്കുമ്പോൾ, സെക്രട്ടറി – അഡീഷനൽ സെക്രട്ടറി പദവികൾ വഹിക്കുന്നവരുടെ ധാർമികവശംകൂടി വിശദമായി വിലയിരുത്താനാണു നീക്കം. ദുർബല വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്യോഗസ്ഥർ സ്വീകരിച്ച ക്രിയാത്മക നടപടികൾ പരിശോധിക്കും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള ഉൽസാഹം, ശരിക്കുവേണ്ടി നിലകൊള്ളാനുള്ള ആർജവം, കീഴുദ്യോഗസ്ഥരെ നയിക്കാനുള്ള കഴിവ് എന്നീ വിഷയങ്ങളിൽ 50 വാക്കുകളിൽ കൂടാത്ത ലഘുവിവരണം ഇവർ സ്വയം തയാറാക്കി സമർപ്പിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

ജോലിയിൽ നേടിയ അധിക വൈദഗ്ധ്യം അറിയിക്കണം

ഭരണനിർവഹണത്തിന്റെ വിവിധ മേഖലകളിൽ തങ്ങൾ നേടിയ വിദഗ്ധ പരിശീലനം, കൈവരിച്ച അധിക വിദ്യാഭ്യാസ യോഗ്യത, പങ്കെടുത്ത പ്രത്യേക ദൗത്യങ്ങൾ എന്നിവയെക്കുറിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ ഓരോ അഞ്ചു വർഷവും വിശദ വിവരണം കേന്ദ്രത്തിനു കൈമാറണം. നിലവിൽ രാജ്യത്ത് ആകെ 5004 ഐഎഎസ് ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണു പഴ്സനേൽ മന്ത്രാലയത്തിന്റെ കണക്ക്.