Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ ബോട്ട് മറിഞ്ഞു; ഒരു മരണം

മുംബൈ ∙ അറബിക്കടലിൽ കൂറ്റൻ ശിവാജി പ്രതിമ നിർമാണത്തിനു തുടക്കമിടുന്ന ചടങ്ങിനായി മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേരുമായി പോയ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. സിദ്ധേഷ് പവാർ (20) എന്നയാളാണു മരിച്ചത്.

മറ്റ് 24 പേരെയും രക്ഷിച്ചതായി തീരദേശ സേന അറിയിച്ചു. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഡി.െക. ജെയിൻ ഉൾപെടെയുള്ളവർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത് എന്നായിരുന്നു ആദ്യ റിപ്പോർ‍ട്ടുകൾ.  ഇക്കാര്യം പിന്നീട് സർക്കാർ നിഷേധിച്ചു. 

ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, പ്രതിമ നിർമാണ കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപെടുന്ന സംഘം വിവിധ ബോട്ടുകളിൽ പോകുമ്പോഴാണ് അപകടം. നിർമാണ കമ്മിറ്റി ചെയർമാന്റെ സംഘത്തിലായിരുന്നു പവാർ.