Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈക്കൂലി നൽകുന്നയാൾക്ക് ഏഴുവർഷം വരെ തടവ്; അഴിമതി നിരോധന നിയമ ഭേദഗതി രാജ്യസഭ പാസ്സാക്കി

Bribe Representational Image

ന്യൂഡൽഹി ∙ കൈക്കൂലി നൽകുന്നയാൾക്കും സ്ഥാപനങ്ങൾക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന അഴിമതി നിരോധന (ഭേദഗതി) ബിൽ രാജ്യസഭ പാസ്സാക്കി. വ്യക്തികൾക്കു പരമാവധി ഏഴു വർഷം തടവും സ്ഥാപനങ്ങൾക്കു പിഴയുമാണ് 1988 ലെ നിയമം ഭേദഗതി ചെയ്യുന്ന ബില്ലിൽ നിർദേശിച്ചിട്ടുള്ളത്. 

രാജ്യസഭ ശബ്ദവോട്ടോടെ പാസ്സാക്കിയ ബില്ലിലെ ചില പ്രധാന വ്യവസ്ഥകൾ:

∙ ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിനു നിയമപരമായി സ്വീകരിക്കാവുന്ന ശമ്പളമല്ലാതെ വാങ്ങുന്ന ആനുകൂല്യങ്ങൾ കൈക്കൂലിയുടെ പരിധിയിൽ വരും. 

∙ കൈക്കൂലി ചോദിക്കുന്നതും സ്വീകരിക്കുന്നതും അതിനു ശ്രമിക്കുന്നതും വഴിവിട്ട നടപടി. 

∙ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കു മൂന്നു മുതൽ ഏഴുവർഷം വരെ തടവ്. 

∙ അനുകൂല തീരുമാനങ്ങൾക്കു പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ശിക്ഷ. സ്ഥാപനത്തിന്റെ തലവന് പരാമവധി ഏഴു വർഷംവരെ തടവ്. 

∙ കൈക്കൂലി വാങ്ങാൻ പ്രേരിപ്പിക്കുന്നതിനും പരമാവധി ഏഴുവർഷം തടവ്. 

∙ കൈക്കൂലി വാങ്ങിയെന്നു സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ആസ്തികൾ പ്രത്യേക കോടതിയുടെ അനുമതിയോടെ കണ്ടുകെട്ടാൻ അന്വേഷണ ഉദ്യോഗസ്ഥനു നടപടിയെടുക്കാം. 

∙ ഉദ്യോഗത്തിൽനിന്നു വിരമിച്ചവർക്കെതിരെയുള്ള നടപടികൾക്കും സർക്കാരിന്റെ അനുമതി വാങ്ങണം. 

∙ കേസ് വിചാരണ, പ്രത്യേക കോടതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. 

∙ കൈക്കൂലി നൽകാൻ നിർബന്ധിതരായവർക്ക് അക്കാര്യം ഏഴു ദിവസത്തിനകം അന്വേഷണ ഏജൻസിക്കു റിപ്പോർട്ട് ചെയ്യാം.