Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോരുന്ന ഗ്യാസുമായി ടാങ്കർ ഓടിയത് നൂറു കിലോമീറ്റർ

lpg-tanker-leak

പാലക്കാട് ∙ തിരക്കേറിയ ദേശീയപാതയിലൂടെ ചോരുന്ന പാചകവാതകവുമായി പാഞ്ഞ ടാങ്കർ ലോറിക്കു വിഐപി സുരക്ഷയുമായി പൊലീസും അഗ്നിരക്ഷാ സേനയും. ഓടിയത് ഒന്നോ രണ്ടോ കിലോമീറ്റർ ദൂരമല്ല, നൂറിലേറെ. 

തൃശൂർ, പാലക്കാട് ജില്ലകളിലെ പൊലീസും അഗ്നിരക്ഷാ സേനയും കൈകോർത്തു നടത്തിയ രക്ഷാപ്രവർത്തനത്തിൽ രക്ഷപ്പെട്ടത് നാടു മുഴുവനും. 

കൊച്ചിയിൽ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന പാചകവാതക ടാങ്കർ കൊടകര എത്തിയപ്പോഴാണ് ചോർച്ച കണ്ടത്. തുടർന്ന് പൊലീസ്, അഗ്നിരക്ഷാ സേനകളുടെ ഇടപെടലോടെ കഞ്ചിക്കോട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ പ്ലാന്റിൽ സുരക്ഷിതമായി എത്തിച്ച് വൻ അപകടാവസ്ഥ ഒഴിവാക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ചോർച്ചയുടെ തോതു കുറയ്ക്കുകയും ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലീസും ഫയർഫോഴ്സ് വാഹനവും അകമ്പടിപോവുകയായിരുന്നു. 

ദേശീയപാതയുടെ സമീപ സ്റ്റേഷനുകളിൽ പൊലീസ് ജാഗ്രതയോടെ നിലകൊണ്ടു. വടക്കഞ്ചേരി മുതൽ കഞ്ചിക്കോട് വരെ ഹൈവേ പൊലീസ് സുരക്ഷ ഒരുക്കി. ഇന്നലെ പുലർച്ചെ ഒന്നര മുതൽ അഞ്ചുവരെയായിരുന്നു നാടറിയാത്ത രക്ഷാപ്രവർത്തനം. പാചകവാതക ടാങ്കർ തൃശൂരിലെ കൊടകര എത്തിയപ്പോൾ ചില വഴിയാത്രക്കാരാണ് ചോർച്ച കണ്ടത്. അവർ ഉടൻ പൊലീസിനെ അറിയിച്ചു. തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ പി.വാഹിദ്, പീച്ചി എസ്ഐ എം.ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ടാങ്കർ പട്ടിക്കാട് പിടിച്ചിട്ടു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ടാങ്കറിൽ വാൽവിന്റെ ഭാഗത്തായിരുന്നു ചോർച്ച. 

ഭാരത് പെട്രോളിയം കോ‍ർപറേഷൻ അധികൃതരിൽ നിന്നു സാങ്കേതിക ഉപദേശം തേടിയെങ്കിലും ചോർച്ച പൂർണമായും പരിഹരിക്കാനായില്ല. അഗ്നിരക്ഷാസേന ചോർച്ചയുടെ തോതു കുറച്ചു. ടാങ്കർ കൂടുതൽ സമയം ഒരു പ്രദേശത്ത് നിർത്തിയിടുന്നത് അപകടകരമായതിനാൽ പ്ലാന്റിലേക്ക് മാറ്റാനായിരുന്നു നിർദേശം. ഗ്യാസ് മറ്റൊരു ടാങ്കറിലേക്കു മാറ്റാൻ എമർജൻസി റസ്ക്യൂ വെഹിക്കിൾ യൂണിറ്റിന്റെ സേവനം ലഭ്യമായില്ല. 

എന്നാൽ, ചോർച്ചയുടെ കാഠിന്യം കുറഞ്ഞതിനാൽ വാഹനം കൊണ്ടുപോകുന്നതിൽ കുഴപ്പമില്ലെന്ന് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെയാണ് പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും അകമ്പടിയോടെ ടാങ്കർ കഞ്ചിക്കോട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ പ്ലാന്റിൽ എത്തിച്ചത്.