Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് 400: ഉപരോധം ഒഴിവാക്കാൻ ഉപാധിയുമായി യുഎസ്

F16-aircraft എഫ് 16 യുദ്ധവിമാനം

ന്യൂഡൽഹി∙ റഷ്യയുമായി എസ് 400 മിസൈൽ കരാറിലേർപ്പെട്ടതിനുള്ള ഉപരോധത്തിൽ നിന്ന് ഒഴിവാക്കാൻ തങ്ങളുടെ എഫ് 16 യുദ്ധവിമാനങ്ങൾ വാങ്ങണമെന്ന ഉപാധി ഇന്ത്യക്കു മുന്നിൽ വച്ച് യുഎസ്. വിദേശ പങ്കാളിത്തത്തോടെ 114 യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതിയിൽ കണ്ണെറിഞ്ഞാണ് യുഎസ് നീക്കം. എന്നാൽ, പാക്കിസ്ഥാന്റെ കൈവശമുള്ള അതേ വിമാനം വാങ്ങാൻ താൽപര്യം കാട്ടാതെ ഒഴിഞ്ഞുനിൽക്കുകയാണ് ഇന്ത്യ.

റഷ്യയുമായി കരാറിലേർപ്പെടുന്നവർക്കെതിരായ ഉപരോധം എസ് 400 വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ യുഎസ് ചുമത്തിയേക്കുമെന്ന ആശങ്ക ശക്തമാണ്. ഉപരോധ കാര്യം ഇന്ത്യ ഉടനറിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പിന്റെ സ്വരത്തിൽ ഈയിടെ വ്യക്തമാക്കിയിരുന്നു.

വിദേശ കമ്പനിയുടെ പങ്കാളിത്തത്തോടെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി 114 യുദ്ധവിമാനങ്ങൾ നിർമിക്കാൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ഏപ്രിലിൽ രാജ്യാന്തര ടെൻഡർ ക്ഷണിച്ചിരുന്നു. 1.25 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ഒറ്റ, ഇരട്ട എൻജിൻ വിമാനങ്ങളാണു നിർമിക്കുക. യുഎസിന്റെ ബോയിങ്, എഫ് 16 നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ എന്നിവക്കു പുറമെ റഷ്യൻ കമ്പനികളും പദ്ധതി സ്വന്തമാക്കാൻ രംഗത്തുള്ള സാഹചര്യത്തിലാണ് യുഎസ് സമ്മർദം ശക്തമാക്കുന്നത്.

എന്നാൽ, യുഎസിന്റെ എഫ് 16 വിമാനങ്ങൾ മൂന്നു പതിറ്റാണ്ടായി പാക്ക് വ്യോമസേന ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതേ വിമാനം വാങ്ങുന്നതു ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് ഇന്ത്യ.