Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികബന്ധമു‍ൾപ്പെടെ എന്ത് ആനൂകൂല്യവും കൈക്കൂലി

Government Of India

ന്യൂഡൽഹി ∙ പണം മാത്രമല്ല, ശാരീരിക ബന്ധത്തിനു പ്രേരിപ്പിക്കുന്നതും ലൈംഗിക ചുവയോടെ പെരുമാറുന്നതും കൈക്കൂലി തന്നെയെന്നു കേന്ദ്രം. ഇക്കാര്യത്തിൽ വ്യ‌ക്തത കൈവന്നതോടെ സിബിഐ അടക്കം അന്വേഷണ ഏജൻസികളുടെ ഇടപെടൽ കർശനമാകും. അഴിമതി നിരോധന (ഭേദഗതി) നിയമത്തിൽ അർഹതയില്ലാത്ത ആനുകൂല്യം, നിയമപരമല്ലാത്ത പ്രതിഫലം എന്നിവയുടെ പരിധിയിൽ പണമല്ലാത്ത ആനൂകൂല്യങ്ങൾ ഉൾപ്പെടുമെന്നും ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ലൈംഗിക ചുവയോടെ സംസാരിക്കുക, ശാരീരിക ബന്ധത്തിനു നിർബന്ധിക്കുക, സൽക്കാരമൊരുക്കുക, മുന്തിയ ക്ലബ്ബുകളിൽ അംഗത്വം നൽകുക, സൗജന്യങ്ങളും വിലകൂടിയ സമ്മാനങ്ങളും നൽകുക, അവധിക്കാല ചെലവു വഹിക്കുക, യാത്രാടിക്കറ്റുകൾ, ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലി ശരിയാക്കുക തുടങ്ങിയവ കൈക്കൂലിയുടെ പരിധിയിൽ വരുമെന്നാണു വിശദീകരണം. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി അനുസരിച്ചു ശമ്പളമല്ലാതെ വാങ്ങുന്ന ഏത് ആനുകൂല്യവും കൈക്കൂലിയുടെ പരിധിയിൽ വരും. കൈക്കൂലി എന്നാൽ, പണം മാത്രമല്ല. ഇക്കഴിഞ്ഞ ജൂലൈ 26 നാണ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്.

1988ലെ നിയമമാണു ഭേദഗതി ചെയ്തത്. അനുകൂല തീരുമാനങ്ങൾക്കു പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏഴുവർഷം വരെ തടവിനു നിയമത്തിൽ വ്യവസ്ഥയുണ്ട്.