Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭ: മൂന്നു പേരുടെയും പത്രിക സ്വീകരിച്ചു; ജോസ് കെ.മാണിക്കെതിരായ പരാതി തള്ളി

Elamaram-Kareem-Jose-K-Mani-Binoy-Viswam

തിരുവനന്തപുരം∙ രാജ്യസഭാ സ്ഥാനാർഥികളായ സിപിഎമ്മിലെ എളമരം കരീമും സിപിഐയിലെ ബിനോയ് വിശ്വവും കേരള കോൺഗ്രസിലെ (എം) ജോസ് കെ.മാണിയും സമർപ്പിച്ച പത്രിക സ്വീകരിച്ചു. ലോക്സഭാംഗമായിരിക്കെ ജോസ് കെ.മാണി രാജ്യസഭയിലേക്കു മൽസരിക്കുന്നത് ഇരട്ടപ്പദവി ചട്ടത്തിന്റെ ലംഘനമാണെന്നു കാട്ടി സുരേഷ് കുറുപ്പ് എംഎൽഎ നൽകിയ പരാതി വരണാധികാരിയായ നിയമസഭാ സെക്രട്ടറി തള്ളി.

പത്രിക പരിഗണിക്കവെ രണ്ടു പദവികൾ വഹിക്കുന്നില്ലെന്ന കാരണത്താലാണു പരാതി തള്ളിയത്. മൂന്നു സീറ്റുകളിലേക്കും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെയാണ്. എതിരാളികളില്ലാത്തതിനാൽ നാളെ വൈകിട്ടു മൂന്നിനു മൂവരെയും തിരഞ്ഞെടുത്തതായി വരണാധികാരിക്കു പ്രഖ്യാപിക്കാം. ഇതോടെ ജോസ് കെ.മാണിക്ക് ലോക്സഭാ എംപി സ്ഥാനം നഷ്ടപ്പെടും. ശേഷിക്കുന്ന കാലാവധി ഒരു വർഷത്തിൽ താഴെയായതിനാൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല.

സ്വത്ത് വിവരം

തിരുവനന്തപുരം∙ രാജ്യസഭാ സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചവർ സ്വത്തു വിവരം വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:

ജോസ് കെ.മാണി: ബാങ്കിലും ഓഹരിയിലും സ്വർണത്തിലുമായി നിക്ഷേപം 24 ലക്ഷം രൂപ. കൈവശം 18,000 രൂപ. ഭൂസ്വത്ത് 1.04 കോടി. ഭാര്യയുടെ പേരിൽ ബാങ്കിലും ഓഹരിയിലും 2.10 കോടി രൂപ. ഭൂസ്വത്തിന്റെ മൂല്യം 15.86 ലക്ഷം. കൈവശം 12,000 രൂപ. മക്കളുടെ കയ്യിൽ 1250 രൂപയും. മക്കളിൽ ഒരാൾക്ക് 10.48 ലക്ഷം രൂപയുടെ ഓഹരികളുണ്ട്. മക്കൾക്കുള്ളത് 3.45 ലക്ഷത്തിന്റെ സ്വർണം.

എളമരം കരീം: ശരിക്കുള്ള പേര് അബ്ദുൽ കരീം. ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന എളമരം കരീം എന്ന പേര് പത്രികയിൽ ഉൾപ്പെടുത്തണം. ആകെ 19.50 ലക്ഷം രൂപയുടെ നിക്ഷേപം. കൈവശം 4000 രൂപ. മലയാളം കമ്യൂണിക്കേഷനിലും എം.ദാസൻ മെമ്മോറിയൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ടിലും 10,000 രൂപയുടെ വീതം ഓഹരി. സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ മൂന്നു ലക്ഷത്തിന്റെ പ്രീമിയം അടച്ചിട്ടുണ്ട്. ഭാര്യയുടെ പേരിൽ സ്വർണം, ബാങ്ക് നിക്ഷേപം എന്നിവയടക്കം 12.66 ലക്ഷം രൂപയുടെ സ്വത്ത് . 67 ലക്ഷം വിലമതിക്കുന്ന ഭൂസ്വത്തും 15 ലക്ഷം വിലമതിക്കുന്ന വീടും ഭാര്യയുടെ പേരിലാണ്. കൈവശം 940 രൂപ. എൽഐസിയിൽ നാലുലക്ഷത്തിന്റെ പോളിസികളുമുണ്ട്. 7.25 ലക്ഷം വിലവരുന്ന മാരുതി ബ്രെസ കാർ ഭാര്യയുടെ പേരിലാണ്.

ബിനോയ് വിശ്വം: 3.53 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം. 5000 രൂപ കൈവശവുമുണ്ട്. ഭാര്യയുടെ കൈവശം 8000 രൂപയും 1.15 ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. വിവിധ ബാങ്കുകളിലായി ഭാര്യയ്ക്കുള്ള നിക്ഷേപം 35.51 ലക്ഷം. ഭാര്യയുടെ പേരിലുള്ള വീടിന്റെയും വസ്തുവിന്റെയും മൂല്യം 86 ലക്ഷം രൂപ.  

related stories