Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ഡിഗ്രി ഫലം വൈകുന്നു; വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala University

തിരുവനന്തപുരം∙ കേരള സർവകലാശാലാ ഡിഗ്രി പരീക്ഷകളുടെ ഫലപ്രഖ്യാപനം താളം തെറ്റിയതോടെ കേരളത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ പിജി കോഴ്സിനു ചേരാനാകാതെ വിദ്യാർഥികൾ പ്രതിസന്ധിയിൽ. ഒരു സെമസ്റ്ററിലെ പേപ്പറിനു തോൽക്കുകയോ മാർക്ക് കുറയുകയോ ചെയ്താൽ അടുത്ത സെമസ്റ്ററിനു ശേഷം അത് എഴുതാനുള്ള അവസരവും നഷ്ടമാകുന്നു. ഫലമെല്ലാം വന്നുകഴിയുമ്പോൾ അവസാന സെമസ്റ്ററിൽ എല്ലാ പേപ്പറും വീണ്ടും എഴുതേണ്ട ഗതികേടിലാണു വിദ്യാർഥികൾ.

പരീക്ഷാ നടത്തിപ്പു മുതൽ മൂല്യനിർണയം വരെ താളം തെറ്റിയിരിക്കുകയാണ്. മൂല്യനിർണയത്തിന്റെ കാര്യത്തിൽ അധ്യാപകരുമായുള്ള തർക്കമാണു പ്രധാന പ്രശ്നം. ആവശ്യത്തിന് അധ്യാപകരില്ല താനും. ഉത്തരക്കടലാസും മാർക്ക് ലിസ്റ്റും തപ്പി സർവകലാശാലാ മേധാവികൾ സെക്‌ഷൻ ഓഫിസുകൾ തോറും കയറിയിറങ്ങേണ്ട ഗതികേടാണ്. ഫലം വന്നാലും ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ അനിശ്ചിതമായി കാത്തിരിക്കേണ്ട ഗതികേടുമുണ്ട്.

നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചെങ്കിലും നൂറുകണക്കിനു വിദ്യാർഥികളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. മൂല്യനിർണയം ലാഘവത്തോടെ നടത്തിയതായി സർവകലാശാലാ ജീവനക്കാർക്കു തന്നെ ആക്ഷേപമുണ്ട്. മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയം തുടങ്ങിയതേയുള്ളൂ. ജൂൺ ആദ്യവാരം വരേണ്ട ഈ ഫലം അടുത്ത മാസം പോലും വരുമോയെന്ന് ആശങ്കയുണ്ട്. അപ്പോഴേക്കും മറ്റു സർവകലാശാലകളിലെ പിജി കോഴ്സുകളിലെ പ്രവേശനം കഴിയും.

ബിരുദം കഴിഞ്ഞ് എന്തെങ്കിലും ജോലിക്കു പോകണമെന്ന് ആഗ്രഹിക്കുന്നവർക്കും അതു നടപ്പില്ല. അതേസമയം, സ്വയംഭരണ കോളജുകൾ കൃത്യമായി ഫലം പ്രസിദ്ധീകരിക്കുന്നുണ്ട്. പതിവിനു വിരുദ്ധമായി മുഖ്യമന്ത്രി വിസിമാരുടെ യോഗം വിളിച്ചുചേർത്തു പരീക്ഷാ നടത്തിപ്പ് കാര്യക്ഷമമാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും കേരളയിൽ കാര്യമായ ചലനമൊന്നുമില്ല. സ്ഥിരം വിസിയോ, പിവിസിയോ, റജിസ്ട്രാറോ, ഫൈനാൻസ് ഓഫിസറോ കേരളയിലില്ല. എല്ലാം ഇൻചാർജ് ഭരണമാണ്.